ദാസ്യവൃത്തി എന്തിലുമേതിലും

വെട്ടും  തിരുത്തും  -   പി  എ  എം  ഹനീഫ്
ദാസ്യം പഴയൊരു പ്രയോഗമാണ്. ഫ്യൂഡലിസം, രാജവാഴ്ച, തമ്പുരാക്കന്‍മാര്‍ ഒക്കെ ഇല്ലാതായതോടെ ദാസ്യവും നിലച്ചു. ഇന്നത് കേട്ടുകേള്‍വി മാത്രം. കേട്ടുകേള്‍വിയാവാന്‍ മുഖ്യ ഇടപെടലുകള്‍ ഉണ്ടായത് ഇന്ത്യയില്‍ സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷമാണ്. അന്ന് നെഹ്‌റുവിന് ദാസ്യം അനുഷ്ഠിച്ച ചില കോണ്‍ഗ്രസ്സുകാര്‍ പ്രചരിപ്പിച്ചത് പണ്ഡിറ്റ് നെഹ്‌റു ഗാന്ധിജിയെ ദാസ്യത്തിലൂടെ കീഴ്‌പ്പെടുത്തി എന്നും നേതാജിയുടെ പ്രസക്തി ഇല്ലാതാക്കിയതിനു പിന്നില്‍ നെഹ്‌റു കുടുംബത്തിന്റെ ദാസ്യസംസ്‌കാരത്തിന് പങ്കുണ്ടെന്നുമായിരുന്നു. ഗാന്ധി, നെഹ്‌റു, ഇന്ദിര എല്ലാവരും പോയി. ഇന്ത്യയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലാണിപ്പോള്‍ ദാസ്യം അവശേഷിക്കുന്നത് എന്നൊരു ചിന്ത പെരിയ ഒരു മാര്‍ക്‌സിസ്റ്റ് ചിന്തകനുമായി പങ്കുവച്ചപ്പോള്‍, കേരളത്തില്‍ ഇ എം എസ് നമ്പൂതിരിപ്പാട് ദാസ്യം ഇഷ്ടപ്പെട്ടിരുന്നതായി അദ്ദേഹം തിരുത്തി. നേരും നെറിയും അക്ഷരാര്‍ഥത്തില്‍ നടപ്പാക്കിയ നിരവധി നല്ല കമ്മ്യൂണിസ്റ്റുകളെ തലപൊന്തിക്കാന്‍ ഇഎംഎസ് അനുവദിച്ചിരുന്നില്ലെന്നും പ്രത്യക്ഷത്തില്‍ സമീപകാല ഉദാഹരണങ്ങള്‍ സഖാക്കള്‍ ചാത്തുണ്ണി മാസ്റ്ററും എംവിആറുമാണെന്നും അനുഭവസമ്പത്തേറെയുള്ള അദ്ദേഹം വ്യക്തമാക്കി. കെ കരുണാകരന്‍ സവര്‍ണനായിരുന്നു. ദാസ്യം ഇഷ്ടപ്പെട്ടിരുന്നു. ഇന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദാസ്യപ്രവൃത്തിയിലൂടെ കരുണാകരന്റെ നല്ല ബുക്കിലും പച്ചമഷിയിലും സ്ഥാനം നേടി, പലതും കരസ്ഥമാക്കി. അവശകാലത്ത് കരുണാകരനെ പലരും പടിയടച്ച കൂട്ടത്തില്‍ രമേശും അതനുഷ്ഠിച്ചു.
ഇഎംഎസിനു ശേഷം കേരളത്തില്‍ ദാസ്യം ആഗ്രഹിക്കുകയും അതു നടപ്പില്‍വരുത്തുകയും ചെയ്യുന്നത് കണ്ണൂര്‍ സഖാക്കളാണ്. കേരള മുഖ്യമന്ത്രി അതില്‍ ഒന്നാമതാണ്. മര്‍ദിതര്‍ സടകുടഞ്ഞതാണെന്നും കണ്ണൂരിലെ ഈഴവപ്രമാണിത്തത്തിന് മുന്‍തൂക്കമുണ്ടായപ്പോള്‍ ചിറയ്ക്കല്‍ കൊട്ടാരത്തിലെ തമ്പുരാന്‍വര്‍ഗത്തെ ആണ്‍-പെണ്‍ ഭേദമില്ലാതെ ദാസ്യവൃത്തിക്ക് ചാന്‍സ് നല്‍കി പ്രോല്‍സാഹിപ്പിച്ചെന്നും പലരും ഉന്നതങ്ങളിലായെന്നും ചൊല്ലുണ്ട്. അതു സത്യവുമാവാം.
