thrissur local

ദിവാന്‍ജിമൂല റെയില്‍വേ മേല്‍പ്പാലം നിര്‍മാണം തുടങ്ങുന്നു

തൃശൂര്‍: ഒരുവര്‍ഷത്തെ കാത്തിരിപ്പിന്നൊടുവില്‍ റെയില്‍വേ ദിവാന്‍ജിമൂല മേല്‍പ്പാലനിര്‍മാണം തുടങ്ങുന്നു. ഭൂമിപൂജ 27ന് നടക്കും. ആറ്മാസത്തിനകം പണി തീര്‍ക്കുമെന്നാണ് റെയില്‍വേ വാഗ്ദാനം.
പാലം യഥാര്‍ഥ്യമാക്കാന്‍ റെയില്‍വേ ഒരുങ്ങിയെങ്കിലും കോര്‍പറേഷന്‍ നടപടി ആരംഭിച്ചിട്ടില്ല. ആറു മാസംകൊണ്ട് യാഥാര്‍ഥ്യമാവുന്ന പാലത്തിനായി അപ്രോച്ച് റോഡ് നിര്‍മാണത്തിന് ഇനിയും നഗരസഭ ഒരുക്കം തുടങ്ങിയിട്ടില്ല. പാലം നിര്‍മാണത്തിന് 6.33 കോടി രൂപ കോര്‍പറേഷന്‍ സ്വന്തം ഫണ്ടില്‍നിന്നും ഒരു വര്‍ഷം മുമ്പ് കഴിഞ്ഞ ജൂണില്‍, ഡെപ്പോസിറ്റ് വര്‍ക്ക് എന്ന നിലയില്‍ റെയില്‍വേയില്‍ കെട്ടി വച്ചതാണ്. ടെന്‍ഡര്‍ പോലും കഴിഞ്ഞ ഒക്‌ടോബറില്‍ നടന്നതാണ്. കരാര്‍ വ്യവസ്ഥയനുസരിച്ച് ഇതിനകം പാലംപണി തീരേണ്ടതായിരുന്നുവെങ്കിലും തുടങ്ങാന്‍ പോലും കഴിഞ്ഞില്ല. ബാങ്കില്‍ സ്ഥിരം നിക്ഷേപമായി കിടന്നിരുന്ന പണം. റെയില്‍വേക്ക് കൈമാറിയതു വഴി ഒരുവര്‍ഷത്തെ പലിശയിനത്തില്‍ മാത്രം കോര്‍പറേഷനുണ്ടായ നഷ്ടം 65 ലക്ഷം രൂപ വരും.
ഒരു മാസം മുമ്പ് കോര്‍പറേഷന്‍ അധികൃതര്‍ റെയില്‍വേക്കു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ പണി തുടങ്ങുന്ന സാഹചര്യമുണ്ടായത്. ഏപ്രിലില്‍ മേയര്‍ അജിത ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍പറേഷന്റേയും റെയില്‍വേയുടേയും ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് പണി തുടങ്ങാന്‍ തീരുമാനമുണ്ടായത്. ശിലാസ്ഥാപനചടങ്ങായി പരിപാടി നടത്തണമെന്ന് റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മേയര്‍ അജിത ജയരാജന്‍ അറിയിച്ചു. നഗരത്തിലെ ഗതാഗതകുരുക്കഴിക്കുന്ന ചിരകാല സ്വപ്‌നമാണിതോടെ പൂര്‍ത്തിയാകാന്‍ പോകുന്നത്.
25 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന പാലത്തിന്റെ ആദ്യഘട്ടത്തില്‍ 11 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മാണം. നിലവിലുള്ള പാലത്തിന്റെ വടക്കുഭാഗത്താണ് ആദ്യഘട്ടം പാലം നിര്‍മാണം. നിലവില്‍ 5.5 മീറ്റര്‍ വീതിയിലുള്ള പാലം നിലനിര്‍ത്തുന്നതിനാല്‍ ഫലത്തില്‍ നാലുവരിപാതയുടെ പ്രയോജനവും ലഭിക്കും.
പുതിയ പാലനിര്‍മാണത്തിന് ഗതാഗതം തടയേണ്ട കാര്യവും ഉണ്ടായില്ല. 25 മീറ്ററില്‍ ബാക്കിഭാഗം രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി. ഇപ്പോഴത്തെ എസ്റ്റിമേറ്റില്‍ അതുള്‍പ്പെടുത്തിയിട്ടില്ല.
റെയില്‍വേയുടെ നാല് വരിട്രാക്ക് വികസനം വരുന്നതോടെ രണ്ടാംഘട്ടം മേല്‍പ്പാലവികസനം റെയില്‍വേയുടെ കണക്കില്‍ നടപ്പാക്കാമെന്നാണ് പ്രതീക്ഷപുതിയ മേല്‍പാലനിര്‍മാണത്തിന് സ്ഥലത്തെ മൂന്ന് കുടിലുകള്‍ നീക്കേണ്ടതുണ്ടെങ്കിലും അത് പ്രശ്‌നമാകില്ലെന്ന് മേയര്‍ അജിത ജയരാജന്‍ പറഞ്ഞു.
കുടിലുകളില്‍ ഇപ്പോള്‍ ആള്‍താമസമില്ല. മാത്രമല്ല ഇവര്‍ക്ക് നേരത്തെ പകരം സ്ഥലം അനുവദിച്ചിട്ടുള്ളതാണെന്നും മേയര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it