Religion

ദുഖ സാഗരം /ഇരട്ട ദുഖങ്ങള്‍

ദുഖ സാഗരം /ഇരട്ട ദുഖങ്ങള്‍
X
പ്രവാചക ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങളെ കോര്‍ത്തിണക്കി എഴുതപ്പെട്ട പരമ്പര (മൂന്നാം ഭാഗം)


ഹലീമയുടെ ലാളനകള്‍ ഏറ്റുവാങ്ങിയും വളര്‍ത്തു സഹോദരനോടും സഹോദരിയോടുമൊപ്പം കളിച്ചുല്ലസിച്ചും കുഞ്ഞ് മുഹമ്മദ് വളര്‍ന്നുവരികയാണ്. മരുഭൂമിയുടെ ബന്ധനങ്ങളില്ലാത്ത കാറ്റും വായുവും നാടോടി ജീവിതത്തിന്റെ നിര്‍മ്മലതയും ആസ്വദിച്ചും നുകര്‍ന്നും ആ ബാലന്‍ അരോഗദൃഢഗാത്രനായി വളര്‍ന്നു. തന്റെ വളര്‍ത്തു സഹോദരനോടൊപ്പം വീടിന്റെ പരിസരങ്ങളില്‍ അടിനെ മേക്കാനും ഈ കാലയളവില്‍ അവനു അവസരം ലഭിച്ചു. അങ്ങനെ മരുഭൂജീവിതത്തിന്റെ സവിശേഷസിദ്ധികളായ സ്വാശ്രയബോധത്തിന്റെയും വ്യക്തിസ്വാതന്ത്യത്തിന്റെയും ഗുണങ്ങള്‍ ചെറുപ്പത്തിലേ സ്വായത്തമാക്കി. അഞ്ചു വയസ്സു പൂര്‍ത്തിയായപ്പോള്‍ ഹലീമ പോറ്റു മകനെ ആമിനയുടെ നിരന്തര സമ്മര്‍ദ്ദത്തിനു വഴങ്ങി അവര്‍ക്കു തന്നെ തിരിച്ചേല്‍പിച്ചു.
പെറ്റുമ്മയോടും പിതാമഹനോടുമൊപ്പമുളള മുഹമ്മദിന്റെ ജീവിതം മക്കയില്‍ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ്. കളിക്കൂട്ടുകാരായി പിതാമഹന്റെ  മക്കളായ ഹംസയും സഫിയയുമുണ്ട്. ദീര്‍ഘ കാലത്തെ വേര്‍പാടിനു ശേഷം തിരിച്ചെത്തിയ മകനെ ലാളിച്ചും സ്‌നേഹിച്ചും ആമിനക്ക് മതിവരുന്നില്ല. ആ കുരുന്നു മുഖം കാണുമ്പോഴെല്ലാം മധുവിധു കഴിയും മുമ്പേ  കാലയവനികക്കുളളില്‍ മറയേണ്ടി വന്ന തന്റെ ഭര്‍ത്താവിന്റെ മുഖമാണ് അവരുടെ ഓര്‍മ്മയില്‍ തികട്ടി വരിക. ഹസ്രകാലത്തെ ദാമ്പത്യത്തിന്റെ സമ്മാനമായി ലഭിച്ച ആ പുത്രനോട് അവന്റെ പിതാവിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം വിവരിക്കാന്‍ ആ മാതാവിന് നൂറു നാക്കാണ്. ഖുറൈശി ഗോത്രത്തിന്റെയും ഹാശിം കുടുംബത്തിന്റെയും പൂര്‍വ്വീകരുടെ വീരഗാഥകള്‍ ആമിന തന്റെ മകന് ചൊല്ലി കൊടുക്കും.
മുഹമ്മദ് മക്കയിലെത്തി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആമിനക്ക് മകനെ അബ്ദുല്ലയുടെ ഖബര്‍ കാട്ടിക്കൊടുക്കണമെന്ന ആഗ്രഹം ജനിച്ചു. കൂട്ടത്തില്‍ യഥരിബിലുളള തന്റെ ബന്ധുക്കളെ സന്ദര്‍ശിക്കുകയുമാവാം. വിവരമറിഞ്ഞപ്പോള്‍ മുഹമ്മദിനും ഉല്‍സാഹം. അങ്ങനെ പരിചാരിക ഉമ്മുഅയ്മനെയും കൂട്ടി യഥ്‌രിബിലേക്കുളള ഒരു യാത്രാസംഘത്തോടൊപ്പം അവര്‍ പുറപ്പെട്ടു. യഥരിബിലെത്തി ഖബര്‍ സന്ദര്‍ശനം നടത്തിയ ശേഷം ഒരു മാസക്കാലം അവര്‍ ബന്ധുക്കളോടൊപ്പം താമസിച്ചു. യഥരിബിലെ ജീവിതവും അവിടത്തെ കുട്ടികളോടൊത്തുളള നീന്തലും പട്ടം പറത്തലുമെല്ലാം ബാലനായ മുഹമ്മദിന് നന്നെ ഇഷ്ടപ്പെട്ടു. എങ്കിലും സ്‌നേഹനിധിയായ പിതാമഹനെക്കുറിച്ച ഓര്‍മ്മകള്‍ ആ പിഞ്ചു മനസ്സിനെ വേദനിപ്പിച്ചു. എന്നാല്‍ ആമിനയുടെ ആരോഗ്യം ഒരു യാത്രക്ക് അനുകൂലമായിരുന്നില്ല. അവസാനം മുഹമ്മദിന്റെ നിര്‍ബന്ധം സഹിക്ക വയ്യാതെ അവര്‍ മടക്കയാത്ര ആരംഭിച്ചു.  