Flash News

ദിലീപിനെതിരായ കുറ്റപത്രം വൈകും ; ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്‍ വീഴ്ചമൂലമല്ല : ഡിജിപി



കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ഈയാഴ്ച നല്‍കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കുകയെന്നതു നിയമപരമായ ബാധ്യതയല്ല. അന്വേഷണം നല്ലനിലയില്‍ പുരോഗമിക്കുകയാണ്. മറ്റൊന്നും ഈ ഘട്ടത്തില്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനു ജാമ്യം ലഭിച്ചതു പ്രോസിക്യൂഷന്റെ വീഴ്ചകൊണ്ടല്ല. കോടതിയാണു ജാമ്യം നല്‍കിയത്. അത് അംഗീകരിക്കുന്നുവെന്നും ചോദ്യത്തിനു മറുപടിയായി ഡിജിപി വ്യക്തമാക്കി. 84 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ചൊവ്വാഴ്ചയാണ് ദിലീപിനു ജാമ്യം ലഭിച്ചത്. കടുത്ത ഉപാധികളോടെയാണ് ദിലീപിനു ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തേ ജാമ്യത്തിനായി ദിലീപ് കോടതിയെ സമീപിച്ചിരുന്നെങ്കിലും രണ്ടുതവണ വീതം ഹൈക്കോടതിയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. അതേസമയം, ഈയാഴ്ച തന്നെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു നേരത്തേ അന്വേഷണസംഘം തീരുമാനിച്ചിരുന്നതെന്നായിരുന്നു വിവരം. കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും കുറ്റപത്രം സമര്‍പ്പിക്കാന്‍ തന്നെയായിരുന്നു അന്വേഷണ സംഘം തീരുമാനിച്ചിരുന്നത്. കേസില്‍ ദിലീപ് അറസ്റ്റിലായിട്ട് ഈ മാസം 10ന് 90 ദിവസം തികയുമെന്നിരിക്കെ, അതിനു മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ദിലീപിനു സ്വാഭാവിക ജാമ്യം ലഭിക്കുമെന്നായിരുന്നു. ഇതു തടയാന്‍ വേണ്ടിയായിരുന്നു അന്വേഷണസംഘം നീക്കം നടത്തിവന്നിരുന്നത്. ഇതിനിടയിലാണ് കോടതി ചൊവ്വാഴ്ച ദിലീപിനു ജാമ്യം അനുവദിച്ചത്. ഈ സാഹചര്യത്തില്‍ തിടുക്കപ്പെട്ടു കുറ്റപത്രം സമര്‍പ്പിക്കുന്നതിനു പകരം പഴുതടച്ച കുറ്റപത്രം തയ്യാറാക്കാന്‍ സമയമുണ്ടെന്ന നിലയ്ക്കാണ് ഇപ്പോള്‍ അന്വേഷണസംഘം നീങ്ങുന്നത്.
Next Story

RELATED STORIES

Share it