ദാവൂദിന്റെ സഹായിയെ പിടിക്കാന്‍ നീക്കം തുടങ്ങി

ന്യൂഡല്‍ഹി: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹായിയെ പിടികൂടാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ദക്ഷിണാഫ്രിക്കന്‍ അധികൃതരുടെ സഹായം തേടി. സാഹിദ് മിയാന്‍ എന്ന ജോയെ തേടിയാണ് ഏജന്‍സി അധികൃതര്‍ ദക്ഷിണാഫ്രിക്കയുടെ സഹായം അഭ്യര്‍ഥിച്ചത്. രാജ്യത്തെ ബിജെപി, ആര്‍എസ്എസ്, വിശ്വഹിന്ദുപരിഷത്ത്, ബജ്‌റംഗ്ദള്‍ നേതാക്കളെ കൊലപ്പെടുത്താന്‍ നടക്കുന്ന ഗൂഢാലോചനയില്‍ മുഖ്യ പങ്കാളിയാണ് ജോ എന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ ആരോപണം. ജോയെ കുറ്റവാളികളെ കൈമാറുന്ന കരാര്‍ പ്രകാരം രാജ്യത്തേക്ക് കൊണ്ടുവരാനുള്ള നടപടികളും ഏജന്‍സി ആരംഭിച്ചിട്ടുണ്ട്.
ജോയുടെ വിലാസം സംഘടിപ്പിച്ച ദേശീയ അന്വേഷണ ഏജന്‍സി അത് ദക്ഷിണാഫ്രിക്കയ്ക്ക് കൈമാറി. 23 മലാന്‍ റോഡ്, കോസ്റ്റണ്‍, ഡര്‍ബന്‍ റോഡ്, പോര്‍ട്ട് എലിസബത്ത്, ഇസ്‌റ്റേണ്‍ കാപ്പ് എന്നാണ് കൈമാറിയ മേല്‍വിലാസം. ജോയെ അറസ്റ്റ് ചെയ്യാനും ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കയിലിരുന്ന് ദാവൂദിനുവേണ്ടി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത് ജോ ആണെന്നും അന്വേഷണ ഏജന്‍സി ആരോപിക്കുന്നു. പാകിസ്താനിയായ ജാവേദ് ചിക്‌നയുമായി ചേര്‍ന്നാണ് ജോ പ്രവര്‍ത്തിക്കുന്നതെന്നാണ് ഏജന്‍സി പറയുന്നത്. അതോടൊപ്പം ദക്ഷിണാഫ്രിക്കന്‍ പൗരത്വവും നേടിയിട്ടുണ്ട്.
ജോയും ചിക്‌നയും ഡി കമ്പനിയിലെ ഇന്ത്യയിലുള്ള യുവാക്കളോട് ഇന്ത്യയിലെ ഹിന്ദുത്വ നേതാക്കളെ കൊലപ്പെടുത്തിയാല്‍ നല്ല പണവും ദക്ഷിണാഫ്രിക്കയില്‍ ജോലിയും നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതോടൊപ്പം കൊല്ലേണ്ടവരുടെ പട്ടികയും ഹവാലാപ്പണവും എത്തിക്കാന്‍ പാകിസ്താനിലും ദുബയിലും മറ്റുമുള്ളവരെയും ഏര്‍പ്പെടുത്തിയതായും ഏജന്‍സി വ്യക്തമാക്കുന്നു. ജോയെ കൊണ്ടുവരുന്നതോടെ ഡി കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാന്‍ സാധിക്കുമെന്ന് ഏജന്‍സി കരുതുന്നു. ജോയ്‌ക്കെതിരേ നിലവില്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക അയാളെ അറസ്റ്റ് ചെയ്താല്‍ ഏജന്‍സി അധികൃതര്‍ അവിടേക്ക് പോവും. അതോടൊപ്പം ചിക്‌നയുടെ സഹോദരന്‍ ആബിദ് പട്ടേല്‍ ഉള്‍െപ്പടെ 10 പേര്‍ക്കെതിരായ കുറ്റപത്രവും ഏജന്‍സി തയ്യാറാക്കി.
Next Story

RELATED STORIES

Share it