അബവാ എന്ന സ്ഥലത്തെത്തിയപ്പോള്‍ ആമിനയുടെ അസുഖം മൂര്‍ച്ചിക്കുകയും ഉടന്‍ മരണപ്പെടുകയും ചെയ്തു. യാത്രാസംഘത്തിന്റെ സഹായത്തോടെ ഉമ്മു അയ്മന്‍ അവരെ അവിടെ തന്നെ മറവു ചെയ്തു. ബാലനായ മുഹമ്മദ് സ്തംഭിച്ചു പോയി. മരണത്തിന്റെ വ്യാപ്തി എന്തെന്ന് അറിയാനുളള പ്രായമൊന്നും അവനില്ല. പക്ഷെ ഒരു കാര്യം അവന് ബോധ്യപ്പെട്ടു. ഉമ്മ ഇനിയില്ല. ഉമ്മ എന്നത് ഇനി മുതല്‍ ഏതാനും ദിവസം മുമ്പ് താന്‍ കണ്ട പിതാവിന്റെ ഖബര്‍ പോലെ ഒരു ഖബര്‍ മാത്രം! ഉമ്മു അയ്മന്‍ ദുഖാര്‍ത്തനായ ആ ബാലനെയും കൊണ്ട് മക്കയിലേക്കു തിരിച്ചു.
യാത്രാസംഘം മക്കയിലെത്തുന്നതിനു മുമ്പേ അബ്ദുല്‍മുത്തലിബ് ആ ദുരന്തവാര്‍ത്ത ശ്രവിച്ചിരുന്നു. തന്റെ സ്‌നേഹഭാജനമായ പേരക്കുട്ടിക്ക് സംഭവിച്ച ദുരന്തം ആ വൃദ്ധമനസ്സിനെ ഉലച്ചു കളഞ്ഞു. എങ്കിലും തന്റെ മനസ്സിനെ പതറുവാനോ അധൈര്യപ്പെടുവാനോ അബ്ദുല്‍ മുത്വലിബ് അനുവദിച്ചില്ല. ചുമതലാബോധം മനസ്സാന്നിധ്യം വീണ്ടെടുക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. മാതാവും പിതാവും നഷ്ടപ്പെട്ട തന്റെ പൗത്രന് ഇനിയുളള ഏക അവലംബം താനാണ്. അതുകൊണ്ട് താന്‍ തളര്‍ന്നു കൂടാ. പൂര്‍ണ അനാഥനായ മുഹമ്മദിന് നഷ്ടപ്പെട്ട മാതാവിന്റെയും പിതാവിന്റെയും വാല്‍സല്യം അബ്ദുല്‍ മുത്വലിബ് പകര്‍ന്നു നല്‍കി.
ഖുറൈശികളുടെ നായകസ്ഥാനമുണ്ട് അബ്ദുല്‍ മുത്വലിബിന്. തലമുറകളായി വിസ്മൃതിയിലായിരുന്ന സംസം കിണര്‍ വീണ്ടെടുത്തതിനു ശേഷം ആ സ്ഥാനം അനിഷേധ്യമാണ്. അബ്ദുല്‍ മുത്വലിബ് കഅ്ബയുടെ ചാരത്തെത്തിയാല്‍ അദ്ദേഹത്തിന് വിശ്രമിക്കാന്‍ വേണ്ടി ഒരു പ്രത്യേക വിരിപ്പ് വിരിക്കും. അദ്ദേഹത്തോടുളള ആദരവ് കാരണം മക്കളോ മറ്റു കുടംബാംഗങ്ങള്‍ പോലുമോ ആ വിരിപ്പില്‍ ഇരിക്കാറില്ല. പക്ഷെ അനാഥനായ തന്റെ പേരക്കുട്ടിയെ അദ്ദേഹം തന്നോടൊപ്പം ആ വിരിപ്പിലിരുത്തും. അതെക്കുറിച്ച് ആരെങ്കിലും അന്വേഷിച്ചാല്‍ പറയും അവന്‍ സാധാരണ കുട്ടിയല്ല, അവനില്‍ ഒരു പാട് സവിശേഷതകള്‍ കുടികൊളളുന്നുണ്ട്. അവന്‍ നേതാവാകേണ്ടവനാണ്. അതിനാല്‍ അവന്‍ ഇവിടെ ഇരിക്കട്ടെ. പക്ഷെ ആ വാല്‍സല്യ തണലിനും ഏറെ ആയുസ് ഉണ്ടായില്ല. മുഹമ്മദിന് എട്ടു വയസ്സ് പൂര്‍ത്തിയായപ്പോള്‍ ആ സ്‌നേഹതാരകവും പൊലിഞ്ഞു. അനാഥത്വത്തിന്റെ കരാളത വര്‍ധിപ്പിച്ച പിതാമഹന്റെ മരണം ആ ബാലനെ ശക്തിയായി ഉലച്ചു. ശവമഞ്ചവും വഹിച്ചു കൊണ്ടുളള വിലാപയാത്ര ഖബറിടത്തിലെത്തിയിട്ടും കുഞ്ഞു മുഹമ്മദിന്റെ കണ്ണുകള്‍ നിര്‍ത്താതെ പെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഭാവിയില്‍ പ്രതിസന്ധികളുടെ എണ്ണമറ്റ കടലുകള്‍ താണ്ടിക്കടക്കുവാന്‍ വിധിക്കപ്പെട്ട മഹാമനീഷിക്ക് പ്രകൃതിയൊരുക്കിയ പാഠശാലയായിരുന്നുവോ ഈ പരീക്ഷണങ്ങള്‍. ആവോ എന്തോ!
Next Story

RELATED STORIES

Share it