thrissur local

ദിവാന്‍ജിമൂല മേല്‍പ്പാലം; അപ്രോച്ച് റോഡിനുള്ള കാത്തിരിപ്പ് തുടരുന്നു

തൃശൂര്‍: ദിവാന്‍ജി മൂലമേല്‍പ്പാല നിര്‍മാണം അവസാനഘട്ടത്തിലെത്തിയിട്ടും അപ്രോച്ച് റോഡിനുള്ള കാത്തിരിപ്പ് തുടരുന്നു. എട്ട്‌കോടി ചിലവ് വരുന്ന അപ്രോച്ച് റോഡിനുള്ള ടെണ്ടര്‍ നടപടികള്‍ കോര്‍പ്പറേഷന്‍ പൂര്‍ത്തിയാക്കി.
8.08 കോടിയുടെ എസ്റ്റിമേറ്റില്‍ 7.58 കോടി രൂപക്ക് പണി ഏറ്റെടുക്കാനുള്ള കാസര്‍കോടുകാരന്‍ അബുബക്കറിന്റെതാണ് കുറഞ്ഞ ടെണ്ടര്‍. കരാര്‍ ഒപ്പിട്ടാല്‍ പണി തുടങ്ങാം. ഏപ്രിലില്‍ പണി തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് കോര്‍പ്പറേഷന്‍. ഒരുവര്‍ഷമാണ് നിര്‍മ്മാണകാലാവധി. അപ്രോച്ച് റോഡ് പണി തീരുന്നതുവരെ റെയില്‍വേ മേല്‍പ്പാലം നോക്കുകുത്തിയായി തുടരും.പാലത്തിന്റെ കിഴക്കുഭാഗത്ത് 9.5 സെന്റ് സ്ഥലം കോര്‍പറേഷന്‍ വിലക്ക് വാങ്ങിയിട്ടുണ്ട്. പ്ലാന്‍ ഫണ്ടില്‍ നിന്നാണ് ഇതിനുള്ള 4 കോടിയില്‍പരം രൂപ കണ്ടെത്തിയത്. സെന്റിന് 48 ലക്ഷത്തോളമാണ് വില. കിഴക്കുഭാഗം സ്ഥലം ലഭ്യമാക്കിയെങ്കിലും പടിഞ്ഞാറുഭാഗം സ്ഥലത്തേകുറിച്ച് തീരുമാനമായിട്ടില്ല. മൊത്തം 28 സെന്റ് സ്ഥലം ആവശ്യമായതില്‍ 18 സെന്റ് പടിഞ്ഞാറ് ഭാഗത്ത് കറുവത്ത് വീട്ടുകാരുടേതാണ്. സ്ഥലം വിട്ടുനല്‍കാന്‍ അവര്‍ തയ്യാറാണെങ്കിലും കലക്ടര്‍ നിശ്ചയിച്ച വില അംഗീകരിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല.
കിഴക്ക് 48 ലക്ഷം നിശ്ചയിച്ചപ്പോള്‍ പടിഞ്ഞാറ് ഭാഗത്തിന് 4 ലക്ഷമാണ് കലക്ടര്‍ നിശ്ചയിച്ച വില. 35 ലക്ഷമെങ്കിലും കിട്ടണമെന്നാണവരുടെ ആവശ്യം. സ്ഥലമെടുപ്പിനെതിരെ കറുവത്തു കണ്ണന്‍ തുടങ്ങിയവര്‍ നല്‍കിയ ഹരജി ഹൈക്കോടതിയിലാണ്. ഹൈക്കോടതി സ്ഥലമെടുപ്പ് തടഞ്ഞിട്ടുമില്ല.
അതേസമയം കലക്ടര്‍ നിശ്ചയിച്ചതിലും കൂടുതല്‍ വില നല്‍കാനാകില്ലെന്നാണ് കോര്‍പ്പറേഷന്‍ നിലപാട്. വില നിശ്ചയിച്ചാല്‍തന്നെ പണം കണ്ടെത്താനും പടിഞ്ഞാറ് ഭാഗം സ്ഥലമെടുപ്പ് ഒഴിവാക്കി ലഭ്യമായ സ്ഥലത്ത് അപ്രോച്ച് റോഡ് ഒരുക്കാനാണ് ശ്രമം. പൂത്തോള്‍ ജംഗ്ഷനില്‍ കുറച്ച് പുറമ്പോക്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ നാല്‌വരിപ്പാതക്ക് അനുഗുണമായ അപ്രോച്ച് റോഡ് സംവിധാനം പൂത്തോള്‍ ഭാഗത്തുണ്ടാകില്ല.
രണ്ടരവര്‍ഷം മുമ്പാണ് റെയില്‍വേ ഭാഗം പാലം നിര്‍മ്മാണത്തിന് 6.33 കോടി രൂപ കോര്‍പ്പറേഷന്‍ റെയില്‍വേയില്‍ കെട്ടിവെച്ചത്. ആറ് മാസം കൊണ്ട് തീര്‍ക്കേണ്ട പാലം ഇതുവരേയും ഗതാഗത യോഗ്യമായിട്ടില്ല. പാലത്തിന്റെ മെയില്‍സ്ലാബ് വാര്‍ക്കാന്‍ ഒരു മാസം മുമ്പേ തീര്‍ന്നു. ഇനി ടാറിങ്ങ് പൂര്‍ത്തിയാക്കി ഇരു ഭാഗത്തും കൈവരികള്‍ കൂടി തീര്‍ക്കാനുണ്ട്. ഒരു മാസത്തിനകം പാലം പണിപൂര്‍ണ്ണമായും തീര്‍ത്ത് കോര്‍പ്പറേഷന് കൈമാറുമെന്ന് റെയില്‍വേ അറിയിച്ചു.
Next Story

RELATED STORIES

Share it