Alappuzha local

ദലിത് ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം

ആലപ്പുഴ: രാജ്യവ്യാപകമായി നടക്കുന്ന ദലിത് പീഡനങ്ങള്‍ക്കെതിരേ വിവിധ ദലിത് സംഘടനകള്‍ സംസ്ഥാന വ്യാപകമായി നടത്തിയ ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. സ്വകാര്യ ബസ്സ് സര്‍വ്വീസുകളും കെഎസ്ആര്‍ടിസി സര്‍വ്വീസുകളും  പൂര്‍ണ്ണമായും സ്തംഭിച്ചു. ഓട്ടോറിക്ഷകളും ടാക്‌സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല.
സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും  കടകമ്പോളങ്ങളും അടഞ്ഞ് കിടന്നു. അപൂര്‍വ്വം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നഗരത്തില്‍ കാണപ്പെട്ടത്. കലക്ട്രേറ്റിലും വിവിധ സര്‍ക്കാര്‍ ഓഫിസുകളിലും ഹാജര്‍നില നന്നേ കുറവായിരുന്നു. സംസ്ഥാന ജലഗതാഗതവകുപ്പിന്റെ ബോട്ടുകള്‍ സര്‍വീസ് നടത്തി. പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ച് നഗരത്തിലും മാവേലിക്കരയിലുമെല്ലാം വിവിധ ദലിത് സംഘടനകളുടെ പ്രകടനങ്ങള്‍ നടന്നു.
രാവിലെ കടകള്‍ തുറക്കാന്‍ ജീവനക്കാരില്‍ ചിലരെത്തിയെങ്കിലും തുറക്കാന്‍ ഉടമകള്‍ തയ്യാറായില്ല.അതേ സമയം ഹര്‍ത്താലിനോടനുബന്ധിച്ച് വാഹനങ്ങള്‍ തടഞ്ഞതുമായി ബന്ധപ്പെട്ട് ജില്ലയില്‍ 13 പേരെ അറസ്റ്റ് ചെയ്തു. പാതിരപ്പിള്ളിയില്‍ ഏഴ് പേരും മാവേലിക്കരയില്‍ ആറ് പേരുമാണ് അറസ്റ്റിലായത്.
എസി റോഡില്‍ പൊങ്ങയിലും ദേശീയ പാതയില്‍ ചന്തിരൂരിലും രാവിലെ ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു. കായംകുളം: ദലിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ കായംകുളത്ത് പൂര്‍ണ്ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. സ്വകാര്യ ബസുകളും ഓട്ടോ റിക്ഷകളും ടാക്‌സികളും നിരത്തിലിറങ്ങിയില്ല.
ബാങ്കുകള്‍, ഓഫീസുകള്‍ പെട്രോള്‍ പമ്പുകള്‍ തുടങ്ങിയവ  പ്രവര്‍ത്തിച്ചില്ല. ദേശീയപാതയില്‍ തിരുവനന്തപുരം, കരുനാഗപ്പള്ളി, ഹരിപ്പാട്,ആലപ്പുഴ,എറണാകുളം എന്നിവിടങ്ങളിലേക്ക് കെഎസ്ആര്‍ടിസി പോലിസ് സംരക്ഷണത്തോടെ രാവിലെ ഒരോ സര്‍വീസുകള്‍ നടത്തി. വൈകിട്ട് അഞ്ചു മണിയ്ക്ക് ശേഷമാണ് മറ്റ് സ്ഥലങ്ങളിലേയ്ക്ക് ബസ് സര്‍വീസുകള്‍ ആരംഭിച്ചത്. അരൂര്‍:  ഹര്‍ത്താല്‍ അരൂര്‍ മേഖലയില്‍ പൂര്‍ണ്ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. അരൂര്‍ സര്‍ക്കാര്‍ ആശുപത്രികള്‍ തുറന്നു പ്രവര്‍ത്തിച്ചു. ഗ്രാമപഞ്ചായത്ത് പ്രപര്‍ത്തിച്ചില്ല.
ഇരുചക്രവാഹനങ്ങളും അടിയന്തിര ആവശ്യങ്ങള്‍ക്കുള്ള കാറുകളും മാത്രം ഓടി. കെഎസ്ആര്‍ടിസിബസ്സുകള്‍ ഓടിയില്ല.പെട്രോള്‍ പമ്പ് തുറന്ന് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ പല വാഹനങ്ങളും ഇടക്കുവച്ച് യാത്ര മതിയാക്കി.
Next Story

RELATED STORIES

Share it