thrissur local

ദലിത് ഹര്‍ത്താല്‍ തൃശൂരില്‍ പൂര്‍ണം

തൃശൂര്‍: പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമം പുനസ്ഥാപിക്കാന്‍ പാര്‍ലമെന്റ് ഇടപെടണമെന്നാവശ്യപ്പെട്ട് വിവിധ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തൃശൂര്‍ ജില്ലയില്‍ പൂര്‍ണം. ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയെങ്കിലും സ്വകാര്യ ബസുകളും ഓട്ടോ ടാക്‌സികളും സര്‍വീസ് നടത്തിയില്ല. സ്വകാര്യ ബസുകള്‍ രാവിലെ സര്‍വീസ് ആരംഭിച്ചുവെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞതിനെത്തുടര്‍ന്ന് പൂര്‍ണമായും നിര്‍ത്തിവെയ്ക്കുകയായിരുന്നു.
നഗരത്തില്‍ അപൂര്‍വം ഹോട്ടലുകളും കടകമ്പോളങ്ങളും ഒഴികെ ഭൂരിപക്ഷം കടകളും അടഞ്ഞുകിടന്നു. രാവിലെ സമരാനുകൂലികള്‍ വടക്കേസ്റ്റാന്റിലും ശക്തന്‍ സ്റ്റാന്റിലും ബസുകള്‍ തടഞ്ഞു. വടക്കേസ്റ്റാന്റില്‍ നിന്ന് ബസില്‍ മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്ന രോഗിയേയും കൂടെയുള്ളവരേയും പോലിസ് ഇടപെട്ടാണ് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്.
ഹര്‍ത്താലിനോടനുബന്ധിച്ച് ദലിത് സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. വടക്കേസ്റ്റാന്റില്‍ നിന്നും ആരംഭിച്ച പ്രകടനം സ്വരാജ് റൗണ്ടും ശക്തന്‍ നഗറും ചുറ്റി വടക്കേസ്റ്റാന്റില്‍ തന്നെ സമാപിച്ചു. വിവിധ സംഘടനാ നേതാക്കളായ മണി കോട്ടപ്പടി, ധനേഷ് എടക്കഴിയൂര്‍, പ്രകാശന്‍ അറയ്ക്കല്‍, രാജേഷ് അപ്പാട്ട് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. എസിപി പി വാഹിദ്, ഈസ്റ്റ് സിഐ കെ സി സേതു എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തി. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് എറണാകുളം, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിലേക്കാണ് സര്‍വ്വീസ് നടത്തുന്നത്. കലക്ടറേറ്റിലും ജീവനക്കാരുടെ ഹാജര്‍ നില കുറവായിരുന്നു.
അങ്ങിങ്ങായി ഒറ്റപ്പെട്ട അക്രമങ്ങളൊഴിച്ചാല്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. ദേശീയപാത 17ല്‍ എടമുട്ടത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ് എറിഞ്ഞ് തകര്‍ത്തു. കൊടുങ്ങല്ലൂര്‍, തൃപ്രയാര്‍, വാടാനപ്പള്ളി മേഖലകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകളടപ്പിച്ചു. കുന്നംകുളം, കേച്ചേരി മേഖലയില്‍ രാവിലെ മുതല്‍ കടകളടഞ്ഞു കിടന്നു. ചാലക്കുടി, മാള, ഇരിങ്ങാലക്കുട മേഖലകളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. മാള മേഖലയില്‍ കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടന്നു. സ്വകാര്യ ബസ്സുകള്‍ പൂര്‍ണ്ണമായും നിരത്തില്‍ നിന്നൊഴിഞ്ഞു നിന്നു.
മാള കെ എസ് ആര്‍ ടി സിയില്‍ നിലവിലുള്ള 45 ഷെഡ്യൂളുകളില്‍ 23 ഷെഡ്യൂളുകള്‍ സര്‍വ്വീസിനയച്ചതായി ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. മാളയില്‍ നിന്നും തൃശ്ശൂര്‍, ആലുവ, കൊടുങ്ങല്ലൂര്‍ റൂട്ടുകളിലേക്കാണ് സര്‍വ്വീസുകള്‍ അയച്ചത്. സ്‌കൂളുകളില്‍ ഒരുക്കിയ മികവ് ഉത്സവങ്ങളടക്കം പല പരിപാടികളും മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.