ഇപ്പോള്‍ ഈ ദാസ്യവൃത്തി വിഷയമാവാന്‍ കാരണം പോലിസിലെ ദാസ്യവൃത്തികളാണ് വാര്‍ത്തകളില്‍ നിറയെ. അതൊരു ഒറ്റപ്പെട്ട കേസല്ല. കലക്ടര്‍മാര്‍ ദാസ്യവൃത്തി ഇഷ്ടപ്പെടുന്നവരാണ്. പ്രസ്‌ക്ലബ്ബുകളില്‍ സ്ഥിരം പൊറുതിയുള്ള ചിലര്‍ നടത്തുന്ന ദാസ്യപ്രവൃത്തി നിത്യം ഫോട്ടോ അച്ചടിച്ചുവരാനാണെങ്കില്‍, പത്രസ്ഥാപനങ്ങളില്‍ ദാസ്യവൃത്തി അനുഷ്ഠിക്കുന്ന ലേഖകരുണ്ട്, ബ്യൂറോ ചീഫുമാരുണ്ട്, പരസ്യവിഭാഗത്തിലെ ചില കേമന്‍മാരുണ്ട്. ഉദ്ദേശ്യം നക്കാപ്പിച്ചകളാണ്. സാഹിത്യത്തിലും കലയിലും ദാസ്യവൃത്തി പെട്ടെന്ന് തിരിച്ചറിയാനാവും. ചില പ്രമുഖ നോവലിസ്റ്റുകള്‍ ദാസ്യവൃത്തി ഇഷ്ടപ്പെടുന്നവരാണ്. എഴുതാന്‍ കൊതിക്കുന്ന ചില ശൈശവങ്ങള്‍ ഇവരെ കാല്‍തിരുമ്മിയും പുറം ചൊറിഞ്ഞും പ്രോല്‍സാഹിപ്പിക്കും. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം വരെ ദാസ്യവൃത്തിയിലൂടെ നേടിയ ഇഷ്ടന്‍മാരുണ്ട്. എഴുത്തിലുള്ള മിടുക്കുകൊണ്ട് പലതും സ്വയം നേടാമെന്നിരിക്കെ, അന്വേഷിച്ചുവരും പദവികള്‍ എന്നിരിക്കെ 'ഞാന്‍ ദാസ്യവൃത്തിക്ക് തയ്യാര്‍' എന്നാണ് ചില മാന്യരുടെ നെറ്റിയിലൊട്ടിച്ചിട്ട ബാനര്‍ പറയുന്നത്. ചലച്ചിത്രലോകം ദാസന്‍മാരുടെ ഉറുമ്പിന്‍കൂടാണ്. സൂപ്പര്‍സ്റ്റാറുകള്‍ക്കെല്ലാം സ്ഥിരം ദാസന്‍മാരുണ്ട്.
മൊത്തത്തില്‍ മലയാളിയുടെ സ്വഭാവ സവിശേഷതകളുടെ ഭാഗമായിരിക്കുന്നു ദാസ്യസംസ്‌കാരം. അത് പോലിസിലുണ്ട് എന്നുമാത്രം പറഞ്ഞ് വിഷയം ഒതുക്കുന്നതില്‍ അര്‍ഥമില്ല. ദാസ്യവൃത്തി പ്രോല്‍സാഹിപ്പിക്കാത്ത ഏതു രാഷ്ട്രീയപ്പാര്‍ട്ടിയാണ് നിലവിലുള്ളത്? ഏത് ഉദ്യോഗസ്ഥവിഭാഗമാണ് ദാസ്യത്തെ പ്രോല്‍സാഹിപ്പിക്കാത്തത്? എനിക്കു പരിചയമുള്ള ഒരു മുസ്‌ലിം നേതാവ് ആപ്പിള്‍ മുഴുവനോടെ കടിക്കുമ്പോള്‍ കഷണം അടര്‍ന്നു തറയില്‍ വീഴാതിരിക്കാന്‍ കൈ കുമ്പിളാക്കി നില്‍ക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. ബിഷപ് പാലസുകളിലും മഠങ്ങളിലും യൂനിവേഴ്‌സിറ്റികളിലും സദാ പടരുന്ന രോഗമാണ് ദാസ്യമാനിയ. നിപാ വൈറസിനെപ്പോലെ ഇതു തടയാനും മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ല.                             ി
Next Story

RELATED STORIES

Share it