thrissur local

ദിവാന്‍ജി മേല്‍പ്പാലം പണി ഉടന്‍ തീര്‍ക്കണം: മന്ത്രി സുനില്‍കുമാര്‍



തൃശൂര്‍: ദിവാന്‍ജിമൂല മേല്‍പ്പാല നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടു. എംജി റോഡ് മേല്‍പ്പാല വികസനവും പ്രവാസി വ്യവസായി സി കെ മേനോന്റെ സഹായ വാഗ്ദാനം സ്വീകരിച്ച് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുമേല്‍പപാലങ്ങളും നടപ്പാക്കുന്നതിന് ഏകോപനത്തിന് റെയില്‍വേ, സര്‍ക്കാര്‍, കോര്‍പറേഷന്‍ സംയുക്ത യോഗം വിളിച്ചുകൂട്ടുമെന്നും സുനില്‍കുമാര്‍ പറഞ്ഞു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പുതിയതായി നടപ്പാക്കിയ വിവിധ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ദിവാന്‍ജി മൂല മേല്‍പ്പാലത്തിന് കോര്‍പറേഷന്‍ നേരത്തേ പണം റെയില്‍വേയ്ക്ക് നല്‍കിയതാണ്. പണി അനിശ്ചിതമായി വീണ്ടും പോവുന്നത് ശരിയല്ല. റെയില്‍വേയുടെ രണ്ട് വൈദ്യുതി പോസ്റ്റുകള്‍ മാറ്റേണ്ടതാണ് പ്രശ്‌നം. അതിന് ഒരാഴ്ച ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും. അതിന് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കണം. അനുമതി ഉടന്‍ ലഭ്യമാക്കി കഴിയുന്നത്ര വേഗം പണി പൂര്‍ത്തിയാക്കാമെന്നും റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ ഉറപ്പു നല്‍കിയതായും മന്ത്രി പറഞ്ഞു.റെയില്‍വേ സ്റ്റേഷനു മായി ബന്ധപെടുത്തി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റ വികസനവും നടപ്പാക്കാന്‍ നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. മേല്‍പ്പാല വികസനം സംബന്ധിച്ച് നേരത്തെ മന്ത്രി ഡിആര്‍എം പ്രകാശ് ബുട്ടാനിയും ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി. മേയര്‍ അജിത ജയരാജനും ഉണ്ടായിരുന്നു. മേയറും റെയില്‍വേ ഉദ്യോഗസ്ഥരും നിര്‍മാണസ്ഥലം സന്ദര്‍ശിച്ചുറെയില്‍വേ സ്റ്റേഷനില്‍ പുതിയതായി നടപ്പാക്കിയ എസ്‌കലേറ്റര്‍, ഫുട്ട്ഓവര്‍ ബ്രിഡ്ജ്, എസി പെയ്ഡ് വിശ്രമകേന്ദ്രം, എല്‍ഇഡി ഡിസ്‌പ്ലേബോര്‍ഡ്, വാട്ടര്‍ വെന്‍ഡിങ് മെഷീന്‍ എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. വീതികൂടിയ കാല്‍നട മേല്‍പ്പാലം കഴിഞ്ഞ സര്‍ക്കാരാണ് രണ്ടുകോടി രൂപ മുതല്‍ മുടക്കി നിര്‍മിച്ചത്. മറ്റുള്ളവ റെയില്‍വേയുടെ സ്വന്തം പദ്ധതികളാണ്. മന്ത്രി സുനില്‍കുമാറും എം പി സി എന്‍ ജയദേവനും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മേയര്‍ അജിതജയരാജന്‍, മുന്‍ എംഎല്‍എ പി എ മാധവന്‍, കൗണ്‍സിലര്‍ എം എസ് സമ്പൂര്‍ണ, പ്രഫ. എം മുരളീധരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it