ദുരന്തങ്ങള്‍ നമ്മോട് പറയുന്നു; ഇരകളാണ് കുറ്റക്കാര്‍ ?

ആബിദ്

കോഴിക്കോട്: മൂന്നു പേരുടെ മരണത്തിനിടയാക്കിയ മാന്‍ഹോള്‍ ദുരന്തത്തിന് കാരണം കരാറുകാരുടെ അനാസ്ഥയും അശ്രദ്ധയുമാണെന്ന് ഏറെക്കുറെ വ്യക്തം. ആവശ്യമായ ഒരു സുരക്ഷാക്രമീകരണങ്ങളും പാലിക്കാതെയാണ് ഇവിടെ പണി നടത്തിയത്. എന്നാല്‍, ഇത്തരം ജോലികളില്‍ ബന്ധപ്പെട്ടവരാരും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാറില്ലെന്ന് നഗരത്തിലെയും പരിസരങ്ങളിലെയും ജോലികള്‍ക്ക് ദൃക്‌സാക്ഷികളാവുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.
വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി, പിഡബ്ല്യൂഡി, കെഎസ്‌യുഡിപി, ബിഎസ്എന്‍എല്‍, റിലയന്‍സ് തുടങ്ങിയവയും കേബിള്‍ ജോലികളെടുക്കുന്നവരും ജപ്പാന്‍ കുടിവെള്ള പദ്ധതി കരാറുകാരും സുരക്ഷാ മാനദണ്ഡങ്ങള്‍ ഒരുക്കാതെയാണ് ജോലിചെയ്യിക്കാറുള്ളത്. കേബ്ള്‍ വലിക്കുന്നതിനും വാട്ടര്‍ അതോറിറ്റിക്കും വേണ്ടി തുറന്നിട്ട കുഴികള്‍ മാസങ്ങളോളം മൂടാതെ കിടക്കുന്നത് നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും പതിവു കാഴ്ചയാണ്. ഇത്തരം കുഴികളില്‍ വീണ് നിരവധി പേരാണ് അപകടത്തില്‍പ്പെട്ടിട്ടുള്ളത്.
ഓക്‌സിജന്‍ മാസ്‌ക്, ഗംബൂട്ട്, സുരക്ഷാ ബെല്‍റ്റ്, ഹെല്‍മെറ്റ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളെല്ലാം ഫയര്‍ ഫോഴ്‌സിന് മാത്രം മതിയെന്ന ധാരണയാണ് പൊതുവെ ഉള്ളത്. ജോലിചെയ്യുന്നവരോ ചെയ്യിക്കുന്നവരോ ഇത്തരം ഉപകരണങ്ങള്‍ സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ ചെയ്യാറില്ല. ഇതിന്റെ പരിണിത ഫലമാണ് കഴിഞ്ഞ ദിവസത്തെ ദുരന്തം. കരാറുകാര്‍ ജോലിചെയ്യുമ്പോള്‍ തങ്ങളെ അറിയിച്ചില്ലെന്നാണ് വാട്ടര്‍ അതോറിറ്റിയുടെയും കെഎസ്‌യുഡിപിയുടെയും വാദം. എന്നാല്‍, കെഎസ്‌യുഡിപി അധികൃതരെ വിവരം അറിയിച്ചിരുന്നുവെന്നാണ് ശ്രീരാം ഉദ്യോഗസ്ഥനായ ശെല്‍വകുമാര്‍ പറയുന്നത്.
നഗരത്തിലെ അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിനുള്ള സ്വീവേജ് പദ്ധതി ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീരാം ഇപിസി കമ്പനി ഏറ്റെടുത്തിട്ട് നാല് വര്‍ഷം കഴിഞ്ഞു. കെഎസ്‌യുഡിപി (കേരള സസ്‌സ്റ്റൈനബിള്‍ അര്‍ബന്‍ ഡവലപ്‌മെന്റ് പ്രൊജക്റ്റ്)യെയാണ് കോര്‍പറേഷനും സര്‍ക്കാരും ഇത് ഏല്‍പിച്ചത്. അവരത് ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീരാം ഇപിസി കമ്പനിക്കു കരാര്‍ നല്‍കുകയായിരുന്നു. അവര്‍ അശ്രദ്ധയോടുകൂടി കാര്യങ്ങള്‍ കൈകാര്യം ചെയ്തതാണ് അപകടത്തിനിടയാക്കിയത്.
2011ല്‍ രണ്ടു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയിലാണ് ഇവരെ ജോലി ഏല്‍പിച്ചതെങ്കിലും നാലു വര്‍ഷമായിട്ടും 20ശതമാനം പണിപോലും പൂര്‍ത്തിയാക്കാനായിട്ടില്ല. പെട്ടെന്നു പണി തീര്‍ക്കണമെന്ന് ഇവര്‍ക്കു പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്പനി തയ്യാറായില്ലെന്ന് അധികൃതര്‍ പറയുന്നു. കാലമേറെ കഴിഞ്ഞിട്ടും നാടുനീളെ എടുത്ത കുഴികള്‍ നല്ലവണ്ണം മൂടാനുള്ള മര്യാദപോലും കമ്പനി കാണിച്ചിട്ടില്ല. സഭാസ്‌കൂള്‍ റോഡുള്‍ഉള്‍പ്പെടെയുള്ളവ പൊട്ടിപ്പൊളിഞ്ഞ് കിടക്കാനുള്ള കാരണവും ഇവരുടെ അനാസ്ഥയാണ്. എന്നിട്ടും ഇതുവരെ കമ്പനിക്കെതിരേ ചെറുവിരലനക്കാന്‍പോലും അധികൃതര്‍ തയ്യാറായിട്ടില്ല.
സ്റ്റേഡിയത്തിനടുത്തുള്ള തിരക്കേറിയ പാതയില്‍ സഭാസ്‌കൂള്‍ റോഡരികിലായി എട്ട് അടിയോളം താഴ്ചയിലായി കുഴിയെടുത്തിട്ട് ദിവസങ്ങളായി. ചെറിയ പ്ലാസ്റ്റിക് നാടകൊണ്ട് ചുറ്റിലും കെട്ടിയിടുകയല്ലാതെ മറ്റൊരു സുരക്ഷാക്രമീകരണങ്ങളും ഇവിടെ ചെയ്തിട്ടില്ല. ഒരാള്‍ക്ക് കഷ്ടിച്ച് നടക്കാന്‍ മാത്രം പറ്റുന്ന വഴിയിലൂടെ ബൈക്ക് യാത്രികര്‍ അതി സാഹസികമായാണ് കടന്നുപോവുന്നത് .
Next Story

RELATED STORIES

Share it