Flash News

ദുബയില്‍ കാര്‍ രഹിത ദിനം ആചരിച്ചു

ദുബയ്: മുനിസിപ്പാലിറ്റിയുടെ കാര്‍ രഹിത ദിനത്തില്‍ ആയിരക്കണക്കിന് പേര്‍ തങ്ങളുടെ കാറുകള്‍ ഉപേക്ഷിച്ച് പൊതുവാഹനങ്ങളില്‍ യാത്ര ചെയ്തു. ഇത് രാവിലെയും വൈകിട്ടും മെട്രോയിലും ബസുകളിലും വന്‍ തിരക്കിനടയാക്കി. ഇത്തവണ 1000 സര്‍ക്കാര്‍-ഇതര സംരംഭങ്ങളാണ് പദ്ധതിയോട് സഹകരിച്ചത്. കഴിഞ്ഞ തവണ ഇത് 300 ആയിരുന്നു. 30000 പേര്‍ തങ്ങളുടെ സ്വകാര്യ വാഹനങ്ങള്‍ വീടുകളില്‍ വെച്ച് യാത്രക്കായി പൊതുവാഹനങ്ങളെ ആശ്രയിച്ചു എന്നാണ് കണക്ക്. 2010ല്‍ പദ്ധതി തുടങ്ങുമ്പോള്‍ കേവലം 1000 പേര്‍മാത്രമായിരുന്നു സഹകരിച്ചിരുന്നത്. പരിസ്ഥിതി സംരക്ഷണ അവബോധം മെച്ചപ്പെട്ടതാണ് എണ്ണം കുത്തനെ കൂടാനിടയാക്കിയത്. ഒരു ദിനം മാത്രമല്ല, എല്ലാ ദിവസവും എന്നതായിരുന്നു ദിനാചരണത്തിന്റെ മുദ്രാവാക്യം. ഇക്കുറി പൊതുജനങ്ങളില്‍ നിന്ന് കൂടുതല്‍ സഹകരണം ലഭിച്ചതായി ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു. ലൂത്തയും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി മെട്രോയില്‍ സഞ്ചരിച്ചു.
പദ്ധതിയുമായി സഹകരിക്കുന്ന സംഘടനകള്‍ക്കും സംരംഭങ്ങള്‍ക്കും കാര്‍ രഹിത ദിനം ഏര്‍പ്പെടുത്താനാണ് അടുത്ത നീക്കം. ദുബൈയിലെ ചില മേഖലകളില്‍ മാത്രം ഒരു ദിവസം മുഴുവന്‍ കാര്‍ രഹിതമാക്കാനും പദ്ധതിയുണ്ട്-എന്‍ജി. ലൂത്ത പറഞ്ഞു. ഇത് കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനും ദുബൈയെ സുസ്ഥിര നഗരമാക്കാനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രീന്‍ ഹൗസ് വാതകങ്ങള്‍ കുറക്കാനുള്ള ദുബൈയുടെ പ്രതിബദ്ധതയാണ് വര്‍ഷം തോറും ദിനാചരണത്തിലുണ്ടാകുന്ന പുരോഗതിയെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it