thrissur local

ദിവാന്‍ജിമൂല മേല്‍പ്പാലം: അപ്രോച്ച് റോഡ് പണി അനിശ്ചിതത്വത്തില്‍



തൃശൂര്‍: ദിവാന്‍ജിമൂല മേല്‍പ്പാലത്തിന് അപ്രോച്ച് റോഡ് നിര്‍മാണ പ്രതീക്ഷ അനിശ്ചിതത്ത്വത്തിലായി. വിപണി വില ഉറപ്പുവരുത്താനെ ഭൂമി വിട്ടുകൊടുക്കാനാകില്ലെന്ന സ്ഥലം ഉടമയുടെ നിലപാടാണ് റോഡ് നിര്‍മാണം പ്രതീക്ഷയില്‍ ആശങ്ക സൃഷ്ടിച്ചത്.അപ്രോച്ച് റോഡിനായി 35 സെന്റ് അക്വയര്‍ ചെയ്യേണ്ടതുണ്ട്. പാലത്തിന്റെ കിഴക്കേഭാഗം ദിവാന്‍ജിമൂല ഭാഗത്ത് സെന്റിന് 27 ലക്ഷം  ജില്ലാ കലക്ടര്‍ വില നിശ്ചയിച്ചപ്പോള്‍ പടിഞ്ഞാറ് പൂത്തോള്‍ ഭാഗത്ത് വെറും നാല് ലക്ഷമാണ് കലക്ടര്‍ നിശ്ചയിച്ച വില.ഒരു പാലത്തിന് ഇരുവശത്തുമുള്ള സ്ഥലത്തിന് ഇത്രയും അന്തരം അംഗീകരിക്കാനാകില്ലെന്ന് പൂത്തോള്‍ ഭാഗത്തെ സ്ഥലം ഉടമയായ കുറുവത്ത് രാമചന്ദ്രന്‍ പറഞ്ഞു. ന്യായമായ വിപണി വില രേഖാമൂലം ഉറപ്പുവരുത്തിയാല്‍ സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും വികസനത്തിന് തടസ്സം നില്‍ക്കുന്ന പ്രശ്‌നമില്ലെന്നും രാമചന്ദ്രന്‍ പറഞ്ഞു. ഇവരുടെ വക 13 സെന്റ് സ്ഥലമാണ് പൂത്തോള്‍ ഭാഗത്ത് റോഡ് വികസനത്തിനാവശ്യം. ബാക്കി 22 സെന്റ് സ്ഥലം ദിവാന്‍ജിമൂല ഭാഗത്താണ്.ഒരു ചെറിയ പാലത്തിനിരുവശത്തുമുള്ള രണ്ട് ഭൂമികള്‍ക്ക് ജില്ലാ കലക്ടര്‍ നിശ്ചയിച്ച വിലയില്‍ വന്ന ഇത്രയും അന്തരവും അത്ഭുതകരമാണ്. കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനമെടുത്താല്‍ ഉടമയുമായി നെഗോഷിയേറ്റ് ചെയ്ത് ജില്ല കലക്ടര്‍ക്ക് ന്യായ വില നിശ്ചിയച്ച ഭൂമി വാങ്ങാമെങ്കിലും എല്‍ഡിഎഫ് കൗണ്‍സിലിന്റെ നയപരമായ നിലപാട് ഇതിന് തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്.സ്ഥലമെടുപ്പ് നടപടിക്രമമനുസരിച്ച് ജില്ലാകലക്ടര്‍ സെന്റിന് 8.5 ലക്ഷം രൂപ മാത്രം മൂല്യം കണ്ട കിഴക്കേ കോട്ട ജങ്ഷനിലെ സ്ഥലം അന്നത്തെ ജില്ലാകലക്ടര്‍ എംഎസ് ജയ നെഗോഷിയേറ്റ് ചെയ്ത് 17.5 ലക്ഷം രൂപ വില നിശ്ചയിച്ചാണ് കോര്‍പറേഷന്‍ സ്ഥലം വാങ്ങാന്‍ കരാറുണ്ടാക്കിയത്. അത് വിശ്വസിച്ച് ഉടമകള്‍ സ്ഥലവും കോര്‍പറേഷന് കൈമാറി. ജങ്ഷന്‍ വികസനവും കോര്‍പറേഷന്‍ നടത്തി. എന്നാല്‍ ഇതഴിമതിയാണെന്നും 8.5 ലക്ഷം രൂപ വച്ച് മാത്രമേ നല്‍കാനാവൂ എന്നും കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമുണ്ടായി. രണ്ട് ഭരണ സമിതികള്‍ കൈകൊണ്ട വിരുദ്ധ തീരുമാനങ്ങള്‍ ഭൂമി വികസനത്തിന് സ്ഥലം വിട്ടുനല്‍കുന്നവരുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതായി. ന്യായവില ഉറപ്പു നല്‍കിയാല്‍ സ്ഥലം മുന്‍കൂറായി വിട്ടുനല്‍കാന്‍ നേരത്തെ സന്നദ്ധത അറിയിച്ച് പൂത്തോളിലെ സ്ഥലം ഉടമയും വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയ സ്ഥിതിയാണ്. യുഡി.എഫിനെതിരേ അഴിമതി ആരോപിച്ച്,  കിഴക്കേ കോട്ടയില്‍ സ്വീകരിച്ച നിലപാടില്‍ നിന്ന് നയപരമായി പിന്‍വാങ്ങിയൊരു നിലപാട് എല്‍ഡിഎഫ് ഭരണനേതൃത്വത്തിന് സ്വീകരിക്കാന്‍ പറ്റാത്ത വെട്ടിലാണിപ്പോള്‍ ഭൂമിവില നിര്‍ണയിക്കാനുള്ള അധികാരം കലക്ടര്‍ക്ക് മാത്രമാണ്. സ്ഥലമെടുപ്പ് നടപടിക്രമമനുസരിച്ച് കലക്ടര്‍ നിശ്ചയിക്കുന്ന വില സ്വീകാര്യമല്ലെങ്കില്‍ ഉടമക്ക് കോടതിയെ സമീപിക്കാം. എന്നാല്‍  ഉഭയകക്ഷി ചര്‍ച്ചയില്‍ വില നിശ്ചയിച്ചാല്‍ കോടതിയില്‍ പോകാനാകില്ല. മാത്രമല്ല ജില്ലാകലക്ടര്‍ക്ക് നെഗോഷിയേഷന്‍ നടത്തണമെങ്കില്‍ തന്നെ സര്‍ക്കാരിന്റെ അനുമതി വേണമായിരുന്നുവെന്നാണ് കഴിഞ്ഞ കൗണ്‍സിലില്‍ എല്‍ഡിഎഫിന്റെ വാദം. അതില്ലാതെ കിഴക്കേകോട്ടയില്‍ വില നിര്‍ണയിച്ചതു നിയമപരമായും തെറ്റാണെന്ന് സിപിഎം അംഗം പി കൃഷ്ണന്‍കുട്ടി മാസ്റ്റര്‍ ചൂണ്ടികാട്ടിയിരുന്നു.ജില്ലാകലക്ടര്‍ സ്ഥലവില നിശ്ചയിച്ച് നല്‍കിയിട്ട് ആറ് മാസം പിന്നിട്ടിട്ടും ഇതുവരെ കോര്‍പറേഷന്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല. കലക്ടര്‍ നിശ്ചയിച്ച വില സ്വീകരിക്കാന്‍ ഉടമ തയ്യാറില്ലെങ്കില്‍ അക്വിസിഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് രണ്ടുവര്‍ഷമെടുക്കും. അതേസമയം ഭൂമി വിട്ടുനല്‍കാന്‍ ഉടമ സന്നദ്ധത കത്തു നല്‍കിയാല്‍ വിജ്ഞാപനം നടത്തി കുറഞ്ഞ സമയംകൊണ്ട് സ്ഥലമെടുക്കാം.
Next Story

RELATED STORIES

Share it