ദുരന്തദിവസം പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എതിര്‍ത്തിരുന്നു: ഡിജിപി

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ടപകടം നടന്ന ദിവസം സംഭവസ്ഥലം സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ എതിര്‍ത്തിരുന്നതായി പോലിസ് മേധാവി ടി പി സെന്‍കുമാര്‍. പ്രധാനമന്ത്രിക്കും രാഹുല്‍ഗാന്ധിക്കും സുരക്ഷയൊരുക്കാന്‍ പോലിസ് നിര്‍ബന്ധിതമായെന്ന് ഒരു ദേശീയ ദിനപത്രത്തോട് ഡിജിപി വെളിപ്പെടുത്തി.
രക്ഷാപ്രവര്‍ത്തനം കണക്കിലെടുത്ത് പ്രധാനമന്ത്രി തിങ്കളാഴ്ച അപകടസ്ഥലം സന്ദര്‍ശിക്കുന്നതാണ് ഉചിതമെന്ന് അറിയിക്കുകയുണ്ടായി. പക്ഷേ, അന്നുതന്നെ വരണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. ഇതോടെ സുരക്ഷയൊരുക്കാന്‍ പോലിസ് നിര്‍ബന്ധിതരായി. സാധാരണഗതിയില്‍ പ്രധാനമന്ത്രി വരുമ്പോള്‍ അതത് വകുപ്പ് സെക്രട്ടറിമാര്‍ വഴി സര്‍ക്കാരിനെ അറിയിക്കുകയാണു പതിവ്. എന്നാല്‍, അന്നത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയെ പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നു വിളിക്കുകയും അവിടെനിന്ന് തന്നെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് എസ്പിജി വിളിച്ചപ്പോഴാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ താന്‍ എതിര്‍ത്തത്.
അതേസമയം, പരവൂരില്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ എത്തിയത് ജനങ്ങള്‍ക്ക് ആശ്വാസമായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡിജിപിയുടെ പരാമര്‍ശം വളച്ചൊടിക്കേണ്ടതില്ല. പ്രധാനമന്ത്രി എത്തിയപ്പോള്‍ ഉണ്ടായ സുരക്ഷാപ്രശ്‌നങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
Next Story

RELATED STORIES

Share it