ദുബയ് വിമാനത്താവളത്തില്‍ സ്മാര്‍ട്ട് ടണല്‍ തുറന്നു

ദുബയ്: എമിഗ്രേഷന്‍ യാത്രാ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ ദുബയ് രാജ്യാന്തര വിമാനത്താവളത്തില്‍ സ്മാര്‍ട്ട് ടണല്‍ യാത്രക്കാര്‍ക്കു തുറന്നുകൊടുത്തു. യാത്രാരേഖകളോ, മനുഷ്യസഹായമോ ഇല്ലാതെ തന്നെ എമിഗ്രേഷന്‍ യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്ന അതിനൂതന സ്മാര്‍ട്ട് സംവിധാനമാണിത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിതബുദ്ധി) പ്രകാരം പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ യാത്രാ സംവിധാനമായ ടണല്‍ ടെര്‍മിനല്‍ മൂന്നിലെ ഫാസ്റ്റ് ബിസിനസ് ക്ലാസ് യാത്രക്കാരുടെ ഡിപ്പാര്‍ച്ചര്‍ ഭാഗത്താണു തുറന്നത്. ഇതിന്റെ പരീക്ഷണഘട്ട ഉദ്ഘാടനം ബുധനാഴ്ച രാവിലെ ജിഡിആര്‍എഫ്എ ദുബയ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി നിര്‍വഹിച്ചു. സ്മാര്‍ട്ട് ടണലിന്റെ ഔദ്യോഗിക ഉദ്ഘാടനം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് റാശിദ് അല്‍ മക്തൂം വൈകാതെ നിര്‍വഹിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
യാത്രക്കാര്‍ സ്മാര്‍ട്ട് ടണലിലൂടെ നടന്നാല്‍ ഇതിലെ ബയോമെട്രിക് സംവിധാനം അവരുടെ വിവരങ്ങള്‍ പരിശോധിച്ച് ക്യത്യത ഉറപ്പുവരുത്തും. ഇതു പ്രകാരം എമിഗ്രേഷന്‍ യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പാസ്‌പോര്‍ട്ടോ, എമിറേറ്റ്‌സ് ഐഡിയോ ആവശ്യമില്ല. മുഖം തിരിച്ചറിയുന്ന സാങ്കേതികത കൂടി ഉള്‍പ്പെട്ട സ്മാര്‍ട്ട് ടണലുകള്‍ വഴി 15 സെക്കന്‍ഡിനകം യാത്രക്കാര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തെത്താമെന്നു മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി പറഞ്ഞു. ആദ്യം കണ്ണ് പരിശോധിക്കണം. അതിനു ശേഷമാണു ടണലിലൂടെ നടക്കേണ്ടത്.
ദുബയ് രാജ്യാന്തര വിമാനത്താവളം വഴി യാത്രക്കാരുടെ എണ്ണത്തിലും വര്‍ഷംതോറും റെക്കോഡ് വര്‍ധനവാണ് ഉണ്ടാവുന്നത്. അതുകൊണ്ടു തന്നെ കടമ്പകള്‍ക്കു മുന്നില്‍ കൂടുതല്‍ യാത്രക്കാര്‍ കാത്തിരിക്കാതെ അവരുടെ നടപടികള്‍ കൂടുതല്‍ വേഗത്തിലാവാനാണ് സ്മാര്‍ട്ട് ടണല്‍ പോലുള്ള നൂതന സ്മാര്‍ട്ട് സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതെന്ന് അ ല്‍ മറി വ്യക്തമാക്കി.
ജനങ്ങളുടെ എയര്‍പോര്‍ട്ട് നടപടിക്രമങ്ങള്‍ കൂടുതല്‍ ലഘൂകരിക്കുന്നതിനായി കഴിഞ്ഞ നാലു വര്‍ഷമായി ഈ ആശയം ഞങ്ങള്‍ ശരിയായ സാങ്കേതികവിദ്യ കണ്ടെത്തുംവരെ പരീക്ഷിക്കുകയായിരുന്നു. ഇതിലൂടെ കടന്നുപോവുന്ന യാത്രക്കാരുടെ പാസ്‌പോര്‍ട്ടിന് ചുരുങ്ങിയത് ആറു മാസത്തെ കാലാവധി ഉണ്ടായിരിക്കണം. ആദ്യ തവണ സ്മാര്‍ട്ട് സംവിധാനം ഉപയോഗിക്കുന്ന യാത്രക്കാര്‍ പാസ്‌പോര്‍ട്ട് കൗണ്ടറിലോ, അവിടെയുള്ള കിയോസ്‌ക്കുകളിലോ അവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. എന്നാല്‍ സാധാരണ സ്മാര്‍ട്ട് ഗേറ്റ് ഉപയോഗിച്ചു യാത്ര ചെയ്യുന്നവര്‍ക്ക് സ്മാര്‍ട്ട് ടണലിലൂടെ നടപടികള്‍ പൂര്‍ത്തിയാക്കാം. രണ്ട് കിയോസ്‌ക്കുകളാണ് ഇപ്പോള്‍ ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. സ്മാര്‍ട്ട് ടണല്‍ നടപടികള്‍ക്ക് പ്രധാനമായും ഏഴു ഘട്ടങ്ങളാണ് ഉള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it