thrissur local

ദലിത് ഹര്‍ത്താല്‍: രണ്ടുപേര്‍ അറസ്റ്റില്‍, പോലിസിന്റെ സംഘപരിവാര പ്രീണനമെന്ന് ആക്ഷേപം

തൃശൂര്‍: ഏപ്രില്‍ 9ന്റെ ദലിത് ഹര്‍ത്താലിന്റെ പേരില്‍ വലപ്പാട് പോലിസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആദി ദ്രാവിഡ പറയ സമുദായ സഭയുടെ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. അക്രമം നടത്തിയെന്നാണ് ആരോപണം.
അക്രമത്തില്‍പ്പെട്ടവരുടെ പേര് കൂടി നല്‍കണമെന്നും പോലിസ് ആവശ്യപ്പെട്ടിട്ടുണ്ടത്രേ. അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണിലെ കാള്‍ ലിസ്റ്റ് പരിശോധിച്ച് പ്രതിപ്പട്ടിക തയ്യാറാക്കാനാണ് പോലീസ് നീക്കം. പ്രവര്‍ത്തകരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അതേസമയം, ദലിത് ഹര്‍ത്താലിന്റെ മറവില്‍ പോലിസ് പ്രതികാര നടപടി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പോലിസ് നടപടി സംഘ് പരിവാറിനെ പ്രീണിപ്പിക്കാനാണെന്നാണ് ആക്ഷേപം ഉയരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ദലിത് വിരുദ്ധ നയങ്ങള്‍ക്കെതിരേ നടത്തിയ ഹര്‍ത്താല്‍ തകര്‍ക്കാന്‍ തുടക്കം മുതല്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ശ്രമിച്ചിരുന്നു.
ദലിത് മുന്നേറ്റത്തെ മുളയിലെ മുള്ളാനുള്ള ശ്രമമാണ് ഹര്‍ത്താലിനെതിരായ പോലിസ് നീക്കമെന്ന് മനുഷ്യാവകാശ കൂട്ടായ്മ വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ഹര്‍ത്താലുകളില്‍ അക്രമ സംഭവങ്ങളുണ്ടായാല്‍ ഒതുക്കി തീര്‍ക്കുന്ന പോലിസ്, ദലിത് ഹര്‍ത്താലിനെതിരേ കര്‍ശന നടപടിയാണ് സ്വീകരിച്ചത്. ഹര്‍ത്താലിന് മുന്നോടിയായി ചരിത്രത്തിലാധ്യമായി കരുതല്‍ തടങ്കല്‍ അടക്കമുള്ള നീക്കങ്ങളാണ് സംസ്ഥാനത്തുണ്ടായത്. പോലിസിലെ സംഘ് പരിവാര്‍ ലോബിയാണ് ദലിതുകള്‍ക്കെതിരേ നീങ്ങുന്നതെന്നും ഇതിന് പിന്തുണ നല്‍കുന്ന നടപടിയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെന്നും നേതാക്കള്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it