Flash News

ദാദ്രി സംഭവം : പിടിച്ചെടുത്തത് ആട്ടിറച്ചിയെന്ന് പരിശോധനാഫലം

ദാദ്രി സംഭവം : പിടിച്ചെടുത്തത് ആട്ടിറച്ചിയെന്ന് പരിശോധനാഫലം
X
DADRIലക്‌നൗ : ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുമാംസം സൂക്ഷിച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയ കേസില്‍ ഉത്തര്‍പ്രദേശ് വെറ്റിനറി വിഭാഗം നടത്തിയ ഫോറന്‍സിക് പരിശോധനാഫലം പുറത്തുവന്നു. മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്നാണ് പരിശോധനാഫലം. കേസില്‍ ബിജെപിയുടെ പ്രാദേശിക നേതാവ് സഞ്ജയ് റാണയുടെ മകന്‍ വിശാല്‍ ഉള്‍പ്പടെ 15 പേര്‍ക്കെതിരെ കഴിഞ്ഞദിവസം സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തിന്റെ ഭാഗമാണ് പരിശോധനാഫലം.

കുറ്റപത്രത്തില്‍ ബീഫിനെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ല. ബീഫ് എന്നു പറയാതെ ഇറച്ചി എന്നു മാത്രമാണ് പരാമര്‍ശിച്ചിട്ടുള്ളത്. സംഭവത്തിന് തൊട്ടുപിന്നാലെ പോലീസ് ശേഖരിച്ച സാമ്പിളുകളുടെ ഫോറന്‍സിക് പരിശോധനാഫലം ഇനിയും പുറത്തുവന്നിട്ടില്ലെന്നാണ് പോലീസ് പറഞ്ഞിരുന്നത്്. എന്നാല്‍ കണ്ടെടുത്ത ഇറച്ചി ആടിന്റേതാണെന്ന്് ഫോറന്‍സിക് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ നേരത്തേ റിപോര്‍ട്ട് ചെയ്തിട്ടുള്ളതാണ്.

കഴിഞ്ഞ സപ്തംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദാദ്രിയിലെ ക്ഷേത്രത്തില്‍ നിന്നുള്ള തെറ്റായ അറിയിപ്പിനെ തുടര്‍ന്ന് സംഘപരിവാര പ്രവര്‍ത്തകര്‍ 52കാരനായ അഖ്‌ലാഖിനെ വീട്ടില്‍ കയറി അടിച്ചുകൊല്ലുകയായിരുന്നു.15 പേര്‍ക്കെതിരേയാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.

കേസില്‍ 11 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അഖ്‌ലാഖിന്റെ മകള്‍ ഷായിസ്തയുടെ മൊഴി പ്രകാരം ബിഷാദ ജില്ലയില്‍ നിന്ന് രണ്ടു പേരെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. രണ്ടു പേരെ ഇനിയും പിടികിട്ടാനുണ്ട്.
Next Story

RELATED STORIES

Share it