ദീപ ജയകുമാറിന്റെ പത്രിക തള്ളി

ചെന്നൈ: ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറിന്റെ നാമനിര്‍ദേശപത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. നിരവധി വൈരുധ്യങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇവരുടെ നാമനിര്‍ദേശപത്രിക കമ്മീഷന്‍ തള്ളിയത്. ദീപയുടെ പത്രികയില്‍ ടി നഗറിലെ രണ്ടിടങ്ങളിലുള്ള സ്ഥലത്തിന്റെ നിലവിലെ മാര്‍ക്കറ്റ് വില കാണിച്ചിട്ടില്ല. കൂടാതെ, കാര്‍ഷികഭൂമിയുടെ സര്‍വേ നമ്പറും ബാങ്ക് എഫ്ഡിയും ഭര്‍ത്താവിന്റെ കോളവും പൂരിപ്പിച്ചിട്ടില്ല. പാന്‍ നമ്പറും നല്‍കിയിട്ടില്ല. കഴിഞ്ഞമാസം നവംബര്‍ 23നാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ദീപ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ജയലളിതയുടെ മരണത്തിനു ശേഷമാണ് ദീപ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ജയലളിതയുടെ രൂപസാദൃശ്യമുള്ള ദീപയ്ക്ക് ജനങ്ങളുടെ ഇടയില്‍ വളരെപ്പെട്ടന്നുതന്നെ ഒരു സ്ഥാനം ലഭിച്ചിരുന്നു. ശശികലയ്ക്കും കുടംബത്തിനുമെതിരേ ഗുരുതര ആരോപണമാണ് ദീപ ഉന്നയിച്ചിരുന്നത്. ഇതിന്റെ ഭാഗമായാണ് ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ദീപ മല്‍സരിക്കാന്‍ തീരുമാനിച്ചത്. 'എംജിആര്‍ അമ്മ ദീപ പേരവൈ' എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചിരുന്നു.
അതേസമയം, ആര്‍ കെ നഗറില്‍ പത്രിക സമര്‍ച്ച സിനിമാതാരം വിശാലിന്റെ പത്രികയും ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയെങ്കിലും പിന്നീട് സ്വീകരിച്ചു. വരണാധികാരിയുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് പത്രിക സ്വീകരിക്കാന്‍ തീരുമാനമായത്. വിശാലിന്റെ പത്രികയും അപൂര്‍ണമണെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ തള്ളിയത്. അതേസമയം, പത്രിക തള്ളിയതില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തിയ വിശാലിനെ പോലിസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഡിസംബര്‍ 21നാണ് ആര്‍കെ നഗറില്‍ തിരഞ്ഞെടുപ്പ് .
Next Story

RELATED STORIES

Share it