ദുബയിലെ വിദേശനിക്ഷേപകരില്‍ കൂടുതലും ഇന്ത്യക്കാര്‍

ദുബയ്: ദുബയിലെ വിദേശനിക്ഷേപകരില്‍ കൂടുതലും ഇന്ത്യക്കാരാണെന്നു പഠനം. കഴിഞ്ഞ വര്‍ഷത്തെ ആകെ നിക്ഷേപത്തിന്റെ 30 ശതമാനത്തോളം ഇന്ത്യക്കാരുടെ സംഭാവനയായിരുന്നുവെന്നു ദുബയ് ലാന്‍ഡ് ഡിപാര്‍ട്ട്‌മെന്റ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.2014ല്‍ ദുബയിലെ വിദേശികളുടെ ആകെ നിക്ഷേപം ലക്ഷം കോടി രൂപയാണ്. ഇതില്‍ 30,000 കോടി രൂപയോളം വിവിധ വ്യാപാരങ്ങളിലായി ഇന്ത്യന്‍ വ്യവസായികളുടേതാണ്. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലും 3017 വ്യത്യസ്ത ഇടപാടുകളിലൂടെ 13,000 കോടി രൂപ ഇന്ത്യന്‍ വ്യവസായികള്‍ നിക്ഷേപിച്ചിട്ടുണ്ട്. 123 രാജ്യങ്ങളില്‍ നിന്നായി 42,400 കോടി രൂപയാണ് ഈ വര്‍ഷം പകുതി പൂര്‍ത്തിയായപ്പോള്‍ ദുബയില്‍ നിക്ഷേപകരുടെ സംഭാവന.എന്നാല്‍, ദുബയിലെ ഇന്ത്യക്കാരുടെ ഏറ്റവും വലിയ നിക്ഷേപ മേഖലകളിലൊന്നായ റിയല്‍ എസ്‌റ്റേറ്റ് തകര്‍ച്ചയിലേക്കു നീങ്ങുകയാണെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2008ലെ ആഗോള സാമ്പത്തികമാന്ദ്യ കാലത്തു പോലും ദുബയിലെ റിയല്‍ എസ്‌റ്റേറ്റ് മേഖല പിടിച്ചു നിന്നെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12.2 ശതമാനം ഇടിവുണ്ടായതായി പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് കണ്‍സള്‍ട്ടന്‍സി ആയ നൈറ്റ് ഫ്രാങ്ക് ചൂണ്ടിക്കാട്ടുന്നു. മുംബൈയെക്കാളും ചുരുങ്ങിയ ചെലവില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്താന്‍ ദുബയില്‍ സാധിക്കുമെന്നതാണ് നിക്ഷേപകരെ ദുബയിലേക്ക് ആകര്‍ഷിച്ചത്. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഇപ്പോള്‍ ഏറ്റവുമധികം നിക്ഷേപം നടത്തുന്നത് റഷ്യക്കാരാണെന്നും നൈറ്റ് ഫ്രാങ്ക് ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it