Readers edit

ദുരന്തങ്ങള്‍ ഒരു മുന്നറിയിപ്പ്

ദുരന്തങ്ങള്‍  ഒരു മുന്നറിയിപ്പ്
X
slug-enikku-thonnunnathuടി ദസ്തഖീര്‍ പാലക്കാഴി, ജിദ്ദ

ഓരോ മതവിഭാഗത്തില്‍പ്പെട്ടവരും ഉല്‍സവങ്ങള്‍ നടത്തുക പതിവാണ്. അവയില്‍ ചിലത് എല്ലാവരും ചേര്‍ന്ന് സാംസ്‌കാരികമായി ആഘോഷിക്കാറുണ്ട്. എന്നാല്‍, ഇവയില്‍ ആനകളെ അണിനിരത്തി ആഘോഷങ്ങള്‍ നടത്തുന്നത് അറിഞ്ഞുകൊണ്ടുതന്നെ വിളിച്ചുവരുത്തുന്ന അപകടമാണ്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ മൃഗസ്‌നേഹികളും കോടതികളും പലതവണ ശ്രമിച്ചിട്ടുണ്ടെങ്കിലും ഭൂരിപക്ഷം ആളുകളുടെ എതിര്‍പ്പുമൂലം നടപ്പാവാതെ പോവാറാണു പതിവ്. പല ആഘോഷങ്ങള്‍ക്കിടയിലും ആനകള്‍ ഇടഞ്ഞ് പലര്‍ക്കും ജീവഹാനി സംഭവിക്കുകയും വസ്തുവകകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തിട്ടും പൊതുജനങ്ങളും സര്‍ക്കാരുകളും അതില്‍നിന്നു പിന്തിരിയുന്നില്ല എന്നത് പ്രബുദ്ധരായ ജനസമൂഹമെന്ന് അവകാശപ്പെടുന്നവരുടെ മുന്നില്‍ ഒരു അദ്ഭുതമായി അവശേഷിക്കുന്നു. അതുപോലെത്തന്നെ അപകടകരമായ വെടിക്കെട്ടുകള്‍ നിയന്ത്രിക്കാനും അതുവഴി ജീവഹാനി ഒഴിവാക്കാനും വേണ്ടി ജനങ്ങള്‍ മുന്നോട്ടുവരുന്നില്ലെന്നതും അദ്ഭുതകരമാണ്.
പല സ്ഥലത്തും പടക്കനിര്‍മാണശാലകള്‍ക്ക് തീ പിടിച്ചും വെടിക്കെട്ട് ദുരന്തംമൂലവും ആളപായം ഉണ്ടായിട്ടും അതില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ ആരും തയ്യാറാവാത്തതാണ് കൊല്ലം പരവൂരില്‍ ദുരന്തം സംഭവിക്കാനുള്ള കാരണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലരീതിയിലുള്ള കരിമരുന്നുപ്രയോഗങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍, ആളപായം ഉണ്ടാവുന്നതരത്തിലേക്ക് അതു മാറാറില്ല. കാരണം, അത് വളരെയധികം സുരക്ഷാക്രമീകരണങ്ങളോടെ നടത്തുന്നതിനാലാണ്. ഇച്ഛാശക്തിയുള്ള ഉദ്യോഗസ്ഥര്‍, വെടിക്കെട്ടുകള്‍ നടത്തുന്നതിന് അനുമതി നല്‍കുന്നതിന് അനുകൂലമല്ലെന്നിരിക്കെ, ജനസമ്പര്‍ക്കമുള്ള പ്രദേശങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കുന്നതിനും വെടിക്കെട്ടുകള്‍ നടത്തുന്നതിനും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് അനുമതി കൊടുക്കുക വഴി, മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല.
ഈ സന്ദര്‍ഭത്തില്‍ ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ പല മനുഷ്യസ്‌നേഹികളും മുന്നോട്ടുവന്നത് ശ്ലാഘനീയമാണ്. എന്നാല്‍, ഇത്തരം സാഹചര്യങ്ങള്‍ ചിലര്‍ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗപ്പെടുത്തുന്നത് പരേതരോടുള്ള ക്രൂരതയാണെന്നു പറയാതിരിക്കാനാവില്ല. ആരു മരണപ്പെട്ടാലും അത് പാര്‍ട്ടി വളര്‍ത്താന്‍ ഉപയോഗിക്കുകയെന്നത് ഒരു പാര്‍ട്ടിക്കും ഭൂഷണമല്ല. ദുരന്തത്തില്‍പ്പെട്ടവരെ ഒരുമിച്ചുനിന്ന് സഹായിക്കുകയെന്നതാണ് എല്ലാവരുടെയും കടമ. മറ്റൊരു പ്രധാനപ്പെട്ട കാര്യം, അപകടങ്ങള്‍ ഒഴിവാക്കാന്‍ ആഘോഷങ്ങളുടെ രീതിയില്‍ മാറ്റം വരുത്താനുള്ള കാലം അതിക്രമിച്ചിരിക്കുന്നു എന്നതാണ്. ഇത്തരം ആഘോഷങ്ങള്‍ക്ക് വലിയൊരു തുകയാണ് ചെലവഴിക്കുന്നത്. അത് കൂടുതലും ഉപയോഗിക്കുന്നത് വെടിക്കെട്ടുകളുടെ വിസ്മയക്കാഴ്ച ഒരുക്കുന്നതിനാണ്. ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനും വിസ്മയകരമായ വെടിക്കെട്ടുകള്‍ നടത്തുന്നതിനുമുള്ള തുക സ്വരുക്കൂട്ടുന്നത് ബഹുജനപങ്കാളിത്തത്തോടെ ആണെന്നിരിക്കെ വെടിക്കെട്ടിന്റെ ചെലവുചുരുക്കി അതില്‍നിന്ന് ഒരുഭാഗം ദരിദ്രരെ സഹായിക്കാന്‍ ഉപയോഗപ്പെടുത്തിയാല്‍ അതൊരു മാതൃകാപരമായ മാറ്റമായിരിക്കും.
അതുപോലെ മൃഗങ്ങളെ ഒഴിവാക്കിയും വിജനപ്രദേശങ്ങളില്‍ മാത്രം കരിമരുന്ന് ഉപയോഗിച്ചുള്ള സാധനങ്ങള്‍ നിര്‍മിച്ചും അത്തരം സ്ഥലങ്ങളില്‍ മാത്രം അതു പ്രയോഗിച്ചും ആഘോഷങ്ങള്‍ നടത്തട്ടെ. അതല്ലാതെ ജനസമ്പര്‍ക്കമുള്ള പ്രദേശങ്ങളില്‍ ഇവ പ്രയോഗിച്ച് ഒരുകൂട്ടം ആളുകളെ മരണത്തിലേക്ക് തള്ളിവിട്ട് മറ്റുള്ളവര്‍ക്ക് വിസ്മയക്കാഴ്ച ഒരുക്കണോ? ആഘോഷങ്ങളേക്കാള്‍ ദുരന്തം ഉണ്ടാവാതിരിക്കാനല്ലേ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്. ഈ വിഷയത്തില്‍ കോടതികളുടെ അതിശക്തമായ ഇടപെടല്‍ ഉടനടി ഉണ്ടാവേണ്ടിയിരിക്കുന്നു. അതല്ലാതെ ഇനിയൊരു ദുരന്തംകൂടിയുണ്ടാവാന്‍ കാത്തിരിക്കുന്നത് മൗഢ്യമാണ്.
Next Story

RELATED STORIES

Share it