Flash News

ദാദ്രി റിപോര്‍ട്ട് : അഖ്‌ലാഖിന്റെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം പിന്‍വലിക്കണമെന്ന് വിനയ് കത്യാര്‍

ലഖ്‌നോ/നോയിഡ: ദാദ്രി സംഭവത്തില്‍ പുതിയ ഫോറന്‍സിക് റിപോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബത്തിന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം പിന്‍വലിക്കണമെന്ന് ബിജെപി. ധനസഹായം പ്രഖ്യാപിച്ച നടപടി സംസ്ഥാന സര്‍ക്കാരിന് പറ്റിയ തെറ്റാണെന്നും എത്രയും വേഗം തീരുമാനം പിന്‍വലിക്കണമെന്നും ബിജെപി നേതാവും എംപിയുമായ വിനയ് കത്യാര്‍ ആവശ്യപ്പെട്ടു.

ഗോവധം നിരോധിക്കപ്പെട്ട സംസ്ഥാനത്ത് അഖ്‌ലാഖ് ഒരു കുറ്റവാളിയാണെന്നും അയാള്‍ക്ക് ധനസഹായം നല്‍കുന്നത് തെറ്റാണെന്നും വിനയ് കത്യാര്‍ പറഞ്ഞു.

[related]അഖ്‌ലാഖിന്റെ കുടുംബത്തിന് ധനസഹായം നല്‍കിയ നടപടി അപലപനീയമാണെന്നും തുക തിരിച്ചു പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തോടനുബന്ധിച്ച് അറസ്റ്റിലായവരെ ഉടന്‍ വിട്ടയക്കണം; അവര്‍ തെറ്റൊന്നും ചെയ്തിട്ടില്ല. റിപോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാള്‍, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ പശുവിനെ ആരാധിക്കുന്നവരോട് മാപ്പു ചോദിക്കണമെന്നും കത്യാര്‍ ആവശ്യപ്പെട്ടു.

പുതിയ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് ബിജെപി ഘടകവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമായിരിക്കുകയാണ്. സംഭവത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ നിന്നു കണ്ടെടുത്തത് ബീഫാണെന്ന മഥുര ഫോറന്‍സിക് ലബോറട്ടറിയുടെ പരിശോധനാഫലത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്ത മുഖ്യമന്ത്രി അഖിലേഷ് യാദവിനെ ബിജെപി കഴിഞ്ഞദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

അടുത്തവര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന യുപിയില്‍ പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി എംപി ആദിത്യനാഥ് ആരോപിച്ചിരുന്നു.
അഖ്‌ലാഖിന്റെ കുടുംബത്തിനെതിരേ പശുവിനെ കശാപ്പ് ചെയ്തതിനു കേസെടുക്കണമെന്നും കേസില്‍ അറസ്റ്റ് ചെയ്ത നിരപരാധികളായ ഹിന്ദുക്കളെ ഉടന്‍ വിട്ടയക്കണമെന്നും ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു.

കേന്ദ്രമന്ത്രി സഞ്ജീവ് ബലിയാന്‍, ബിജെപി എംഎല്‍എ സംഗീത് സോം, കേസിലെ പ്രതി വിഷാലിന്റെ പിതാവ് സജ്ഞയ് റാണ എന്നിവരും അഖ്‌ലാഖിന്റെ കുടുംബത്തിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it