ദി സ്ലേവ് ജെനസിസ് പറഞ്ഞുവച്ചത് പറിച്ചെറിയപ്പെട്ട പണിയന്റെ രാഷ്ട്രീയം

കല്‍പ്പറ്റ: മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ വയനാട് കല്‍പ്പറ്റ സ്വദേശി അനീസ് കെ മാപ്പിളയുടെ ദി സ്ലേവ് ജെനസിസ് പങ്കുവയ്ക്കുന്നത് ഭൂമുഖത്തുനിന്നു പറിച്ചെറിയപ്പെട്ടുകൊണ്ടിരിക്കുന്ന പണിയന്റെ രാഷ്ട്രീയം. കഥേതര വിഭാഗത്തിലാണ് ഡോക്യുമെന്ററി പുരസ്‌കാരത്തിന് അര്‍ഹമായത്.
മണ്ണിന്റെ മക്കളെന്ന വിളിപ്പേരു മാത്രം പേറി പൊതുസമൂഹത്തില്‍നിന്ന് അന്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പണിയസമുദായം അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊടിയ ചൂഷണമാണ് അഭ്രപാളികളിലൂടെ അനീസ് പങ്കുവച്ചത്. മൂന്നുവര്‍ഷത്തെ പ്രയത്‌നത്തിനൊടുവിലാണ് ഡോക്യുമെന്ററി പൂര്‍ത്തിയായത്.
മുട്ടില്‍ പരിയാരം സ്വദേശിയായ അനീസ് ഫാറൂഖ് കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടിയിട്ടുണ്ട്. 2006ല്‍ മികച്ച ഹ്രസ്വസിനിമയ്ക്കുള്ള അല അവാര്‍ഡ് നേടിയ മിയാകുല്‍പ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സയിം ഇന്റര്‍സോണ്‍ കലോല്‍സവത്തില്‍ മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. വിതപ്പാട് 2015ലെ മികച്ച ഡോക്യുമെന്ററിയായി യുവജനക്ഷേമ ബോര്‍ഡിന്റെ പുരസ്‌കാരം നേടി. 2014ല്‍ വിബ്ജിയോര്‍ യങ് ഫിലിംമേക്കര്‍ ഫെലോഷിപ്പിന് അര്‍ഹനായി. ഇതും സിംഗപ്പൂര്‍ ബാങ് പ്രൊഡക്ഷന്‍ കമ്പനി ഡെവലപ്‌മെന്റ് ഗ്രാന്റായി നല്‍കിയ 2000 ഡോളറും നിര്‍മാണത്തിനായി ചെലവഴിച്ചു.
തീര്‍ത്തും ദൈന്യമായ അവസ്ഥയില്‍ കഴിയുന്ന പണിയവിഭാഗത്തിന്റെ പ്രശ്‌നങ്ങളില്‍ ദേശീയശ്രദ്ധ പതിയാന്‍ പുരസ്‌കാരത്തിലൂടെ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് അനീസ് പ്രതികരിച്ചു.
Next Story

RELATED STORIES

Share it