thrissur local

ദീപശിഖ തെളിഞ്ഞു; സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്നുതുടക്കം

തൃശൂര്‍: ദീപശിഖാ ജാഥകള്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഗമിച്ചതോടെ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ നടപടികള്‍ക്ക് തുടക്കമായി. ഇന്നലെ വൈകീട്ട് സമ്മേളന നഗരിയില്‍ പിണറായി വിജയന്‍ ദീപ ശിഖ തെളിയിച്ചു. രാവിലെ 10ന് തൃശൂര്‍ റീജ്യനല്‍ തിയറ്ററില്‍ വി എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധി സമ്മേളനം ആരംഭിക്കും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും.
തൃശൂര്‍ റിജണല്‍ തിയറ്ററിലെ വി.വി.ദക്ഷിണാമൂര്‍ത്തി നഗറിലാണ് 37 വര്‍ഷത്തിനു ശേഷം തൃശൂരില്‍ വിരുന്നെത്തുന്ന സംസ്ഥാന സമ്മേളനത്തിന് തുടക്കമാവുക. 475 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും 87 സംസ്ഥാന കമ്മിറ്റിയംഗങ്ങളും 4 സംസ്ഥാന കമ്മിറ്റി ക്ഷണിതാക്കളും ഉള്‍പ്പെടെ 566 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുക. 16 നിരീക്ഷകരും പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും.
പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ്കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, എ കെ പത്മനാഭന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് വൈകീട്ട് 5ന് തേക്കിന്‍കാട് മൈതാനിയില്‍ സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. 25ന് ഉച്ചവരെ പ്രതിനിധി സമ്മേളനം നടക്കും. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ തെളിയിക്കാനുള്ള ദീപശിഖ രക്തസാക്ഷി കെ പി വത്സലന്റെ ബലികൂടീരത്തില്‍ നിന്നു മകന്‍ നിരഞ്ജന്‍ റാലി കാപ്റ്റന്‍ കെ കെ മുബാറക്കിന് കൈമാറി.
ദീപശിഖാ റാലി സിപിഎം ചാവക്കാട് ഏരിയാകമ്മിറ്റി സെക്രട്ടറി എം കൃഷ്ണദാസ് ഉദ്ഘടനം ചെയ്തു എന്‍ കെഅക്ബര്‍ അധ്യക്ഷനായി. എം ആര്‍ രാധാകൃഷ്ണന്‍, കെ എച്ച് സലാം, കെ ടി ഭരതന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ദീപശിഖാ പ്രയാണം ജില്ലാ അതിര്‍ത്തിയായ കൊരട്ടിയില്‍ നിന്ന് ആരംഭിച്ചു. എറണാകുളം ജില്ലാ കമ്മറ്റി ഭാരവാഹികള്‍ പൊങ്ങത്ത് വച്ച് കൈമാറിയ ദീപശിഖയാണ് ഇന്നലെ രാവിലെ ആതിഥേയര്‍ സമ്മേളന നഗറിലേക്ക് കൊണ്ടുപോയത്. നിരവധി റെഡ് വളണ്ടിയര്‍മാര്‍ ദീപശിഖകളുമായി യാത്രയെ അനുഗമിച്ചു. മുരിങ്ങൂര്‍, ചാലക്കുടി മുനിസിപ്പല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ പ്രയാണത്തിന് സ്വീകരണം നല്‍കി. ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍, സെക്രട്ടേറിയറ്റ് അംഗം കെ.കെ.രാമചന്ദ്രന്‍, ബി .ഡി.ദേവസി എംഎല്‍എ, ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥും സന്നിഹിതനായിരുന്നു.
വടക്കേക്കാട് പഞ്ചായത്ത് ദീപശിഖാ പ്രയാണം അന്തരിച്ച ഷെമീറിന്റെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ചു. കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഷെമീറിന്റെ സഹോദരന്‍ ലത്തീഫ് ദീപശിഖ കൈമാറി. ഏരിയ കമ്മിറ്റി അംഗം ടി ടി ശിവദാസന്‍ അധ്യക്ഷനായിരുന്നു. വാര്‍ഡംഗങ്ങളായ അഷറഫ് പാവൂരയില്‍, ബാലകൃഷ്ണന്‍ കാഞ്ഞങ്ങാട്ട്, വിനോദ് തുടങ്ങിയവര്‍ വടക്കന്‍ മേഖലാ ദീപശിഖ ജാഥയ്ക്ക് ജില്ലാ അതിര്‍ത്തിയായ ചെറുതുരുത്തി കൊച്ചിന്‍ പാലത്തിനു സമീപം സ്വീകരണം നല്‍കി. കാപ്റ്റന്‍ ഗോവിന്ദനില്‍ നിന്നു പതാക ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനും, ദീപശിഖ കാപ്റ്റന്‍ ടി.വി.രാജേഷ് എം.എല്‍. എ.യില്‍ നിന്ന് എ.സി.മൊയ്തീനും ദേശീയ മെഡല്‍ ജേതാവ് ജംഷീലയും ചേര്‍ന്ന് ഏറ്റുവാങ്ങി.
സിപിഎം സംസ്ഥാന സമ്മേളന നഗരിയില്‍ കൊളുത്താനുള്ള ദീപശിഖാ ജാഥകള്‍ കുന്നംകുളത്തെ മൂന്ന് ധീര രക്തസാക്ഷികളുടെ കുടീരങ്ങളില്‍ ഉദ്ഘാടനം നടന്നു. അഞ്ഞൂര്‍ കുന്നില്‍ ടി പി സുബ്രമണ്യന്റെ സ്മൃതികുടീരത്തില്‍ നിന്നുള്ള ദീപശിഖ സംസ്ഥാന കമ്മറ്റിയംഗം എന്‍ ആര്‍ ബാലന്‍ ക്യാപ്റ്റന്‍ ഷെമിറിന് കൈമാറി. വടുതലയിലെ കുഞ്ഞാതുവിന്റെ സ്മൃതികുടീരത്തില്‍ നിന്നുള്ള ദീപശിഖ മന്ത്രി എ.സി.മൊയ്തീന്‍ ക്യാപ്റ്റന്‍ ഷനോഫിന് കൈമാറി. എബി ബിജേഷിന്റെ സ്മൃതി കുടീരത്തില്‍ നിന്നുള്ള ദീപശിഖ പി.കെ ബിജു എം. പി. കൈമാറി. തുടര്‍ന്ന് 3 ജാഥകളും, നിരവധി അത്‌ലറ്റുകളുടെയും, റെഡ് വളണ്ടിയര്‍മാരുടെയും അകമ്പടിയോടെ കുന്നംകുളത്ത് സംഗമിച്ചു.
Next Story

RELATED STORIES

Share it