Pathanamthitta local

ദലിത് സംയുക്തസമരസമിതി ഹര്‍ത്താല്‍ജില്ല നിശ്ചലമായി

പത്തനംതിട്ട: പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമം പുനസ്ഥാപിക്കാന്‍ പാര്‍ലമെന്റ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയെ നിശ്ചലമാക്കി. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. കെഎസ്ആര്‍ടിസി, സ്വാകാര്യ ബസ് ഉള്‍പ്പടെ സര്‍വീസുകള്‍ നടത്തിയില്ല. സ്വകാര്യ വാഹനങ്ങള്‍ രാവിലെ മുതല്‍ റോഡില്‍ കാണപ്പെട്ടെങ്കിലും സമരാനുകൂലികള്‍ പലയിടത്തും റോഡ് ഉപരോധിച്ചതോടെ ഗതാഗതം പൂര്‍ണമായും നിലച്ചു. എന്നാല്‍ വിവാഹം ഉള്‍പ്പടെയുള്ള ബോര്‍ഡ് വച്ച വാഹനങ്ങള്‍ കടത്തിവിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. സര്‍ക്കാര്‍ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല.
പത്തനംതിട്ട അബാന്‍ ജങ്ഷനില്‍ സംയുക്തസമരസമിതി പ്രവര്‍ത്തകര്‍വേനല്‍ ചൂടിനെ അവഗണിച്ച് റോഡില്‍ കുത്തിയിരുന്ന് ഉപരോധിച്ചു. സ്തീകളടക്കമുള്ള പ്രവര്‍ത്തകര്‍ വൈകിട്ടു ആറുവരെ ആവേശത്തോടെ സമരം തുടര്‍ന്നു. ഇവര്‍ക്കുള്ള ആഹാരം വഴിവക്കില്‍ തന്നെ പാകം ചെയ്തും സമരത്തെ വ്യത്യസ്തമാക്കി.  ഇരുചക്രവാഹനങ്ങളൊഴിച്ച് മറ്റൊരു വാഹനങ്ങളും കടത്തവിടാന്‍ സമരപ്രവര്‍ത്തകര്‍ തയ്യാറായില്ല. പോലിസ് സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും യാതൊരുവിധ ഇടപെടലും നടത്തിയില്ല. രാവിലെ സമരസമിതിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി.
തിരുവല്ല: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തിരുവല്ലയില്‍ പൂര്‍ണം. രാവിലെ ആറിന് ആരംഭിച്ച ഹര്‍ത്താല്‍ അവസാനിച്ചത് വൈകിട്ട് കൃത്യം ആറിന് തന്നെ. അതു വരെ നഗരത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നഗരത്തിലെത്തിയ വാഹനങ്ങള്‍ തടയുകയും, അവസാനം പൊതുയോഗം നടത്തി പിരിയുകയുമായിരുന്നു. രാവിലെ ആറിന് തന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ തിരുവല്ല, മുത്തൂര്‍, തിരുമൂലപുരം, മെഡിക്കല്‍ മിഷന്‍ ആശുപത്രി ജങ്ഷന്‍ എന്നിവിടങ്ങളില്‍ എത്തിയതിനാല്‍ കച്ചവട സ്ഥാപനങ്ങള്‍ എല്ലായിടത്തും പൂര്‍ണമായി അടഞ്ഞുകിടന്നിരുന്നു. തിരുവല്ല ഡിപ്പോയില്‍ നിന്നും കെഎസ്ആര്‍ടിസി ബസുകള്‍ ഓടിയില്ല.
സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങള്‍ തടയാന്‍ സ്ത്രീകള്‍ ഉള്‍പ്പട്ടെയുള്ള ഹര്‍ത്താന്‍ അനുകൂലികള്‍ രംഗത്തുണ്ടായിരുന്നു. വാഹനങ്ങള്‍ തടയുമ്പോഴൊക്കെ പോലിസ് കാഴ്ചക്കാരായിരുന്നു. വനിതാ പോലിസിനെ കണ്ടതേയില്ല. രാവിലെ എട്ടിന് തിരുവല്ല -കോഴഞ്ചേരി റോഡില്‍ മനോരമ ചാനലിന്റെ കാര്‍ വള്ളംകുളത്ത് ഹര്‍ത്താല്‍ അന്‍കൂലികള്‍ തടയുകയും, െ്രെഡവറെ കൈയ്യേറ്റം ചെയ്തതായും റിപോര്‍ട്ടുണ്ട്. ആദ്യ സമയങ്ങളില്‍ ഇരുചക്രവാഹനങ്ങളെ ശ്രദ്ധിക്കാതിരുന്ന സമരക്കാര്‍ വൈകുന്നേരമായതോടെ ഇവയും തടയുന്നത് കാണാമായിരുന്നു. നഗരത്തില്‍ തുറന്നു പ്രവര്‍ത്തിപ്പാക്കാനുള്ള ഫെഡറല്‍ ബാങ്ക് അധികാരികളുടെ ശ്രമവും സമരക്കാര്‍ പരാജയപ്പെടുത്തി.
