Flash News

ദിലീപിന് റിലീസ്‌



കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസിലെ 11ാം പ്രതി ചലച്ചിത്രതാരം ദിലീപിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. നേരത്തേ രണ്ടുതവണ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ മാറ്റമുണ്ടെന്ന് കോടതി പറഞ്ഞു. കേസിലെ സുപ്രധാന സാക്ഷികളായ 20 പേരുടെ മൊഴി മജിസ്‌ട്രേറ്റും മറ്റു സാക്ഷികളുടെ മൊഴി പോലിസും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിചാരണ തടസ്സപ്പെടുത്തുമെന്നു പറഞ്ഞ് ദിലീപിനെ ജയിലില്‍ അടയ്ക്കുന്നത് നീതീകരിക്കാനാവില്ലെന്നു വ്യക്തമാക്കിയാണ് കോടതി നടപടി.ദിലീപിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പോലിസ് പോലും പറയുന്നില്ല. വിചാരണ തടസ്സപ്പെടുമെന്ന പ്രോസിക്യൂഷന്റെ ആശങ്കകള്‍ ഫലപ്രദമായ ഉപാധികള്‍ വച്ചു പരിഹരിക്കാവുന്നതാണ്. ഇരയ്ക്കും സാക്ഷികള്‍ക്കും വിചാരണ കഴിയും വരെ ഭീഷണിയില്‍ നിന്നും വിരട്ടലില്‍ നിന്നും സംരക്ഷണം നല്‍കല്‍ കോടതിയുടെ ഉത്തരവാദിത്തമാണ്. അതിനാല്‍ കടുത്ത ഉപാധികളോടെ ജാമ്യം അനുവദിക്കുകയാണെന്ന് ഏഴ് പേജുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നു.ഒരുലക്ഷം രൂപയുടെ ബോണ്ടും മജിസ്‌ട്രേറ്റ് തീരുമാനിക്കുന്ന തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും നല്‍കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാവണം.  കുറ്റപത്രം സമര്‍പ്പിക്കും വരെ അന്വേഷണത്തില്‍ ഇടപെടരുത്. ബോണ്ട് നല്‍കി ഏഴു ദിവസത്തിനകം പാസ്‌പോര്‍ട്ട് മജിസ്‌ട്രേറ്റിനു മുമ്പില്‍ സമര്‍പ്പിക്കണം. നേരിട്ടോ അല്ലാതെയോ മറ്റാരെങ്കിലും വഴിയോ ഇരയെയോ സാക്ഷികളെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ഭയപ്പെടുത്താനോ പാടില്ല, അച്ചടി, ഇലക്ട്രോണിക്, ദൃശ്യമാധ്യമങ്ങളിലൂടെ ഇത്തരം കാര്യങ്ങള്‍ പ്രകടിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചനാ വകുപ്പു പ്രകാരമാണ് ഇയാള്‍ പ്രതിയാവുന്നത്.  കുറ്റകൃത്യത്തിലെ പങ്കാളിത്തം സാഹചര്യത്തെളിവും രേഖാപരമായ തെളിവും സാക്ഷിമൊഴികളും വച്ച് തെളിയിക്കേണ്ടതുണ്ട്. രേഖാപരമായ തെളിവുകളെന്നാല്‍ മൊബൈ ല്‍ ഫോണ്‍ വിളികളുടെ വിവരങ്ങള്‍, ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍, ബില്ലുകള്‍, രജിസ്റ്റര്‍ തുടങ്ങിയവയാണെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് കോടതിയുടെ ജാമ്യ ഉത്തരവ് ഹാജരാക്കി വൈകുന്നേരം 5.20 ഓടെ ദിലീപ് ജയിലില്‍ നിന്നു പുറത്തിറങ്ങി. വീട്ടിലെത്തിയ ദിലീപിനെ നടന്‍ സിദ്ദീഖ്, രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി അടക്കമുള്ള സിനിമാപ്രവര്‍ത്തകരും ബന്ധുക്കളും ചേര്‍ന്നു സ്വീകരിച്ചു. 84 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്കു ശേഷമാണ്  ദിലീപിന് ജാമ്യം നല്‍കിയത്.
Next Story

RELATED STORIES

Share it