ദലിത് സഹോദരിമാരുടെ അറസ്റ്റ: മജിസ്‌ട്രേറ്റിനെതിരേ കെ സുധാകരന്‍; കോണ്‍ഗ്രസ്സിനെതിരേ പി ജയരാജന്‍

കണ്ണൂര്‍: കുട്ടിമാക്കുലില്‍ സിപിഎം പാര്‍ട്ടി ഓഫിസില്‍ കയറി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ദലിത് യുവതികളെ അറസ്റ്റ് ചെയ്ത് ജയിലിലിടച്ച സംഭവത്തില്‍ കേസെടുത്തതു മുതല്‍ റിമാന്‍ഡ് ചെയ്യുന്നതുവരെയുള്ള സംഭവത്തില്‍ തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് കോണ്‍ഗ്രസ് നേതാക്കളായ കെ സുധാകരന്‍, കെ സി ജോസഫ്, സതീശന്‍പാച്ചേനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
തലശ്ശേരിയില്‍ മജിസ്‌ട്രേറ്റ് അവധിയാണെന്ന് അറിഞ്ഞു തന്നെയാണ് കഴിഞ്ഞ ദിവസം യുവതികളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവതികളുടെ ജാമ്യഹരജി അഭിഭാഷകന്‍ നല്‍കിയെങ്കിലും മജിസ്‌ട്രേറ്റ് വാങ്ങിയില്ല. വാങ്ങിയശേഷം ജാമ്യഹരജി തള്ളുകയോ ജാമ്യം നല്‍കുകയോ ചെയ്യുന്നത് ജഡ്ജിയുടെ വിവേചനാധികാരം. എന്നാല്‍, ജാമ്യഹരജി വാങ്ങുകപോലും ചെയ്യാത്തത് ജുഡീഷ്യറിയില്‍ ഇതിനു മുമ്പ് സംഭവിക്കാത്ത കാര്യമാണ്. ഇത് മനുഷ്യാവകാശ ലംഘനവുമാണ്. ഇതിന് പിന്നില്‍ ഗുഢാലോചനയുണ്ടോയെന്ന് തങ്ങള്‍ ആരോപിക്കുന്നില്ല. എന്നാല്‍, ജഡ്ജി കുത്തുപറമ്പുകാരനാണ്. ഇപ്പോള്‍ അത്രമാത്രമേ പറയുന്നുള്ളൂ-സുധാകരന്‍ പറഞ്ഞു. കേസെടുത്തതും തലശ്ശേരിയില്‍ മജിസ്‌ട്രേറ്റ് അവധിയായ ദിവസം തന്നെ അറസ്റ്റ് ചെയ്തതും ജാമ്യഹരജി സ്വീകരിക്കാതിരുന്നതുമായ സംഭവം കൂട്ടിവായിക്കുമ്പോള്‍ ഗൂഢാലോചന നടന്നെന്ന് സംശയിക്കുന്നതായി കെ സി ജോസഫും പറഞ്ഞു.
അതെ സമയം പാര്‍ട്ടി ഓഫിസില്‍ കയറി പ്രവര്‍ത്തകനെ പട്ടികകൊണ്ട് അടിച്ചു പരിക്കേല്‍പിച്ച യുവതികളെ റിമാന്‍ഡ് ചെയ്ത വിഷയത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കോടതിയില്‍ നിന്നു ജാമ്യം ലഭിക്കാവുന്ന കേസായിട്ടും അതിനൊന്നും കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചില്ല. ജാമ്യം കിട്ടാതിരിക്കുക എന്ന ഹീനമായ ഉദ്ദേശ്യമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടായിരുന്നത്.
തിരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുന്നതിന് നേതാക്കള്‍ ജയിലില്‍ പോവാന്‍ പോലും തയ്യാറാവണമെന്ന എ കെ ആന്റണിയുടെ ആഹ്വാനത്തിന്റെ പുറത്ത് കോണ്‍ഗ്രസ് നടത്തിയ നാടകത്തിന്റെ ഭാഗമായാണ് യുവതികള്‍ ജയിലില്‍ പോയതെന്നും പി ജയരാജന്‍ ആരോപിച്ചു. പാര്‍ട്ടി ഓഫിസില്‍ കയറി അക്രമം നടത്തിയത് രാഷ്ട്രീയ അക്രമമാണ്. അതിനാണ് യുവതികള്‍ക്കെതിരേ കേസെടുത്തത്. ദലിതരായതു കൊണ്ടല്ല.
ദലിതരായാല്‍ ഏത് ഓഫിസിലും കയറി അക്രമം നടത്താമെന്നും കേസെടുക്കരുതെന്ന് വ്യവസ്ഥയുണ്ടോയെന്നും ജയരാജന്‍ ചോദിച്ചു. ഇതേസംഭവത്തില്‍ യുവതികളെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ ഇപ്പോള്‍ റിമാന്‍ഡിലാണെന്നും ജയരാജന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it