ദുരന്തത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള സംഘപരിവാര ശ്രമം പാളി

തിരുവനന്തപുരം: മനുഷ്യ മനസാക്ഷി വിറങ്ങലിച്ചുപോയ പരവൂരിലെ വെടിക്കെട്ട് ദുരന്തത്തെ വര്‍ഗീയവല്‍ക്കരിച്ച് മുതലെടുപ്പു നടത്താനുള്ള സംഘപരിവാര ശ്രമം പാളി. രാജ്യത്തെ നടുക്കിയ ദുരന്തത്തിനു പിന്നില്‍ മുസ്‌ലിംകളും സിപിഎമ്മുകാരുമെന്ന സോഷ്യല്‍ മീഡിയകളിലൂടെ പ്രചാരണം നടത്തി വര്‍ഗീയവികാരം ഇളക്കിവിടാനാണു ശ്രമമുണ്ടായത്.
വെടിക്കെട്ട് അപകടമല്ലെന്നും വന്‍ ബോംബ് സ്‌ഫോടനമാണു നടന്നതെന്നും സംഘപരിവാര അനുകൂലികളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിലും ട്വിറ്റര്‍ അക്കൗണ്ടുകളിലും പ്രചാരണമുണ്ടായി. ഓം ഹിന്ദു ക്രാന്തി ആര്‍എസ്എസ് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വ്യാജപ്രചാരണം നടന്നത്. കൊല്ലത്ത് സിപിഎം, മുസ്‌ലിം ത്രീവവാദികള്‍ വന്‍ സ്‌ഫോടനം നടത്തിയതായും നിരപരാധികളായ നൂറുകണക്കിന് ഹിന്ദുഭക്തര്‍ മരിക്കുകയും ആയിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഈ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചത്. ദിവസങ്ങള്‍ക്കു മുമ്പ് സിപിഎമ്മുകാരനായ മുസ്‌ലിം പടക്കനിര്‍മാതാവ് കണ്ണൂരില്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായെന്നും ഇയാളാണ് സിപിഎമ്മുകാര്‍ക്ക് ബോംബ് വിതരണം ചെയ്തതെന്നും പ്രചരിപ്പിച്ചു.
സംഘപരിവാര നീക്കത്തിനെതിരേ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. മലയാളികളുടെ ഐക്യം തകര്‍ക്കാന്‍ കഴിയില്ലെന്നും കുപ്രചാരണം നടത്തരുതെന്നും ഉള്‍പ്പെടെയുള്ള മറുപടിയുമായി സംഘപരിവാരത്തെ പൊളിച്ചടുക്കി നിരവധി മലയാളികളും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെ, ഓം ഹിന്ദു ക്രാന്തി ആര്‍എസ്എസ് എന്ന പ്രൊഫൈല്‍ ഇന്നലെ സൃഷ്ടിച്ചതാണെന്ന വാദവും സോഷ്യല്‍ മീഡിയ പൊളിച്ചടുക്കി. കലാപത്തിനു കോപ്പുകൂട്ടിയ ആര്‍എസ്എസുകാര്‍ക്കെതിരേ കേസെടുക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it