ദിലീപിനെ തിരിച്ചെടുത്തത് അമ്മയുടെ ഏകകണ്ഠമായ തീരുമാനം: മോഹന്‍ലാല്‍

തിരുവനന്തപുരം: ദിലീപിനെ തിരികെയെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി അമ്മ പ്രസിഡന്റ് നടന്‍ മോഹന്‍ലാല്‍. ദിലീപിനെ തിരിച്ചെടുക്കാമെന്നത് അമ്മയുടെ പൊതുയോഗത്തില്‍ എകകണ്ഠമായി എടുത്ത തീരുമാനമാണ്. കഴിഞ്ഞ 26ന് ചേര്‍ന്ന പൊതുയോഗത്തില്‍ ഇതുസംബന്ധിച്ച് എതിര്‍ശബ്ദങ്ങളില്ലാതെ ഉയര്‍ന്നുവന്ന പൊതുവികാരമാണ് ദിലീപിനെതിരെ ഉണ്ടായ പുറത്താക്കല്‍ നടപടിയെ മരവിപ്പിക്കുകയെന്നതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.പൊതുയോഗത്തിന്റെ ഏകകണ്ഠമായ അഭിപ്രായത്തോടൊപ്പം നില്‍ക്കുക എന്ന പ്രാഥമികമായ ജനാധിപത്യ മര്യാദയാണ് അമ്മ നേതൃത്വം കൈക്കൊണ്ടത്. അതിനപ്പുറമുള്ള എന്തെങ്കിലും നിക്ഷിപ്ത താല്‍പര്യങ്ങളോ നിലപാടോ ഈ വിഷയത്തില്‍ അമ്മ നേതൃത്വത്തിനില്ല. ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകയ്ക്കു നേരെയുണ്ടായ കിരാതമായ ആക്രമണത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ തന്നെയാണ് ആ വേദന ആദ്യം ഏറ്റുവാങ്ങിയത്. അന്നു മുതല്‍ ഇന്നുവരെ ആ സഹോദരിക്കൊപ്പം തന്നെയാണു നിലകൊണ്ടിട്ടുള്ളതും.  നല്ലകാര്യത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയെ ഒറ്റയടിക്ക് മാഫിയ എന്നും സ്ത്രീവിരുദ്ധ സംഘമെന്നും മുദ്രകുത്തുന്നത് മനുഷ്യത്വരഹിതമാണ്.ദിലീപിന്റെ അംഗത്വം സംബന്ധിച്ചു പൊതുയോഗം കൈക്കൊണ്ട തീരുമാനം ഔദേ്യാഗികമായി ആ നടനെ അറിയിക്കുക പോലും ചെയ്തിട്ടില്ല. അതിനു മുമ്പേതന്നെ അമ്മയ്‌ക്കെതിരേ മാധ്യമങ്ങള്‍ അതൊരായുധമായി പ്രയോഗിച്ചുതുടങ്ങി. സത്യമെന്തെന്ന് അറിയും മുമ്പ് ഒട്ടേറെ വ്യക്തികള്‍ എതിര്‍പ്പുമായി രംഗത്തുവന്നു. ആ വിമര്‍ശനങ്ങളെ പൂര്‍ണ മനസ്സോടെ ഉള്‍ക്കൊള്ളുന്നു. വാര്‍ഷിക ജനറല്‍ബോഡിയില്‍ പങ്കെടുക്കാത്ത ചിലര്‍ പിന്നീട് എതിര്‍ശബ്ദമുയര്‍ത്തി സംഘടനയില്‍ നിന്നു പുറത്തുപോവുന്നു എന്നു പ്രഖ്യാപിച്ചു. ആ തീരുമാനത്തിനു പുറകിലെ വികാരങ്ങള്‍ എന്തായാലും അതു പരിശോധിക്കാന്‍ പുതിയ നേതൃത്വം തയ്യാറാണ്. തിരുത്തലുകള്‍ ആരുടെ പക്ഷത്തുനിന്നായാലും നടപ്പാക്കാം. വിയോജിപ്പുകള്‍ യോജിപ്പുകളാക്കി മാറ്റാം. ഈ സംഘടനയെ തകര്‍ക്കാം എന്ന ഗൂഢലക്ഷ്യത്തോടെ പെരുമാറുന്നവരെ തല്‍ക്കാലം അവഗണിക്കാമെന്നും സംഘടനയിലെ അംഗങ്ങള്‍ ഒരുമയോടെ നില്‍ക്കേണ്ടത് നമ്മുടെ മാത്രം കാര്യമാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it