thiruvananthapuram local

ദലിത് ഹര്‍ത്താലില്‍ ജില്ല നിശ്ചലം

തിരുവനന്തപുരം: പട്ടികജാതി-വര്‍ഗ നിയമത്തില്‍ ഇളവു വരുത്തിയ സുപ്രിം കോടതി വിധിക്കെതിരേയും ഭാരത് ബന്ദില്‍ പങ്കെടുത്തവരെ വെടിവച്ച് കൊന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ഭരണകൂട നടപടിയില്‍ പ്രതിഷേധിച്ചും ദലിത്  ഐക്യവേദിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത്  ഇന്നലെ നടത്തിയ ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം.
രാവിലെ ഹര്‍ത്താല്‍ ആരംഭിക്കുമ്പോള്‍ ശാന്തമായിരുന്നെങ്കിലും പിന്നീട് ദലിത് സംഘടനകള്‍ പ്രകടനവുമായി എത്തിയതോടെ പലയിടത്തും വാഹന ഗതാഗതം തടസ്സപ്പെട്ടു. കെഎസ്ആര്‍ടി സര്‍വീസുകള്‍ നിര്‍ത്തിവച്ചു. പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ തുറന്നിരുന്ന വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു. കെഎസ്ആര്‍ടിസി ബസ് സര്‍വീസും  തടഞ്ഞു. തമ്പാനൂര്‍, എംജി റോഡ് എന്നിവിടങ്ങളില്‍ സംഘടനകള്‍ റോഡ് ഉപരോധിച്ചു.
തമ്പാനൂരില്‍ രാവിലെ ഒരു മണിക്കൂറോളം കെഎസ് ആര്‍ടിസി സര്‍വീസ് നിര്‍ത്തി വച്ചു. ഇവിടെ നിന്നുള്ള ദീര്‍ഘദുര സര്‍വീസുകളും നിര്‍ത്തിവച്ചു. പോലിസ് സംരക്ഷണം നല്‍കിയാല്‍ മാത്രം സര്‍വീസ് നടത്താമെന്ന നിലപാടിലായിരുന്നു ജീവനക്കാര്‍. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വച്ചതോടെ സര്‍വീസ് പുനനരാംഭിച്ചെങ്കിലും ദലിത് സംഘടനകള്‍ വീണ്ടും പ്രതിഷേധമുയര്‍ത്തിയതോടെ സര്‍വീസ് നിര്‍ത്തിവച്ചു.
സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ്സുകള്‍ നഗരത്തില്‍ പലയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. സ്വകാര്യവാഹനങ്ങളും തടഞ്ഞു. പകുതിയോളം വ്യാപാരസ്ഥാപനങ്ങള്‍ ഹര്‍ത്താലിനെ തുടര്‍ന്ന് തുറന്നിരുന്നില്ല. ചാല മാര്‍ക്കറ്റിലെ കടകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചത് സംഘര്‍ഷത്തിനിടയാക്കി. സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇവര്‍ സര്‍വീസ് നടത്തിയില്ല.
ജില്ലയിലെ ഹോട്ടലുകളും റസ്റ്റേറന്റുകളും ജിഎസ്ടി ബില്ലിന്റെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ ഇന്നലെ പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ചിരുന്നു.
പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെ ഹാജര്‍ നിലയെ ഹര്‍ത്താല്‍ ബാധിച്ചില്ല. തുടക്കത്തില്‍ ഹര്‍ത്താല്‍ ശാന്തമായിരുന്നതിനാല്‍ ജോലിക്കെത്തിയവര്‍ പലരും തിരിച്ച് പോവാന്‍ വാഹനമില്ലാതെ ബുദ്ധിമുട്ടി.  വാഹനങ്ങല്‍ ലഭിക്കാന്‍ ബുദ്ധിമുട്ടിയവര്‍ക്ക് പോലിസും സഹായവുമായി രംഗത്തെത്തിയിരുന്നു. ഹര്‍ത്താലില്‍ പങ്കെടുത്ത വിവിധ ദലിത് സംഘടനകള്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച്് നടത്തി.
ചേരമ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി, അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ, നാഷനല്‍ ദലിത് ലിബറേഷന്‍ ഫ്രണ്ട്, ദലിത് ഹ്യൂമന്‍ റൈറ്റ് മൂവ്‌മെന്റ്, കേരള ചേരമര്‍ സംഘം, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പാറശ്ശാലയില്‍ പൂര്‍ണം
പാറശ്ശാല: ദലിത് സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഗ്രാമീണ മേഖലയായ പാറശ്ശാലയില്‍ പൂര്‍ണം.
തുറന്നു പ്രവര്‍ത്തിച്ച കടകമ്പോളങ്ങള്‍ ദലിത് പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ അടപ്പിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി.
പലയിടത്തും ദേശീയ പാതയില്‍ വാഹനങ്ങള്‍ തടഞ്ഞു. കെഎസ്ആര്‍ടിസി രാവിലെ നടത്തിയ സര്‍വീസ് പിന്നീട് നിര്‍ത്തിവച്ചു.
വെഞ്ഞാറമൂട്ടില്‍
സമാധാനപരം
വെഞ്ഞാറമൂട്: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വെഞ്ഞാറമൂട്ടിലും പരിസരപ്രദേശങ്ങളിലും പൂര്‍ണവും സമാധാനപരവുമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
സ്വകാര്യ ബസ്സുകളും ഓട്ടോറിക്ഷകളും ടാക്‌സികളും ഓടിയില്ല. വെഞ്ഞാറമൂട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകളും മുടങ്ങി. സര്‍ക്കാര്‍ ഓഫിസുകളും ബാങ്കുകളും തുറന്ന് പ്രവര്‍ത്തിച്ചില്ല.
Next Story

RELATED STORIES

Share it