ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു

അങ്കമാലി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ നടന്‍ ദിലിപിനെ എട്ടാം പ്രതിയാക്കി അന്വേഷണ സംഘം സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു. നവംബര്‍ 22നു സമര്‍പ്പിച്ച കുറ്റപത്രമാണ് അങ്കമാലി കോടതി രണ്ടാഴ്ചത്തെ പരിശോധനയ്ക്കു ശേഷം സ്വീകരിച്ചത്.  1452 പേജ് വരുന്ന കുറ്റപത്രം സൂക്ഷ്മ പരിശോധനയ്ക്കു ശേഷം സാങ്കേതിക പിഴവുകള്‍ പരിഹരിച്ചാണു കോടതി സ്വീകരിച്ചത്.
കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയും പള്‍സര്‍ സുനി ഒന്നാം പ്രതിയുമാണ്. ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ കേസിലെ പ്രധാന സാക്ഷിയാണ്. കുറ്റപത്രം ഫയലില്‍ സ്വീകരിച്ച സാഹചര്യത്തില്‍ തുടര്‍ നടപടി എന്ന നിലയില്‍ ദിലീപ് ഉള്‍പ്പെടെ കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ക്കടക്കം സമന്‍സ് അയച്ച് ഹാജരാവാന്‍ കോടതി ആവശ്യപ്പെടും. കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്കു നല്‍കും. അതിനു ശേഷം കുറ്റപത്രം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്കു കൈമാറും. കേസ് ഏതു കോടതിയില്‍ വിചാരണ ചെയ്യണമെന്നു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാവും തീരുമാനിക്കുക.
ആകെ 12 പ്രതികളാണ് അനുബന്ധ കുറ്റപത്രത്തില്‍ ഉള്ളത്. 450ഓളം രേഖകളും 355 സാക്ഷികളുമാണുള്ളത്. ചലച്ചിത്ര മേഖലയില്‍ നിന്ന് മാത്രം 55 സാക്ഷികളുണ്ട്. ഏഴുപേരെ പ്രതികളാക്കി ആക്രമണക്കേസില്‍ നേരത്തെ കുറ്റപത്രം നല്‍കിയതിനാല്‍ അനുബന്ധമായാണു ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചത്.
പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍ എത്തിച്ചു നല്‍കിയ മേസ്തിരി സുനില്‍, പള്‍സര്‍ സുനിയുടെ കത്ത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് എത്തിച്ച വിഷ്ണു, അഡ്വ. പ്രതീഷ് ചാക്കോ, ഇദേഹത്തിന്റെ ജൂനിയര്‍ അഡ്വ. രാജു ജോസഫ് എന്നിവരാണ് അനുബന്ധ കുറ്റപത്രത്തില്‍ ഒമ്പതു മുതല്‍ 12 വരെ പ്രതികള്‍. സുനിക്കു കത്തെഴുതി നല്‍കിയ വിപിന്‍ലാലും എ ആര്‍ ക്യാംപിലെ പോലിസുകാരന്‍ അനീഷും മാപ്പുസാക്ഷികളാവും.
അതേസമയം, കേസിലെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പള്‍സര്‍ സുനിയും മറ്റു പ്രതികളെയും ഇന്നലെ കോടതിയില്‍ ഹാജരാക്കി. ഇവരെ ഈ മാസം 19 വരെ റിമാന്‍ഡ് ചെയ്തു. വിചാരണാ വേളയില്‍ തനിക്ക് പറയാനുള്ളതു പറയുമെന്നു കോടതിവളപ്പില്‍ വച്ച് പള്‍സര്‍ സുനി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി പറഞ്ഞു.
Next Story

RELATED STORIES

Share it