ദലിത് നേതാക്കളെ  അറസ്റ്റ് ചെയ്തതില്‍ എസ്ഡിപിഐ
പ്രതിഷേധിച്ചു
കുന്നംകുളം: ദലിത് ഹര്‍ത്താലിനോടനുബന്ധിച്ച് ദലിത് നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കുന്നംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കുന്നംകുളം മണ്ഡലം കമ്മിറ്റ ിപ്രസിഡന്റ് ഷാഹുല്‍ ഹമീദ് നേതൃത്വം നല്‍കി. പഞ്ചായത്ത്, ബ്രാഞ്ച് ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു.
വാടാനപ്പള്ളി: ഹര്‍ത്താല്‍ ദിനത്തില്‍ കരുതല്‍ തടങ്കല്‍ എന്നപേരില്‍ ദലിത് നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചു എസ് ഡി പി ഐ വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി വാടാനപ്പള്ളി സെന്ററില്‍ പ്രകടനവും പ്രതിഷേധ യോഗവും  നടത്തി. പ്രതിഷേധ യോഗത്തില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷെക്കിര്‍ ശംസുദിന്‍, സെക്രട്ടറി സിറാജുദ്ദീന്‍ അറക്കവിട്ടില്‍ ,  പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൗഫല്‍ വാടാനപ്പള്ളി, മണലൂര്‍ മണ്ഡലം കമ്മിറ്റി അംഗം അഷറഫ് വലിയകത്ത് ബ്രാഞ്ച് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
കെഡിഎഫ്
പ്രവര്‍ത്തകരെത്തി കടകള്‍ അടപ്പിച്ചു
ചേലക്കര: ചേലക്കരയില്‍ കെഡിഎഫ് പ്രവര്‍ത്തകരെത്തി കടകള്‍ അടപ്പിച്ചു. ചേലക്കര ടൗണില്‍ പ്രകടനവും നടത്തി. കെഡിഎഫ് ജില്ലാ പ്രസിഡന്റ് പി സി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കെഡിവൈഎഫ് സംസ്ഥാന പ്രസിഡന്റ് എ രതീഷ്, പി സി ചന്ദ്രന്‍, പി സി സുരേഷ് കുമാര്‍, കെ പ്രമോദ്, രാജു നേതൃത്വം നല്‍കി.
വ്യാപാരി
സംഘടനയുടെ
ആഹ്വാനം
കച്ചവടക്കാര്‍ തള്ളി
തൃശൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഹ്വാനം കച്ചവടക്കാര്‍ തള്ളി. തൃശൂര്‍ നഗരത്തിലടക്കം പ്രധാന ടൗണുകളിലൊന്നും കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചില്ല. ദലിത് ഹര്‍ത്താല്‍ പ്രഖ്യാപിച്ച ഉടനെ അതിനെതിരേ രംഗത്ത് വന്ന സംഘടനാ നിലപാടിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വീസ് നടത്തുമെന്ന സ്വകാര്യ ബസ് ഉടമകളുടെ പ്രഖ്യാപനവും ഫലം കണ്ടില്ല.  ഹര്‍ത്താലില്‍ സഹകരിക്കില്ലെന്നും ബസുകള്‍ സര്‍വീസ് നടത്തുമെന്നും ബസ് ഉടമകളടങ്ങുന്ന സംഘടനകള്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ സര്‍വീസുകള്‍ ആരംഭിച്ച സ്വകാര്യബസുകള്‍ ജില്ലയിലെ പലഭാഗത്തും സമരാനുകൂലികള്‍ തടഞ്ഞു.
