malappuram local

ദലിത് സംഘടനകളുടെ ഹര്‍ത്താലിന് ജില്ലയില്‍ തണുപ്പന്‍ പ്രതികരണം

മലപ്പുറം/എടപ്പാള്‍: ദലിത് സംഘടനകള്‍ സംസ്ഥാന വ്യാപകമായി നടത്തിയ ഹര്‍ത്താലിന് ജില്ലയില്‍ തണുപ്പന്‍ പ്രതികരണം. ഭൂമിഭാഗം പ്രദേശങ്ങളിലും ഹര്‍ത്താല്‍ ഏശിയില്ല. കച്ചവട സ്ഥാപനങ്ങള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിച്ചു. സ്വകാര്യ ബസ്സുകളും കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തി. ചില ദീര്‍ഘദൂര ബസ്സുകള്‍ മാത്രമാണ് സര്‍വീസ് നിര്‍ത്തിവച്ചത്. ചിലയിടങ്ങളില്‍ രാവിലെ കുറച്ചുനേരം കടകള്‍ അടഞ്ഞുകിടന്നിരുന്നു. മഞ്ചേരി, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, മലപ്പുറം തുടങ്ങി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നും ഹര്‍ത്താല്‍ പ്രതിഫലിച്ചില്ല. ചങ്ങരംകുളത്തും എടപ്പാളിലും ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിച്ചതിനെ തുടര്‍ന്ന് നേരിയ സംഘര്‍ഷമുണ്ടായി. എടക്കരയില്‍ പ്രകടനം നടത്തുകയായിരുന്ന ദലിത് നേതാക്കളെ പോലിസ് തടഞ്ഞത് സംഘര്‍ഷിത്തിനിടയാക്കി. മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും ഭൂരിഭാഗം ജീവനക്കാരുമെത്തി.
എടപ്പാളില്‍ വ്യാപാരികളും സമരാനുകൂലികളും നേര്‍ക്കുനേര്‍ നടത്തിയ പ്രകടനം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വ്യാപാരികള്‍, കടകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന സംഘടന പ്രസിഡന്റ് നാസറുദ്ദീന്റെ ആഹ്വാനത്തെ തുടര്‍ന്ന് ജങ്ഷനിലെ വ്യാപാര സ്ഥാപനങ്ങല്‍ രാവിലെ തന്നെ പതിവ് പോലെ തുറന്നിരുന്നു.
എന്നാല്‍, പതിനൊന്നോടെ ഹര്‍ത്താലനുകൂലികള്‍ വിവിധ സംഘടനകളുടെ പതാകയുമായി ടൗണില്‍ പ്രകടനം നടത്തി. തുറന്നിട്ട വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു. കടകള്‍ അടപ്പിക്കാന്‍ തുടങ്ങിയതോടെ വ്യാപാരി വ്യവസായി സംഘടനാ നേതാക്കള്‍ ഇടപെട്ട് വ്യാപാരികളുടെ പ്രകടനം ആരംഭിച്ചു. ഇരുവിഭാഗത്തിന്റെയും പ്രകടനം ജങ്ഷനില്‍ നേര്‍ക്കുനേര്‍ എത്തിയതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ഉടന്‍ തന്നെ ജങ്ഷനിലുണ്ടായിരുന്ന പോലിസുകാര്‍ ഇരു പ്രകടനക്കാരേയും വിരട്ടിയോടിക്കുകയായിരുന്നു.
ഹര്‍ത്താലില്‍ സ്വകാര്യ ബസ്സുകള്‍ ഒഴികെയുള്ള മുഴുവന്‍ വാഹനങ്ങളും സര്‍വീസ് നടത്തി. അതേസമയം, കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓടിക്കുമെന്ന് കോര്‍പറേഷന്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും വിരലിലെണ്ണാവുന്ന ബസ്സുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. തിരൂരിലേക്കും പട്ടാമ്പിയിലേക്കും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിര്‍ണയത്തിന് പോവാനായി ഒട്ടേറെ ജീവനക്കാര്‍ വാഹനം കിട്ടാതെ എടപ്പാളില്‍ കുടുങ്ങി. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ഇവര്‍ സ്വകാര്യ വാഹനങ്ങള്‍ സംഘടിപ്പിച്ച് ജോലിക്ക് പോയത്. കുറ്റിപ്പുറത്ത് ഹര്‍ത്താലനുകൂലികള്‍ സ്വകാര്യ ബസ് തടഞ്ഞ് യാത്രക്കാരെ വഴിയിലിറക്കി വിട്ടു. ഇന്നലെ രാവിലെ 6.30 ഓടെ കുറ്റിപ്പുറം ബസ്്സ്റ്റാന്റിനടുത്താണ് സംഭവം. വഴിയില്‍ കുടുങ്ങിയ യാത്രക്കാര്‍ പിന്നീട് പോലിസ് വാഹനങ്ങളിലും മറ്റുമായാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത വിവിധ ദലിത് സംഘടനകള്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ്, യൂത്ത്‌ലീഗ്, എസ്ഡിപിഐ, പിഡിപി പ്രവര്‍ത്തകരും പതാകകളുമേന്തി പ്രകടനത്തില്‍ പങ്കെടുത്തു. കുറ്റിപ്പുറം ടൗണില്‍ കടകമ്പോളങ്ങള്‍ പതിവുപോലെ തുറന്നു പ്രവര്‍ത്തിച്ചിരുന്നു.
സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്താനായി രാവിലെ സ്റ്റാന്റില്‍ എത്തിയെങ്കിലും സമരാനുകൂലികള്‍ തിരിച്ചയക്കുകയായിരുന്നു.
ചങ്ങരംകുളത്ത് കടയടപ്പിക്കാന്‍ ശ്രമിച്ചത് വ്യാപാരികള്‍ എതിര്‍ത്തതോടെ ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. തുടര്‍ന്ന് ചങ്ങരംകുളം പോലിസ് സ്ഥലത്തെത്തി. പ്രതിഷേധക്കാര്‍ കടയുടമയെ അക്രമിച്ചെന്നാരോപിച്ച് വ്യാപാരികള്‍ ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനം നടത്തി. ചങ്ങരംകുളത്ത് നരണിപ്പുഴ റോഡില്‍ പച്ചക്കറി കട ഉടമയെ അക്രമിച്ചു കടയടപ്പിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് വ്യാപാരി വ്യാവസായി ഏകോപന സമിതി ചങ്ങരംകുളം യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
പൊന്നാനി ചമ്രവട്ടം ജങ്ഷനില്‍ വച്ച് പോലിസുമായി വാക്കുതര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ഫ്രറ്റോണിറ്റി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. കാലിക്കറ്റ് സര്‍വകലാശാലയില്‍ പരീക്ഷകള്‍ മാറ്റിവച്ചെങ്കിലും എഡി ബ്ലോക്കും 35ഓളം വകുപ്പുകളും പ്രവര്‍ത്തിച്ചു. ദേശീയപാത വകസനവുമായി ബന്ധപ്പെട്ട സര്‍വേ ഹര്‍ത്താല്‍ കാരണം മാറ്റി വച്ചിരുന്നു.
Next Story

RELATED STORIES

Share it