Flash News

ദലിത് സംഘടനകള്‍ ദേശവ്യാപക പ്രക്ഷോഭത്തിലേക്ക്

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കു പകരം മന്ത്രാലയങ്ങളില്‍ ജോയിന്റ് സെക്രട്ടറിതലത്തിലുള്ള തസ്തികകളിലേക്ക് സ്വകാര്യമേഖലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളെ പരിഗണിക്കാനുള്ള (ലാറ്ററല്‍ എന്‍ട്രി) കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ ദേശവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ദലിത് സംഘടനകള്‍. സ്വാതന്ത്ര്യദിനത്തോടും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തോടും അടുപ്പിച്ച് ആഗസ്ത് പകുതിയോടെയാവും പ്രക്ഷോഭം സംഘടിപ്പിക്കുക. ഉന്നത തസ്തികകളിലെ പട്ടികജാതി-പട്ടികവര്‍ഗ സംവരണത്തിനുള്ള ഭരണഘടനാപരമായ അവകാശം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍നീക്കമെന്ന് ദലിത് അവകാശ പ്രവര്‍ത്തകന്‍ അശോക് ഭാരതി പറഞ്ഞു. സംവരണത്തെ മറികടക്കുന്നതിനാണ് ലാറ്ററല്‍ എന്‍ട്രി തീരുമാനത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ സംവരണാവകാശത്തെ അവഗണിക്കുകയാണ് ഇതിലൂടെയെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ള ഭരണഘടനാപരമായ സ്ഥാപനങ്ങളെ സര്‍ക്കാര്‍ അവരുടെ താല്‍പര്യപ്രകാരം വളച്ചൊടിക്കുകയാണെന്നും ഇപ്പോള്‍ യുപിഎസ്‌സിയെ നോക്കുകുത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും അശോക് ഭാരതി പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമം തടയല്‍) നിയമം ദുര്‍ബലമാക്കിയ സുപ്രിംകോടതി ഉത്തരവിനെതിരേ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ ഭാരത ബന്ദ് സംഘടിപ്പിച്ചിരുന്നു. ലാറ്ററല്‍ എന്‍ട്രി നീക്കത്തിനെതിരായ പ്രക്ഷോഭങ്ങളുടെ ഭാഗമായി ആഗസ്തില്‍ രണ്ടാം ഭാരത ബന്ദ് സംഘടിപ്പിക്കുമെന്ന് സംഘടനകള്‍ വ്യക്തമാക്കി. ബന്ദ് പാര്‍ലമെന്റ്് സമ്മേളനത്തിന്റെയും സ്വാതന്ത്ര്യദിനത്തിന്റെയും സമയത്തായതിനാല്‍ ജനങ്ങളുമായി ഈ വിഷയം കൂടുതല്‍ സംവദിക്കാന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യുപിഎസ്‌സി മുഖേനയല്ലാതെ ഉന്നതപദവികളിലേക്ക് ഉദ്യോഗാര്‍ഥികളെ നേരിട്ട് തിരഞ്ഞെടുക്കുന്നതിനാണ് സര്‍ക്കാര്‍ നീക്കം.
Next Story

RELATED STORIES

Share it