kannur local

ദുരന്തനിവാരണം: കണ്ണൂരില്‍ യുവകര്‍മസേന രൂപീകരിക്കുന്നു

കണ്ണൂര്‍: പ്രകൃതിക്ഷോഭങ്ങളും അപകടങ്ങളും ഉണ്ടാവുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരന്തനിവാരണത്തിനും ഉതകുന്ന രീതിയില്‍ യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കി യുവകര്‍മസേനയെ വാര്‍ത്തെടുക്കാന്‍ ജില്ലാ പഞ്ചായത്ത് പദ്ധതി. യുവകര്‍മസേന രൂപീകരണത്തിന്റെ ആദ്യപടിയായി പഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍നിന്ന് അഞ്ചുവീതം യുവാക്കളെ വീതം തിരഞ്ഞെടുത്ത് ജില്ലാതലത്തില്‍ പരിശീലനം നല്‍കും. തുടര്‍ന്ന് പഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍ നൂറില്‍ കുറയാത്ത യുവജനങ്ങളെ പങ്കെടുപ്പിച്ചാണു സേന രൂപീകരിക്കുക.
ട്രോമ കെയര്‍, പ്രഥമ ശുശ്രൂഷ, പ്രകൃതി ദുരന്തങ്ങളില്‍ പെട്ടന്ന് ഇടപെടാനുള്ള പരിശീലനങ്ങള്‍ എന്നിവയാണ് നല്‍കുക. ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാവും പരിശീലനം. മുനിസിപ്പല്‍, പഞ്ചായത്ത് തലങ്ങളില്‍ യുവജനക്ഷേമ ബോര്‍ഡിന്റെ യൂത്ത് കോ-ഓഡിനേറ്റര്‍മാരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ജില്ലാതലത്തില്‍ തദ്ദേശഭരണ വകുപ്പ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി, ഫയര്‍ഫോഴ്‌സ്, ആരോഗ്യവകുപ്പ്, വനം വകുപ്പ്, യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ ലൈബറ്രി കൗണ്‍സില്‍, നെഹ്‌റു യുവകേന്ദ്ര, യൂത്ത് ക്ലബുകള്‍, വായനശാലകള്‍, യുവജന സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ എന്നിവയുടെ സഹായത്തോടെ പദ്ധതി നടപ്പാക്കാനാണ് ഉദേശിക്കുന്നത്.
അയല്‍ക്കൂട്ടങ്ങള്‍ വഴി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പ്രഥമശുശ്രൂഷയിലും മറ്റും പരിശീലനം നല്‍കും. ജില്ലയില്‍ മൂന്നു മേഖലകളിലാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുക. ഡിസംബറില്‍ ജില്ലാ തലത്തിലും ജനുവരിയില്‍ പഞ്ചായത്ത് തലത്തിലും പരിശീലനം പൂര്‍ത്തിയാക്കി ഫെബ്രുവരിയോടെ സേനയെ അണിനിരത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അറിയിച്ചു.
Next Story

RELATED STORIES

Share it