malappuram local

ദിവസവും നാല് കിലോമീറ്റര്‍ സര്‍വേ നടത്തും: ജില്ലാ കലക്ടര്‍

മലപ്പുറം: ജില്ലയില്‍ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സര്‍വേ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് കൂടുതല്‍ ടീമുകളെത്തിയതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. അടുത്ത തിങ്കളാഴ്ച മുതല്‍ ദിവസവും നാലുകിലോ മീറ്റര്‍ സര്‍വേ നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള ഒരു ടീമിനു പുറമെ രണ്ട് ടീമുകള്‍ കൂടി കഴിഞ്ഞ ദിവസം എത്തിയിട്ടുണ്ട്. ഈ മൂന്ന് ടീമുകള്‍ കഴിഞ്ഞ ദിവസം ഉച്ചവരെ മാത്രം 2.1 കിലോമീറ്റര്‍ സര്‍വേ നടത്തിയിട്ടുണ്ട്. ഇതിനു പുറമെ മാര്‍ച്ച് 26ന് ഒരു ടീമുംകൂടി എത്തും. തിങ്കളാഴ്ച ഈ നാല് ടീമുകളും ഒന്നിച്ച് രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചുവരെ സര്‍വേ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് ദിവസവും നാല് കിലോ മീറ്റര്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സഹായിക്കുമെന്നാണ് കരുതുന്നത്.
ദേശീയപാതയില്‍ 6.6 കിലോ മീറ്റര്‍ പാതയാണ് ഇതുവരെ സര്‍വേ നടത്തിയത്. ഇതിനിടയില്‍ 264 സര്‍വേ കല്ലുകള്‍ 50 മീറ്റര്‍ ഇടവിട്ട് സ്ഥാപിച്ചുകഴിഞ്ഞു. 26ന് വളാഞ്ചേരി ബൈപാസിന്റെ അതിര്‍ത്തി നിര്‍ണയം നടത്തും. കുറ്റിപ്പുറം പഞ്ചായത്തിലെ കുറ്റിപ്പുറം, നടുവട്ടം വില്ലേജ് എന്നിവടങ്ങളില്‍ സര്‍വേ പൂര്‍ത്തിയാക്കി കഴിഞ്ഞു. തുടര്‍ന്ന് വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ കാട്ടി പരുത്തി വില്ലേജില്‍ കടന്നു. സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളുടെ പൂര്‍ണ സഹകരണമാണ് ലഭിക്കുന്നതെന്ന് സര്‍വേയ്ക്ക് നേരിട്ട് നേതൃത്വം കൊടുക്കുന്ന ഡെപ്യുട്ടി കലക്ടര്‍ ഡോ. അരുണ്‍ ജെ ഒ പറഞ്ഞു.
ഇതുവരെ രണ്ട് ഭൂവുടമകള്‍ മാത്രമാണ് പരാതിയുമായി എത്തിയത്.
അവരുടെ ആവശ്യം പരമാവധീ കമ്പോള വില ലഭിക്കുക എന്നതാണ്. ഇതിനു പുറമെ എല്ലാവരും ആവശ്യപ്പെടുന്ന കാര്യം നഷ്ടപരിഹാരത്തുക ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പെ ലഭിക്കണന്നെതുമാണ്. എന്നാല്‍, ഭൂമിക്ക് നിയമം അനുശാസിക്കുന്ന പരമാവധി തുക നല്‍കിയതിനുശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളു എന്ന് ഭൂവുടമകളെ അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it