ദിശാനിയന്ത്രണ സംവിധാനത്തിന്റെ വാല്‍വില്‍ പിഴവ് ; ആദ്യ പരീക്ഷണ ബഹിരാകാശ ഷട്ടിലിന്റെ വിക്ഷേപണം നീളും

തിരുവനന്തപുരം: കഴിഞ്ഞ ഒക്ടോബറില്‍ നിശ്ചയിച്ചിരുന്ന ഇന്ത്യയുടെ ആദ്യപരീക്ഷണ ബഹിരാകാശ ഷട്ടിലിന്റെ വിക്ഷേപണം 2016 മാര്‍ച്ച് വരെ നീളും. തുമ്പയിലെ വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ (വിഎസ്എസ്‌സി) നിര്‍മിച്ച ആര്‍എല്‍വി- ടിഡി (റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍- ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍) എന്ന ഷട്ടിലിന്റെ ദിശാനിയന്ത്രണ സംവിധാനത്തിന്റെ വാല്‍വില്‍ പിഴവു കണ്ടെത്തിയ സാഹചര്യത്തിലാണിത്.
പുതിയ നിയന്ത്രണസംവിധാനം ഒരുക്കിയ ശേഷമേ വിക്ഷേപണം സാധ്യമാവൂവെന്ന് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) വൃത്തങ്ങള്‍ വ്യക്തമാക്കി. തുമ്പ വിഎസ്എസ്‌സിയില്‍ നിര്‍മിക്കുന്ന ആര്‍എല്‍വി-ടിഡി എന്ന ഷട്ടില്‍ നിയന്ത്രിക്കാനുള്ള ആക്ടിവേറ്ററിലെ വാല്‍വിനാണു നിലവാരമില്ലെന്നു കണ്ടെത്തിയത്. ഷട്ടിലിന്റെ നിയന്ത്രണ സംവിധാനം ഇത്തരം നൂറോളം ഹൈഡ്രോളിക് വാല്‍വുകളുടെ സഹായത്തോടെയാണു പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ഒരെണ്ണത്തിനാണ് നിശ്ചിത നിലവാരമില്ലെന്നു ക്വാളിറ്റി ഡിസൈന്‍ റിവ്യൂ ടീം കണ്ടെത്തിയത്. ഒരു പൈപ്പ്‌ലൈനിലാണ് പിഴവു കണ്ടെത്തിയതെങ്കിലും നിയന്ത്രണ സംവിധാനത്തിലെ മുഴുവന്‍ ലൈനുകളും മാറ്റി പുതിയത് സജ്ജീകരിക്കും.
വിഎസ്എസ്‌സി രൂപകല്‍പ്പന ചെയ്തു നല്‍കിയ വാല്‍വ് സ്വകാര്യ കമ്പനിയാണ് നിലവാരം ഉറപ്പാക്കി നിര്‍മിച്ചുനല്‍കേണ്ടത്. സ്‌പേസ് ഷട്ടില്‍ എത്രയും വേഗം വിക്ഷേപണം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി ആരംഭിച്ചിട്ടുണ്ട്. നിലവാരം ഉറപ്പുവരുത്തിയുള്ള അംഗീകാരം ലഭിച്ചാല്‍ പിന്നെ ഷട്ടില്‍ പറത്തുന്നതിന് അനുയോജ്യമാവും. ഇതിനുശേഷം വിക്ഷേപണ സജ്ജമാണെന്ന് ഉറപ്പാക്കുന്ന സമിതികളുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാവും വിക്ഷേപണം. ചിറകുകളുള്ള വിക്ഷേപണ വാഹനമാണ് ആര്‍എല്‍വി- ടിഡി.
സ്‌പേസ് ഷട്ടിലിനെ ഒരു റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച് ഭൂമിയില്‍ നിന്നും 70 കിലോമീറ്ററില്‍ ഉയരത്തില്‍ എത്തിക്കും. റോക്കറ്റില്‍ നിന്ന് വേര്‍പെടുന്ന വിക്ഷേപണ വാഹനം വിമാനമെന്ന പോലെ തിരിച്ചു പറന്നുവന്ന് കടലില്‍ ഇറങ്ങും. ബംഗാള്‍ ഉള്‍ക്കടലില്‍ ഇറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അടുത്തഘട്ടത്തില്‍ കരയിലും ഇറക്കാന്‍ കഴിയും. 1.5 ടണ്‍ ഭാരമുള്ള സ്‌പേസ് ഷട്ടിലിന്റെ പരീക്ഷണം വിജയിച്ചാല്‍ രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തില്‍ ഒരു പൊന്‍തൂവലാവും. ബഹിരാകാശത്ത് തങ്ങളുടെ സാന്നിധ്യമുറപ്പിക്കുന്നതിന് അവിടേക്ക് വസ്തുക്കളെ എത്തിക്കുന്നതിനുള്ള ചെലവ് കുറയ്ക്കുകയാണ് ഈ സ്‌പേസ് ഷട്ടിലിന്റെ പ്രാഥമിക ദൗത്യം. നിലവില്‍ ഒരു കിലോഗ്രാം ഭാരമുള്ള വസ്തുവിനെ ബഹിരാകാശത്ത് എത്തിക്കാന്‍ 5000 ഡോളറാണ് ചെലവാകുക.
വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള ഈ സ്‌പേസ് ഷട്ടിലിന്റെ സഹായത്തോടെ ചെലവ് 500 ഡോളറായി കുറയ്ക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. ഇത് ഈ മേഖലയില്‍ രാജ്യത്തിന് കൂടുതല്‍ സഹായകരമാവും. ഭൂമിയില്‍ ഇറങ്ങുമ്പോഴുണ്ടാവുന്ന കനത്ത ചൂട് കാരണം കേടുപാട് ഉണ്ടാവുന്നത് തടയാന്‍ ഷട്ടിലിന്റെ മുന്‍ഭാഗം കാര്‍ബണും 600ഓളം താപപ്രതിരോധ കവചങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. അതേസമയം, ഈ വാഹനത്തില്‍ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്നതു സംബന്ധിച്ച് നടപടികളൊന്നും ഐഎസ്ആര്‍ഒ നിലവില്‍ സ്വീകരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it