Flash News

ദിവസവും എണ്ണ വില നിശ്ചയിക്കാനുള്ള തീരുമാനം കൊലക്കയര്‍ ; പമ്പുടമകള്‍



കൊച്ചി: ജൂണ്‍ 16 മുതല്‍ രാജ്യവ്യാപകമായി ദിവസവും എണ്ണവില നിശ്ചയിക്കാനുള്ള എണ്ണ കമ്പനികളുടെ തീരുമാനം കൊലക്കയറിനു തുല്യമാണെന്ന് പമ്പുടമകള്‍. എണ്ണ കമ്പനികളുടെ തീരുമാനം പമ്പുടമകളുടെ ദ്രോഹിക്കുന്നതും ഉറക്കം കെടുത്തുന്നതുമാണെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രഡേഴ്‌സ് ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന്‍ തേജസിനോട് പറഞ്ഞു. ദിനംപ്രതി വില നിശ്ചയിക്കുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ സംസ്ഥാനത്തെ പത്തു ശതമാനം പെട്രോള്‍പമ്പുകളില്‍ മാത്രമാണ് നിലവിലുള്ളത്. പലയിടത്തും ഇത് കാര്യക്ഷമമായല്ല പ്രവര്‍ത്തിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി ഫുള്ളി ഓട്ടോമേറ്റഡ് സംവിധാനം എല്ലാ പെട്രോള്‍, ഡീസല്‍ പമ്പുകളിലും സ്ഥാപിച്ചുവെന്നാണ് എണ്ണ കമ്പനികളുടെ വാദം. ഇത് ശരിയല്ല. സംസ്ഥാനത്ത് 2100 പെട്രോള്‍ പമ്പുകളാണുള്ളത്. ഇതില്‍ 90 ശതമാനം പമ്പുകളിലും ഓട്ടോമേറ്റഡ് സംവിധാനമില്ല. മാത്രമല്ല; ഈ സംവിധാനം നടപ്പാക്കാന്‍ മൂന്ന് സ്വകാര്യ ഏജന്‍സികളെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇവര്‍ക്ക് ലാഭമുണ്ടാക്കുകയാണോ എണ്ണ കമ്പനികളുടെ ലക്ഷ്യമെന്ന് സംശയമുണ്ട്. ദിവസവും അര്‍ധരാത്രി 12 മണിക്ക് വില പുതുക്കാനാണ് നേരത്തേ തീരുമാനമുണ്ടായിരുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് ഇത് ഉച്ചയ്ക്ക് 12ന് ആക്കാനുള്ള നീക്കമുണ്ട്. എങ്ങനെ വന്നാലും ദിവസവും വില മാറ്റാനുള്ള തീരുമാനം കാര്യമായ പ്രയോജനമുണ്ടാക്കില്ലെന്നാണ് പമ്പുടമകളുടെ വാദം. ഓരോ ദിവസത്തേക്കല്ല കമ്പനികള്‍ എണ്ണ വാങ്ങുന്നത്. നേരത്തേ സ്റ്റോക്ക് ചെയ്യുകയാണ് പതിവ്. ഈ സാഹചര്യത്തില്‍ ദിവസവും എണ്ണവില മാറ്റുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നും പമ്പുടമകള്‍ പറയുന്നു.
Next Story

RELATED STORIES

Share it