ദാദ്രി: ഫോറന്‍സിക് റിപോര്‍ട്ടിനെ ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു

ലഖ്‌നോ/നോയിഡ: ദാദ്രി സംഭവത്തില്‍ പുതിയ ഫോറന്‍സിക് റിപോര്‍ട്ട് പുറത്തുവന്നതോടെ ഉത്തര്‍പ്രദേശ് ബിജെപി ഘടകവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമായി. സംഭവത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ നിന്നു കണ്ടെടുത്തത് ബീഫാണെന്ന മഥുര ഫോറന്‍സിക് ലബോറട്ടറിയുടെ പരിശോധനാഫലത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്ത മുഖ്യമന്ത്രി അഖിലേഷ് യാദവിനെ ബിജെപി രൂക്ഷമായി വിമര്‍ശിച്ചു.
മാംസം കണ്ടെടുത്തത് അഖ്‌ലാഖിന്റെ വീടിനു പുറത്തുള്ള മാലിന്യ കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്നാണോ വീട്ടിലെ ഫ്രീസറില്‍ നിന്നാണോ എന്നതാണു സംശയം. ഉത്തര്‍പ്രദേശ് മൃഗസംരക്ഷണ വകുപ്പ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത് മാട്ടിറച്ചിയാണെന്നായിരുന്നു.
അടുത്തവര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന യുപിയില്‍ പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി എംപി ആദിത്യനാഥ് ആരോപിച്ചു.
അഖ്‌ലാഖിന്റെ കുടുംബത്തിനെതിരേ പശുവിനെ കശാപ്പ് ചെയ്തതിനു കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിപോര്‍ട്ട് പ്രസിദ്ധീകരിച്ചപ്പോള്‍ ആരും പ്രതിഷേധമറിയിച്ചിരുന്നില്ലെന്നും കേസില്‍ അറസ്റ്റ് ചെയ്ത നിരപരാധികളായ ഹിന്ദുക്കളെ ഉടന്‍ വിട്ടയക്കണമെന്നും അദ്ദേഹം പറഞ്ഞു. അഖ്‌ലാഖിന്റെ വീട്ടില്‍ ഒരു തെറ്റായ കാര്യവും നടന്നിട്ടില്ലെന്നാണ് അഖിലേഷ് യാദവ് പറയുന്നത്. മാംസം പരിശോധനയ്ക്കു നല്‍കിയത് എവിടെയാണ്? ആരാണ് അത് ശേഖരിച്ചത്? വീട്ടില്‍ അരുതാത്തതൊന്നും സംഭവിച്ചിട്ടില്ല. അഖ്‌ലാഖിന്റെ കുടുംബത്തിനു നീതിലഭിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്- അഖിലേഷ് പറഞ്ഞു.
കേന്ദ്രമന്ത്രി സഞ്ജീവ് ബലിയാന്‍, ബിജെപി എംഎല്‍എ സംഗീത് സോം, കേസിലെ പ്രതി വിഷാലിന്റെ പിതാവ് സജ്ഞയ് റാണ എന്നിവരും അഖ്‌ലാഖിന്റെ കുടുംബത്തിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it