kannur local

ദീര്‍ഘനാള്‍ ഫ്രീസറില്‍ സൂക്ഷിച്ച പാല്‍ ആരോഗ്യ പ്രശ്‌നമുണ്ടാക്കും

കൂത്തുപറമ്പ്: കാലാവധി കഴിഞ്ഞ പാല്‍ ഫ്രീസറില്‍ സൂക്ഷിച്ചാലും രാസമാറ്റങ്ങള്‍ക്ക് വിധേയമാകുന്നതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി. ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടത്തിയ ഉപഭോക്തൃ ബോധവല്‍ക്കരണ ശില്‍പശാലയിലാണ് അഭിപ്രായം. ഫ്രീസറില്‍ സൂക്ഷിച്ച പാലാണ് ഷെയ്ക്ക് പോലുള്ള വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.
മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളുടെ കാലാവധി പാക്കറ്റിന്റെ പുറത്ത് നിര്‍ബന്ധമായും കാണിച്ചിരിക്കണമെന്ന് ഭക്ഷ്യസുരക്ഷാനിയമത്തില്‍ പറയുന്നത്. ഉപഭോക്താക്കളും ഇതേക്കുറിച്ച് അറിവുള്ളവരായിരിക്കണം.
ഏഴുദിവസത്തില്‍ താഴെ കാലാവധിയുള്ള സാധനങ്ങളുടെ പുറത്ത് യൂസ് ബൈ ഡേറ്റ് എന്നും മൂന്നുമാസത്തില്‍ താഴെ കാലാവധിയുള്ള വസ്തുക്കളില്‍ എക്‌സ്പയറിയുടെ തിയ്യതിയും മാസവും വര്‍ഷവും രേഖപ്പെടുത്തിയിരിക്കണം.
കാലാവധി ആറ് മാസത്തില്‍ കൂടുതലാണെങ്കില്‍ എക്‌സ്പയറിയുടെ മാസവും വര്‍ഷവും മാത്രം രേഖപ്പെടുത്തിയാല്‍ മതിയെന്നും ശില്‍പശാല ചൂണ്ടിക്കാട്ടി. മേയര്‍ ഇ പി ലത ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ച് പലപ്പോഴും സാധാരണക്കാര്‍ അറിയാതിരിക്കുമ്പോഴാണ് മായം ചേര്‍ക്കലും പഴകിയ ഭക്ഷ്യവസ്തുക്കളുടെ വില്‍പനയുമടക്കമുള്ള കാര്യങ്ങള്‍ ഉണ്ടാകുന്നതെന്ന് അവര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. അഡ്വ. സി നിഖില്‍ വിഷയം അവതരിപ്പിച്ചു. കൂത്തുപറമ്പ് സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ ടി അജിത്ത് കുമാര്‍, ലീഗല്‍ മെട്രോളജി സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ടി ജെ ജോഷി, ജില്ലാ സപ്ലൈ ഓഫിസര്‍ കെ റസിയ, സപ്ലൈകോ ഡിപ്പോ മാനേജര്‍ കെ കെ ഗീത, വിവിധ ഉപഭോക്തൃ സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. റഷീദ് കവ്വായി, സൗമ്യ ഇസബെല്‍, അഡ്വ. പി എന്‍ നമ്പ്യാര്‍, പവിത്രന്‍ നെട്ടൂര്‍, ചന്ദ്രന്‍ മുണ്ടക്കാട് സംസാരിച്ചു. ഉപഭോക്തൃദിനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ വിവിധ മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം അംഗം അഡ്വ. സോന ജയരാജ് വിതരണം ചെയ്തു.
Next Story

RELATED STORIES

Share it