thiruvananthapuram local

ദുരന്തങ്ങള്‍ തുടരുന്നു: തീരവാസികള്‍ ആശങ്കയില്‍

എം  എം  അന്‍സാര്‍
കഴക്കൂട്ടം: ചെറിയ ഇടവേളക്ക് ശേഷം പെരുമാതുറ മുതലപൊഴിതുറമുഖത്ത് വീണ്ടും രണ്ട് ജീവനുകള്‍ കടലെടുത്തതോടെ പ്രദേശത്ത് വീണ്ടും ആശങ്ക. ഹാര്‍ബര്‍ നിര്‍മാണം തുടങ്ങി നിര്‍മാണത്തിന്റെ അശാസ്ത്രീയത മൂലം ഇതുവരെ ഈ തുറമുഖം വിഴുങ്ങിയത് 20ഓളം വിലപ്പെട്ട ജീവനുകളാണ്. ഇനിയൊരു ജീവന്‍  കടലെടുക്കരുതേ എന്ന ഈ തീരത്തെ ജനങ്ങളുടെ വിലാപങ്ങള്‍ക്ക് വീണ്ടും ഫലമില്ലാതാവുകയാണ്. മുതലപ്പൊഴി മല്‍സ്യബന്ധന തുറമുഖ നിര്‍മാണം തുടങ്ങിയിട്ട് വര്‍ഷം 15 പിന്നിടുകയാണ്. തുറമുഖ നിര്‍മാണം തുടങ്ങിയത് മുതല്‍ നിരവധി തവണ അശാസ്ത്രീയത കണ്ടെത്തി നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.
ലക്ഷങ്ങള്‍ ചിലവഴിച്ച് വിവിധ പഠനങ്ങള്‍ നടത്തി വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടും അപകടങ്ങള്‍ പതിവാകുകയാണ്. മല്‍സ്യബന്ധന തുറമുഖമാകുമ്പോള്‍ ഏത് പ്രതികൂല കാലാവസ്ഥയിലും മല്‍സ്യതൊഴിലാളികള്‍ക്ക് മല്‍സ്യ ബന്ധനത്തിന് പോകാന്‍ കഴിയുന്ന രീതിയായിരിക്കണം. എന്നാല്‍ മുതലപ്പൊഴി ഹാര്‍ബറാകട്ടെ വര്‍ഷത്തില്‍ സുരക്ഷിതമായി പോകാന്‍ കഴിയുന്നത് മൂന്നോ നാലോ മാസം മാത്രമാണ്.
ബാക്കിയുള്ള മാസങ്ങളിലൊക്കെ അഴിമുഖത്ത് തിരയടി ശക്തമാണ്. തിര അടങ്ങിയാല്‍ മല്‍സ്യതൊഴിലാളികള്‍ ഇത് വഴി കടലിലേക്ക് കടക്കുകയും തിരിച്ച് വരുകയും ചെയ്യും. കടുത്ത വെല്ലുവിളികളെ അതിജീവിച്ച് കൊണ്ടാണ് മല്‍സ്യതൊഴിലാളികള്‍ ഇതിന് തയ്യാറാകുന്നത്. 20ല്‍ പരം അപകടമരണങ്ങള്‍ ഇവിടെ സംഭവിച്ചപ്പോള്‍ മാരകമായതും അല്ലാത്തതുമായ പരിക്കുകളോടെ രക്ഷപ്പെട്ടവര്‍ നുറുകണക്കിനാണ്. പലരും ഇന്നും ജീവച്ഛവമായി ജീവിക്കുന്നു. 18 കോടി ചിലവില്‍ തുടക്കം കുറിച്ച ഹാര്‍ബര്‍ നിര്‍മാണം ഇന്ന് 50 കോടി കവിഞ്ഞിരിക്കുകയാണ്.
എന്നിട്ടും മനുഷ്യ ജീവനുകള്‍ക്ക് ഒരു സുരക്ഷയുമില്ല. തുറമുഖത്തെ ആഴക്കുറവും പുലിമുട്ട് നിര്‍മാണത്തിനിടെ അഴിമുഖത്ത് പെട്ട കൂറ്റന്‍ പാറകളുമാണ് നിരന്തമായുള്ള തിരയടിക്ക് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. ആഴക്കുറവ് പരിഹരിക്കുന്നതിന് നിരവധി തവണ ഹാര്‍ബര്‍ അതോറിറ്റി വിവിധ ഏജന്‍സികളെ കൊണ്ട് മണല്‍ മാറ്റുന്നതിന് ശ്രമം നടത്തിയെങ്കിലും എല്ലാം പരാജയമായിരുന്നു. അവസാനം മുതലപ്പൊഴിതീരത്ത് അദാനിക്ക് പോര്‍ട്ട് നിര്‍മിക്കുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് തന്നെ തുറമുത്തിന്റെ ആഴംകൂട്ടാമെന്നുള്ള കരാറിലാണ്. അദാനിപോര്‍ട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും അഴിമുഖത്തെ ട്രഡ്ജിങ് തുടങ്ങിയിട്ടില്ല.
Next Story

RELATED STORIES

Share it