തൃശൂര്‍ ശക്തന്‍സ്റ്റാന്‍ഡില്‍ നിന്നടക്കം ബസുകള്‍ സര്‍വീസ് നടത്താനും സമരാനുകൂലികള്‍ അനുവദിച്ചില്ല. സര്‍വീസ് നടത്തിയ ബസുകള്‍ക്ക് മതിയായ സംരക്ഷണം നല്‍കാന്‍ പോലീസ് തയ്യാറാകാത്തതാണ് സര്‍വീസ് നിര്‍ത്തിവെയ്ക്കാന്‍ കാരണമായതെന്ന് ബസുടമകള്‍ വ്യക്തമാക്കി. ഇതോടെ സര്‍വീസ് നിര്‍ത്തിവെയ്ക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ഗീതാനന്ദന്‍
അടക്കമുള്ളവരെ
വിട്ടയക്കണമെന്ന്
ദലിത് ഐക്യവേദി
തൃശൂര്‍: പട്ടികജാതി, വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിലും ഏപ്രില്‍ രണ്ടിന് നടത്തിയ ഭാരതബന്ദിനിടയില്‍ ദലിതരെ കൊലപ്പെടുത്തിയതിലും പ്രതിഷേധിച്ച് നടത്തിയ ദലിത് ഹര്‍ത്താലിനോട് സഹകരിച്ച എല്ലാ ജനാധിപത്യവിശ്വാസികളോടും ജില്ലാ ദലിത് ഐക്യവേദി നന്ദി രേഖപ്പെടുത്തി.
ചരിത്രത്തിലാദ്യമായി ദലിതര്‍ നടത്തുന്ന ഹര്‍ത്താലിനെ സര്‍ക്കാരും പോലീസും നിഷ്ഠുരമായി കടന്നാക്രമിക്കുകയായിരുന്നു. ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന്‍ അടക്കം ഒട്ടേറെ പേരെ പോലീസ് അന്യായമായി കസ്റ്റഡയിലെടുത്തു.
സംഘപരിവാറിനു സഹായകരമായ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടാണ് ഇതിലൂടെ വ്യക്തമായത്. ഇതിനെതിരേ ഭാവികേരളം നിലപാടെടുക്കും. അന്യായമായി അറസ്റ്റ് ചെയ്ത എല്ലാവരെയും ഉടന്‍ വിട്ടയ്ക്കണമെന്ന് ദലിത് ഐക്യവേദി ആവശ്യപ്പെട്ടു.
കുന്നംകുളത്തും ഗുരുവായൂരിലും ഏതാനും പ്രവര്‍ത്തകരെ അന്യായമായി പോലിസ് കസ്റ്റഡിയിലെടുത്തതായി ചെയര്‍മാന്‍ എം എ ലക്ഷ്മണന്‍, കണ്‍വീനര്‍ എ കെ സന്തോഷ് എന്നിവര്‍ പറഞ്ഞു.
തൃശൂര്‍, ചാവക്കാട്, ഗുരുവായൂര്‍, കുന്നംകുളം, വടക്കാഞ്ചേരി, പുത്തൂര്‍, കൊടകര, ചാലക്കുടി, മാള, വെള്ളാങ്കല്ലൂര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, മൂന്നുപീടിക, വലപ്പാട്, തൃപ്രയാര്‍, വാടാനപ്പള്ളി, ചേര്‍പ്പ്, ചിയ്യാരം തുടങ്ങി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലും ഗ്രാമങ്ങളിലും ഹര്‍ത്താലിനോടനുബന്ധിച്ച് പ്രകടനങ്ങളും നടന്നു.
യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍
ഐക്യദാര്‍ഢ്യ
പ്രകടനം നടത്തി
തൃപ്രയാര്‍: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത കേരള ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് നാട്ടിക യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി നടത്തിയ ഐക്യദാര്‍ഢ്യ പ്രകടനം തളിക്കുളം ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍ ഷൈന്‍ നാട്ടിക ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ്സ് നാട്ടിക മണ്ഡലം പ്രസിഡണ്ട് ശീദര്‍ശ് വടക്കൂട്ട് അദ്ധ്യക്ഷത വഹിച്ചു. വിവിദ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ തൃപ്രയാര്‍ നടത്തിയ ദളിത് പ്രകടനത്തെ അഭിസംബോധന ചെയ്ത് യൂത്ത് കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ജെ. യദുകൃഷ്ണ പ്രസംഗിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ്. പ്രസിഡന്റ് സിദ്ധിഖ് .പി.എം., യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ എ.എ.മുഹമ്മദ് ഹാഷിം, ഇസ്മായില്‍ അറയ്ക്കല്‍, മെഹബൂബ് .എ.എം., നൗഷാദ് പി.ഐ, ഉല്ലാസ് വലപ്പാട്, പ്രവീണ്‍ രവീന്ദ്രന്‍, രാനിഷ്.കെ.രാമന്‍, നിഖില്‍.ടി.എസ് എന്നിവര്‍ നേതൃത്യം നല്‍കി.
Next Story

RELATED STORIES

Share it