ദാദാബ് അഭയാര്‍ഥി ക്യാംപ് അടയ്ക്കാനുള്ള നീക്കത്തിനെതിരേ സോമാലിയ

വാഷിങ്ടണ്‍: കെനിയയിലെ ദാദാബ് അഭയാര്‍ഥി ക്യാംപ് അടച്ചുപൂട്ടാനുള്ള സര്‍ക്കാരിന്റെ പദ്ധതി അപ്രായോഗികമെന്ന് യുഎസിലെ സോമാലിയന്‍ അംബാസഡര്‍ അഹ്മദ് അവാദ് പറഞ്ഞു.3,40,000ത്തോളം സോമാലിയന്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന ക്യാംപ് അടച്ചുപൂട്ടുന്നത് കെനിയ-സോമാലിയ ബന്ധം വഷളാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി. നവംബറോടുകൂടി ക്യാംപ് അടച്ചുപൂട്ടാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 25 വര്‍ഷമായി ക്യാംപ് പ്രവര്‍ത്തിച്ചുവരികയാണ്. ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ഥിക്യാംപായ ദാദാബിനുള്ളില്‍ അഞ്ചു വ്യത്യസ്ത ക്യാംപുകളാണു പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും സോമാലിയന്‍ അഭയാര്‍ഥികളാണ്. ആഭ്യന്തരയുദ്ധംമൂലം സോമാലിയയില്‍ നിന്നു രക്ഷപ്പെട്ടോടിവന്ന അഭയാര്‍ഥികള്‍ക്കായി താല്‍ക്കാലികാടിസ്ഥാനത്തില്‍ 1991ലാണ് ക്യാംപ് തുറന്നുകൊടുത്തത്. സംഘര്‍ഷത്തിനു ശമനമില്ലാതെ തുടരുകയാണ്. അതിനാല്‍ അഭയാര്‍ഥികള്‍ക്ക് തിരിച്ചുപോവാന്‍ സാധിക്കുന്നില്ല. അല്‍ശബാബ് സായുധപ്രവര്‍ത്തകരുടെ കേന്ദ്രമായി ക്യാംപ് മാറിയെന്നാരോപിച്ചാണ് ക്യാംപ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. അതേസമയം, അഭയാര്‍ഥികള്‍ക്കു ഘട്ടംഘട്ടമായി സോമാലിയയിലേക്കു തിരിച്ചുവരാന്‍ സമയംനല്‍കണമെന്നും പെട്ടെന്നുള്ള അടച്ചുപൂട്ടല്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അവാദ് പറഞ്ഞു.
Next Story

RELATED STORIES

Share it