പന്തളം,  കോന്നി, റാന്നി എന്നിവിടങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. രാവിലെ സമരാനുകൂലികള്‍ പ്രതിഷേധ പ്രകടനം നടത്തി. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു.
പന്തളത്ത് കേരള ദലിത് പന്തര്‍ സംസ്ഥാന കമ്മിറ്റി അംഗം ശശി പന്തളം ,അജിത് മാന്തുക, സാംബവ മഹാസഭാ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സത്യന്‍ എം കെ ജില്ലാ കമ്മിറ്റി അംഗം രാമചന്ദ്രന്‍ മല്ലിശ്ശേരി, സന്തോഷ്, കേരള പുലയര്‍ മഹാസഭഅംഗങ്ങള്‍, കുറവര്‍ സംരക്ഷണ സമിതി അംഗങ്ങള്‍ പ്രകടനത്തിനു നേതൃത്വം നല്‍കി.
അടൂര്‍: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അടൂരില്‍ വ്യത്യസ്ഥമായി. പുലര്‍ച്ചെ അഞ്ച് മുതല്‍ തന്നെ പ്രവര്‍ത്തകര്‍ ടൗണില്‍ സംഘടിച്ച് വാഹനങ്ങള്‍ തടയാന്‍ തുടങ്ങി. ഇത് പലപ്പോഴും വാക്കു തര്‍ക്കങ്ങള്‍ക്കും ഇടയാക്കി. ഹര്‍ത്താല്‍ ആരംഭിച്ച സമയം മുതല്‍ അവസാനിക്കുന്ന സമയം വരെ വേനല്‍ ചൂടിനെ അവഗണി ച്ച് കെഎസ്ആര്‍ടിസി ജങ്്ഷനിലും പാലത്തിലും ഹര്‍ത്താലനുകൂലികള്‍ സംഘടിച്ച് വാഹനം തടയുകയായിരുന്നു. വാഹനങ്ങള്‍ തടഞ്ഞതിനെ യാത്രക്കാര്‍ ചൊദ്യം ചെയ്തത് പലപ്പോഴും സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി.
കൊട്ടാരയ്ക്കര ഭാഗത്ത് നിന്നും കോണ്‍വോയ് അടിസ്ഥാനത്തില്‍ 17 കെഎസ്ആര്‍ സി ദീര്‍ഘദൂര സര്‍വീസ് അടൂര്‍ വഴി കടത്തി വിട്ടു.  അടൂര്‍ ഡിപ്പൊ യില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് രാവിലെ ഏഴ് സര്‍വ്വീസുകള്‍  നടത്തി. എന്നാല്‍ ഹര്‍ത്താലനു കൂലികള്‍ കൂട്ടമായി കെഎസ്ആര്‍ടിസി ജങ്ഷനില്‍ കേന്ദ്രീകരിച്ചതോടെ സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവച്ചു. പതിനൊന്ന് മണിയോടെ ഹര്‍ത്താലനുകൂലികള്‍ പ്രകടനവും യോഗവും നടത്തി. പ്രകടനത്തിനിടെ ജനറല്‍ ആശുപത്രി ജങഷനില്‍ തുറന്ന ബേക്കറി ഹര്‍ത്താലനുകൂലികള്‍ അടപ്പിച്ചു.
അടൂര്‍ പാര്‍ഥസാരഥി ജങ്ഷനില്‍ ആനയെ കയറ്റി വന്ന ലോറിയും ഇവര്‍ തടഞ്ഞു. തുടര്‍ന്ന് പോലിസ് ഇടപെട്ടാണ് ലോറി കടത്തിവിട്ടത്. പ്രകടനത്തിന് അമ്പനാട്ട് മോഹനന്‍, ജ്യോതിഷ് പെരുമ്പുളിക്കല്‍, രാമകൃഷ്ണന്‍, ജെ പൊന്നമ്മ, ടി ഡി ജോസഫ്, തുളസീ, മരുതിമൂട് തങ്കച്ചന്‍, സുരേഷ് മണക്കാല, ബിനു കുറുമ്പകര, വിജയന്‍ മാമൂട്, ഓലിക്കുളങ്ങര സുരേന്ദ്രന്‍, ജി. മനോഹരന്‍,  തങ്കപ്പന്‍ നേതൃത്വം നല്‍കി.
ഹര്‍ത്താലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അടൂരില്‍ പ്രകടനവും യോഗവും നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രമാ ജോഗീന്ദര്‍ ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it