palakkad local

ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം: കെയുഡബ്ല്യൂജെ പ്രതിഷേധിച്ചു

പാലക്കാട്: ജെഎന്‍യു യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാന്‍ കനയ്യകുമാറിനെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ വക്കീലന്‍മാരും സംഘപരിവാരങ്ങളുടേയും നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പാലക്കാട്ട് മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം ശക്തമായ താക്കീതായി. കനയ്യകുമാറിനെതിരെ കള്ളക്കേസുണ്ടായി രാജ്യദ്രോഹകുറ്റം ചുമത്തി ജയിലലടക്കുകയും പട്യാല കോടതിയില്‍ ഹാജരാക്കുന്നതിനിടെ വക്കീലന്‍മാരുടേയും സംഘപരിവാരങ്ങളുടേയും നേതൃത്വത്തില്‍ തല്ലിച്ചതയ്ക്കുന്നത് റിപോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരേയാണ് ക്രൂരമായ രീതിയില്‍ മര്‍ദ്ദിച്ചത്.
ഇത് രണ്ടാം തവണയാണ് ജെഎന്‍യുവില്‍ നടന്ന സംഘപരിവാരങ്ങളുടെ ഹിഡന്‍ അജണ്ടയുടെ ഭാഗമായുള്ള വേട്ടയാടലിനിടെ മാധ്യമപ്രവര്‍ത്തകരേ കനയ്യകുമാറിനൊപ്പം മര്‍ദ്ദിക്കുന്നത്. ജനങ്ങളിലേക്ക് വാര്‍ത്തകള്‍ എത്തിക്കുന്നതിനായി ജോലി ചെയ്യുന്നവരെ സംഘപരിവാരങ്ങളും കറുത്ത കോട്ടിട്ടവരും മര്‍ദ്ദിച്ച സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം വിവിധ കോണുകളില്‍ നിന്നുയര്‍ന്നുവരുന്നതിനിടേയാണ് പാലക്കാട്ട് ശക്തമായ പ്രതിഷേധ സമരവുമായി മാധ്യമപ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.
ഇന്നലെ രാവിലെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് പ്രസ് ക്ലബില്‍ ചേര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധ യോഗത്തിന് ശേഷമാണ് അമ്പതോളം പേരുടെ നേതൃത്വത്തില്‍ പാലക്കാട് നഗരത്തില്‍ ദില്ലി സംഭവത്തിലെ കുറ്റവാളികള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി മാധ്യമപ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. വാര്‍ത്താ സ്വാതന്ത്ര്യം സംരക്ഷിക്കുക, അസഹിഷ്ണുതയ്ക്കിടെ മാധ്യമപ്രവര്‍ത്തകരെ തല്ലി നിലയ്ക്കുനിര്‍ത്താനുള്ള ശ്രമങ്ങളെ തടയുക, മാധ്യമപ്രവര്‍ത്തന സ്വാതന്ത്ര്യം സംരക്ഷിക്കുക, എഴുതാനുള്ള സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ കോടതിയും ഭരണകൂടവും ഇടപെടുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയ പ്ലക്കാര്‍ഡുകളുമായാണ് മാധ്യമപ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. പാലക്കാട് പ്രസ് ക്ലബ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ജില്ലാ ആശുപത്രിയ്ക്ക് മുമ്പിലൂടെ പാലക്കാട് നഗരസഭ പരിസരത്തുകൂടെ ചുറ്റിയാണ് സമാപിച്ചത്. മാധ്യമപ്രവര്‍ത്തകരെ തല്ലി ചതച്ച് വാര്‍ത്തകളില്‍ ഇടപെടാമെന്ന് ആരും ധരിക്കേണ്ടയെന്ന മുന്നറിയിപ്പോടെയാണ് പ്രതിഷേധ സമരം പ്രസ് ക്ലബിന് മുമ്പില്‍ സമാപിച്ചത്.
രാവിലെ പാലക്കാട് പ്രസ് ക്ലബില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പ്രസ് ക്ലബ് സെക്രട്ടറി സി ആര്‍ ദിനേശ്, വൈസ് പ്രസിഡന്റ് എന്‍ രമേശ്, ജോയിന്റ് സെക്രട്ടറി എസ് മഹേഷ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജേന്ദ്രന്‍ കല്ലേപ്പുള്ളി, ഷില്ലര്‍ സ്റ്റീഫന്‍, ജോണ്‍ അറയ്ക്കല്‍, മുസ്തഫ, കെ പി ജലീല്‍, കെ സനൂപ് സംസാരിച്ചു. തുടര്‍ന്ന് നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് വേണു കെ ആലത്തൂര്‍, ടി ജിനേഷ്, എം കെ സുരേഷ്‌കുമാര്‍, കൃപലാല്‍, യാസിര്‍, എം വി വസന്ത് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it