ദിലീപിനെതിരേ വീണ്ടും ഹരജി

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സിനിമാതാരം ദിലീപിന് ആലുവ സബ് ജയിലില്‍ ലഭിച്ച നിയമവിരുദ്ധമായ പരിഗണനകളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിനെ എതിര്‍കക്ഷിയാക്കി ഹൈക്കോടതിയില്‍ ഹരജി. തൃശൂര്‍ സ്വദേശി എം മനീഷയാണ് സംസ്ഥാന സര്‍ക്കാര്‍, ഡിജിപി, എറണാകുളം ജില്ലാ പോലിസ് മേധാവി, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ്, ആലുവ സബ് ജയില്‍ സൂപ്രണ്ട് എന്നിവരെയും എതിര്‍കക്ഷിയാക്കി ഹരജി നല്‍കിയിരിക്കുന്നത്. റിമാന്‍ഡിലായിരുന്ന ദിലീപിനു വേണ്ടി ആലുവ സബ് ജയില്‍ സൂപ്രണ്ട് ബാബുരാജും ഉദ്യോഗസ്ഥരും ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ഹരജിയില്‍ ആരോപിക്കുന്നു. റിമാന്‍ഡ് തടവുകാരെ പ്രവൃത്തിദിവസങ്ങളില്‍ സുഹൃത്തുക്കള്‍ക്ക് സന്ദര്‍ശിക്കാന്‍ അനുമതിയുള്ളതായാണ് ജയില്‍ മാന്വലില്‍ പറയുന്നത്. പക്ഷേ, ഓണം അവധിദിനത്തില്‍ പോലും ജയറാം അടക്കമുള്ള സിനിമാ മേഖലയിലെ പ്രമുഖര്‍ക്ക് സന്ദര്‍ശനാനുമതി നല്‍കി. മതിയായ കാരണങ്ങളുണ്ടെങ്കില്‍ അതു രേഖപ്പെടുത്തി മാത്രമേ ആഴ്ചയില്‍ രണ്ടു തവണയില്‍ കൂടുതല്‍ സന്ദര്‍ശനാനുമതി നല്‍കാവൂ. കേസില്‍ പ്രതിയോ സാക്ഷിയോ ആവാന്‍ സാധ്യതയുണ്ടായിരുന്ന കാവ്യ മാധവന്‍, നാദിര്‍ഷാ എന്നിവര്‍ ജയിലില്‍ എത്തി ദിലീപിനെ കണ്ടിരുന്നു. അന്നേ ദിവസം സിസിടിവി കാമറ പ്രവര്‍ത്തിച്ചിരുന്നില്ല. ഒരു തവണയെങ്കിലും ദിലീപിന്റെ സഹായം പറ്റിയിട്ടുള്ള സിനിമാമേഖലയിലുള്ളവര്‍ അദ്ദേഹത്തിനു പിന്തുണ നല്‍കണമെന്ന് ഗണേഷ് കുമാര്‍ പ്രഖ്യാപിച്ചത് ഇതിനു ശേഷമാണ്. കേസിലെ സാക്ഷികളിലധികവും സിനിമാമേഖലയില്‍ ഉള്ളവരാണെന്ന കാര്യം പരിഗണിക്കുമ്പോള്‍ ഇത് അന്വേഷിക്കണമെന്നും ഹരജി ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ച് താന്‍ അധികൃതര്‍ക്ക് നല്‍കിയ നിവേദനം പരിഗണിച്ച് നടപടിയെടുക്കാന്‍ ഉത്തരവിടണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചു നേരത്തേ ഹരജി നല്‍കിയിരുന്നെങ്കിലും ദിലീപിനെ എതിര്‍കക്ഷിയാക്കാതിരുന്നതിനാല്‍ പിന്‍വലിച്ചിരുന്നു. ദിലീപിനെ കൂടി കക്ഷിയാക്കി ചേര്‍ത്താണ് വീണ്ടും ഹരജി നല്‍കിയത്.
Next Story

RELATED STORIES

Share it