ദാദ്രി ശാന്തമാവുന്നു

ദാദ്രി/ലഖ്‌നോ: മാട്ടിറച്ചി കഴിച്ചെന്നാരോപിച്ച് ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്ന ഉത്തര്‍പ്രദേശ് ദാദ്രിയിലെ ബിഷാദ ഗ്രാമം പതുക്കെ സാധാരണനിലയിലേക്ക് എത്തിത്തുടങ്ങി. പോലിസിന്റെ കനത്ത കാവലും സന്ദര്‍ശകര്‍ക്കു വിലക്കുമുണ്ടെങ്കിലും കുട്ടികള്‍ സ്‌കൂളില്‍ പോ—വാനും ജനങ്ങള്‍ ജോലിക്കു പോവാനും തുടങ്ങി. അതിനിടെ, രാഷ്ട്രീയവിവാദങ്ങള്‍ക്കു ചൂടേറുകയും ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ മരിച്ച 52കാരനായ മുഹമ്മദ് അഖ്്‌ലാഖിന്റെ മകന്‍ ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ സര്‍താജിന് ഡല്‍ഹിയിലെ സുബ്രതോ പാര്‍ക്കില്‍ താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധമുണ്ട്. ഇവര്‍ നിരപരാധികളാണെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാരും പോലിസും മനപ്പൂര്‍വം അവരെ കേസിലേക്കു വലിച്ചിഴയ്ക്കുകയാണെന്നും കേന്ദ്രമന്ത്രി മേനകാഗാന്ധി മാധ്യമങ്ങളോടു പറഞ്ഞു.

യു.പി. സര്‍ക്കാ ര്‍ സംഭവത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ് ഒരു പ്രത്യേക പാര്‍ട്ടിയിലെ അംഗങ്ങളാണു സംഭവത്തിനു പിന്നിലെന്ന് ആരോപിച്ചിരുന്നു. പാര്‍ട്ടിയുടെ പേര് യാദവ് വെളിപ്പെടുത്തിയിരുന്നില്ല. ചില ആളുകള്‍ രാഷ്ട്രീയലക്ഷ്യത്തിനു വേണ്ടി വര്‍ഗീയവിദ്വേഷം കലര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍, ആരോഗ്യകരമായ ജനാധിപത്യവ്യവസ്ഥയില്‍ ഇതു നടപ്പാവുകയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

ക്രമസമാധാനപാലനം പ്രാഥമികമായി സംസ്ഥാനത്തിന്റെ ചുമതലയാണെന്നും അതില്‍ കേന്ദ്രത്തിനു നേരിട്ട് ഇടപെടാന്‍ സാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, അയല്‍വാസികളായ ഹിന്ദുക്കള്‍ അനുശോചനമറിയിച്ച് മരിച്ച അഖ്‌ലാഖിന്റെ വസതിയിലെത്തി. മുഖ്യമന്ത്രി അഖിലേഷ് യാദവ് പൂര്‍ണ സംരക്ഷണം നല്‍കാമെന്ന് ഉറപ്പുനല്‍കിയെന്ന് അഖ്‌ലാഖിന്റെ ബന്ധുക്കള്‍ പറഞ്ഞു. ജില്ലാ മജിസ്‌ട്രേറ്റ് എന്‍ പി സിങ്, പോലിസ് സൂപ്രണ്ട് എസ് കിരണ്‍ എന്നിവര്‍ സമീപപ്രദേശത്തെ ഗ്രാമങ്ങളിലെത്തി സമുദായസൗഹാര്‍ദം നിലനിര്‍ത്തുന്നതിനും സമാധാനപാലനത്തിനും വേണ്ടി ഗ്രാമവാസികളുടെ യോഗം വിളിച്ചുചേര്‍ത്തു.

അഖ്‌ലാഖിന്റെ ഭാര്യ ഇക്രാമ, ഉമ്മ അസ്ഗരി ബീഗം, മകള്‍ ഷയിസ്ത എന്നിവര്‍ മറ്റു ബന്ധുക്കളോടൊപ്പം ഇപ്പോഴും ഗ്രാമത്തിലെ വസതിയില്‍ തന്നെയാണു കഴിയുന്നതെന്ന് അഖ്‌ലാഖിന്റെ സഹോദരന്‍ ജാമിന്‍ അഹ്മദ് പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ അഖ്‌ലാഖിന്റെ മകന്‍ ദാനിഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പോലിസ് ഇതുവരെ മൊഴിരേഖപ്പെടുത്തിയിട്ടില്ല.
Next Story

RELATED STORIES

Share it