malappuram local

ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകളുമായി രക്ഷാപ്രവര്‍ത്തകര്‍

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: ഓഖി ചുഴലിക്കാറ്റ് വിതച്ചിട്ടുപോയ നാശനഷ്ടങ്ങ ള്‍ ഇനിയും എണ്ണി തിട്ടപ്പെടുത്തി കഴിഞ്ഞിട്ടില്ല. ജീവന്റെയും ജീവിതത്തിന്റെയും തുടിപ്പുകള്‍ സഹായഹസ്തങ്ങള്‍ കാത്ത് എവിടെയൊക്കെയോ ഉണ്ടെന്ന് പതിനാല് ദിവസങ്ങള്‍ പിന്നിട്ടിട്ടും നമ്മള്‍ വിശ്വസിക്കുകയാണ്. ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേവല്‍ ഡിപ്പാര്‍ട്ട്‌മെന്റിനൊപ്പം കോസ്റ്റല്‍ ഗാര്‍ഡും കേരളാ പോലിസും മല്‍സ്യത്തൊഴിലാളികളും ഒരേ പോലെ പങ്കാളിത്തം വഹിച്ചുവരുന്നു. ദുരന്ത വ്യാപ്തി താരതമ്യേന കുറവുള്ള മലപ്പുറം കോഴിക്കോട് ജില്ലകളിലെ  തീരദേശങ്ങളില്‍ മൃതദേഹങ്ങള്‍ക്കുള്ള തിരച്ചിലില്‍ പങ്കാളിയായ ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ വിചിത്രന്‍, രക്ഷാപ്രവര്‍ത്തനങ്ങളെ തന്റെ അനുഭവത്തില്‍ വിവരിക്കുന്നതിങ്ങനെ; ''ഓഖി സംഭവിച്ച്   നാലാം ദിവസമാണ് കടലില്‍ രക്ഷാപ്രവര്‍ത്തനത്തിനറങ്ങിയത്.  മനസ്സ് മരവിച്ച കാഴ്ച്ചകളാണ്  ഈ ദിവസങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. തീരത്തുനിന്നും ഇരുപതും മുപ്പതും നോട്ടിക്കല്‍ മൈല്‍ അകലെ മൃതശരീരങ്ങള്‍ ഒഴുകി നടക്കുന്നുണ്ടെന്ന് മല്‍സ്യ ത്തൊഴിലാളികള്‍ പറഞ്ഞതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച്ചയാണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും കോസ്റ്റല്‍ പോലിസും കോസ്റ്റ് ഗാര്‍ഡും തിരച്ചിലിനിറങ്ങിയത്.  രാവിലെ തുടങ്ങിയ തിരച്ചില്‍ സന്ധ്യയ്ക്ക് ഏറെ വൈകിയാണ് അവസാനിപ്പിച്ചത്.  അഴുകി, ഏറ്റവും വികൃതമായ, തിരിച്ചറിയാന്‍ സാധിക്കാത്ത മൃതശരീരങ്ങളാണ്  കടലില്‍ നിന്നും തിരച്ചിലില്‍ കണ്ടെടുക്കാനായത്. കൈവിരലുകളും തലച്ചോറും തുടങ്ങി ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ നഷ്ടപ്പെട്ട നിലയില്‍ ദ്രവിച്ച രൂപങ്ങളായിരുന്നു എല്ലാം. ആദ്യ കാഴ്ച്ച  പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കിയെങ്കിലും ഡ്യൂട്ടിയുടെ ഭാഗമായി അതെല്ലാം കടലില്‍ നിന്നും കരയിലെത്തിച്ചു. പന്ത്രണ്ടും പതിമൂന്നും ദിവസം പഴക്കമുള്ള, ഉപ്പുവെള്ളത്തില്‍ കിടന്ന മൃതദേഹങ്ങളെല്ലാം കാഴ്ച്ചയില്‍ ഒരേപോലെയായിരുന്നു. എല്ലാ മൃതദേഹങ്ങളും മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച്ച മാത്രം എട്ട് മൃതദേഹങ്ങളാണ് ബേപ്പൂരില്‍ കണ്ടെടുക്കാന്‍ സാധിച്ചത്. പൊന്നാനിയില്‍ ഒന്നും.  ബുധനാഴ്ച്ച  ഇരുപത് നോട്ടിക്കല്‍ മൈല്‍ അകലെ ഒന്‍പത് മൃതദേഹങ്ങളാണ്  കണ്ടെടുത്തത്.  മൂന്ന് ദിവസം കൊണ്ട് 19 മൃതദേഹങ്ങളാണ് കോഴിക്കോട് നിന്നും മാത്രം കണ്ടെടുത്തത്. പൊന്നാനിയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങളും ലഭിച്ചു.  മൃതദേഹങ്ങളുടെ വിശദാംശങ്ങള്‍ തിരുവനന്തപുരത്തും തമിഴ്‌നാട്ടിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് അവിടെനിന്നും ചിലരുടെയെല്ലാം ബന്ധുക്കള്‍ കോഴിക്കോടും പൊന്നാനിയിലും എത്തിച്ചേര്‍ന്നിട്ടുണ്ട്. പക്ഷെ, ആര്‍ക്കും ആരുടെയും മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it