wayanad local

ദുരന്തത്തിന്റെ നേര്‍സാക്ഷ്യമായി ഒരു ആദിവാസി കുടുംബം കൂടി

മാനന്തവാടി: മദ്യപാനം മൂലം ദുരന്തങ്ങള്‍ തുടര്‍ക്കഥയാവുകയാണ് ആദിവാസി കോളനികളില്‍. ഇതിന്റെ നേര്‍സാക്ഷ്യമാണ് ഓമനയും ഏഴു കുട്ടികളും. പനമരം പഞ്ചായത്തിലെ അഞ്ചുകുന്ന്, കാപ്പുകുന്ന് വേണാരം കോളനിയിലെ ഓമന ഭര്‍ത്താവും മകനും നഷ്ടപ്പെട്ട് പറക്കമുറ്റാത്ത ഏഴു മക്കളുമായി അനാഥത്വത്തിലാണ്. രണ്ടു വര്‍ഷം മുമ്പാണ് ഓമനയുടെ ഭര്‍ത്താവ് കുളിയന്‍ (48) മകന്റെ അടിയേറ്റ് മരിച്ചത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന പിതാവിന്റെ മര്‍ദ്ദനം സഹിക്കാതെ 16കാരന്‍ കൈയില്‍ കിട്ടിയ മരത്തടികൊണ്ട് അച്ഛന്റെ തലയക്കടിക്കുകയായിരുന്നു. ആറു മാസത്തോളം ജുവനൈല്‍ ഹോമില്‍ ശിക്ഷയനുഭവിച്ച് പുറത്തിറങ്ങിയ 18 തികയാത്ത മകന്‍ ഇപ്പോള്‍ സ്ഥിരം മദ്യപാനിയാണ്.
അനുജന്‍ ഗോപാലന്‍ (16) വ്യാഴാഴ്ച രാത്രിയില്‍ മദ്യപിച്ചെത്തി വീടിന്റെ ജനലില്‍ കെട്ടിത്തൂങ്ങി മരിച്ചു. രാത്രിയില്‍ കെട്ടിത്തൂങ്ങുന്നതു ശ്രദ്ധയില്‍പ്പെട്ട ജ്യേഷ്ഠന്‍ ഒരു തവണ കെട്ടഴിച്ചു വിട്ടു. എന്നാല്‍, വെള്ളിയാഴ്ച രാവിലെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. അച്ഛന്റെ മരണശേഷം ഗോപാലനായിരുന്നു അമ്മ ഓമനയെയും സഹോദരങ്ങളെയും സംരക്ഷിച്ചുവന്നത്. ആറു പേരും 12 വയസ്സില്‍ താഴെയുള്ളവരാണ്. ദൈനംദിന ചെലവിനായി പണം കണ്ടെത്താനാവാതെ നിസ്സഹായയാണ് ബന്ധുക്കള്‍ പോലുമില്ലാത്ത ഓമന.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിട്ടുകിട്ടിയ മൃതദേഹം ഇന്നലെ വൈകീട്ട് ആറോടെയാണ് സംസ്‌കരിച്ചത്. എട്ടോളം കുടുംബങ്ങള്‍ താമസിക്കുന്ന ഈ കോളനിയില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത വേരന്‍ (25), തൂങ്ങിമരിച്ച ചക്കിലന്‍ (45), ബാബു (34), അമിത മദ്യപാനത്തെ തുടര്‍ന്ന് മരിച്ച വെള്ളി (42), മകന്റെ ആക്രമണത്തില്‍ മരിച്ച കുളിയന്‍ (46), കുടകില്‍ ആത്മഹത്യ ചെയ്ത വില്ലന്‍ (30), അകാലത്തില്‍ മരിച്ച കുങ്കന്‍ (43), അമിത മദ്യപാനത്തെ തുടര്‍ന്ന് മരിച്ച പക്രന്‍ (45) എന്നിങ്ങനെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ എട്ടു മരണങ്ങളാണ് നടന്നത്. 40 വയസ്സിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരൊന്നും തന്നെ കോളനിയിലില്ല. മരണം നടന്നാല്‍ ശേഷക്രിയകള്‍ നടത്താന്‍ തൊട്ടടുത്ത കോളനിയില്‍ നിന്നു കൂലി നല്‍കി മൂപ്പന്മാരെ വരുത്തുകയാണ് പതിവ്. 90 സെന്റ് ഭൂമിയിലാണ് എട്ടു കുടുംബങ്ങളുള്ളത്.
പുരുഷന്മാര്‍ ജോലിക്ക് പോയാല്‍ വൈകുന്നേരങ്ങളില്‍ മദ്യവുമായി കോളനിയിലെത്തി വഴക്കുണ്ടാക്കുക പതിവാണ്. കോളനിയിലെ സ്ത്രീകള്‍ പോലും പനമരം ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം വാങ്ങി കോളനിയിലെത്തി സ്ഥിരമായി മദ്യപിക്കുകയും ചെറിയ കുട്ടികള്‍ക്കു പോലും നല്‍കുകയും ചെയ്യുന്നതായി കോളനിവാസി മീനാക്ഷി പറയുന്നു. 30ഓളം കുട്ടികളുള്ള കോളനിയില്‍ ഏഴാം ക്ലാസിനപ്പുറം വിദ്യാഭ്യാസമുള്ളവരായി ആരുമില്ല. അധ്യയന വര്‍ഷാരംഭത്തില്‍ സ്‌കൂളില്‍ പോവുന്നതൊഴിച്ചാല്‍ സ്ഥിരമായി വിദ്യാലയത്തില്‍ പോവുന്ന രീതി കോളനിയിലില്ല.
Next Story

RELATED STORIES

Share it