'ദലിത് വിരുദ്ധ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം'

കൊച്ചി:  ദലിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താലിനെ പരാജയപ്പെടുത്താന്‍ വ്യാപകമായി  നടത്തിയ അറസ്റ്റുകള്‍ പ്രതിഷേധാര്‍ഹമാണെന്ന് സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മനുഷ്യാവകാശ പ്രവര്‍ത്തകര്‍.
സംഘപരിവാര സംഘടനകള്‍വരെ നടത്തുന്ന തികച്ചും മനുഷ്യവിരുദ്ധ ഹര്‍ത്താലുകള്‍ വരെ യാതൊരു എതിര്‍പ്പും ഇല്ലാതെ വിജയിപ്പിക്കാറുള്ള കേരളത്തില്‍ ദലിത് ഹര്‍ത്താലിനെ തകര്‍ക്കുമെന്ന് മുന്‍കൂട്ടി തന്നെ പ്രഖ്യാപിച്ചു. കൂടാതെ   തികച്ചും സമാധാനപരമായി പ്രതിഷേധിക്കാന്‍ എത്തിയ ഗീതാനന്ദന്‍, വി സി ജെന്നി, കവി കെ കെ എസ് ദാസ് തുടങ്ങി നിരവധിപേരെ അറസ്റ്റ് ചെയ്യുകയും ചെയ്ത ഭരണകൂട നടപടി അതിന്റെ ദലിത് വിരുദ്ധ മുഖത്തെ തന്നെയാണ് അനാവരണം ചെയ്തിരിക്കുന്ന ത്. ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ ഉണ്ടാവുമെന്ന തരത്തില്‍ ഭരണകൂട ഇന്റലിജന്‍സ് ഏജന്‍സികള്‍ തന്നെ കഥ മെനയുകയും തുടര്‍ന്ന് ഹര്‍ത്താലിനെ നേരിടാന്‍ വന്‍ സന്നാഹമൊരുക്കുകയും ചെയ്തതുമെല്ലാം കേരളത്തില്‍ മുമ്പൊരിക്കലും സംഭവിക്കാത്തതാണ്. ദലിതേതര ജനവിഭാഗങ്ങള്‍ക്കിടയില്‍ ഭീതി പരത്തി ദലിത് ജനവിഭാഗങ്ങള്‍ ആര്‍ജിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ ദൃശ്യതയെയും ചലനക്ഷമതയെയും പിന്നോട്ടടിപ്പിക്കാനുള്ള ഈ നീക്കം എക്കാലവും ദലിതര്‍ തങ്ങളുടെ വരുതിയില്‍ നില്‍ക്കണമെന്ന രാഷ്ട്രീയ കക്ഷികളുടെ വ്യാമോഹം നടക്കാതെ പോവുന്നതില്‍ നിന്നുണ്ടാവുന്ന നിരാശയെക്കൂടി പ്രതിഫലിപ്പിക്കുന്നതാണ്.
ഭരണകൂടത്തിന്റെ ബ്രാഹ്മണസേവയാണ് ഇപ്പോഴത്തെ നടപടികളിലൂടെ തെളിയുന്നത്. പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമത്തെ ദുര്‍ബലമാക്കിയ കോടതിയുടെ ഉത്തരവും അതിനെതിരേയുള്ള പ്രതിഷേധങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭരണകൂട നടപടിയുമെല്ലാം ഒരേ മനോഭാവത്തില്‍ നിന്നും ഉണ്ടാവുന്നത് തന്നെയാണെന്നും മീന കന്തസാമി, ബി ആര്‍ പി ഭാസ്‌കര്‍, ടി ടി ശ്രീകുമാര്‍, ഡോ. ജെ ദേവിക, എം എന്‍ രാവുണ്ണി, ഗ്രോ വാസു, കെ പി സേതുനാഥ് , കെ ഇ എന്‍ കുഞ്ഞഹമ്മദ്, സി കെ അബ്ദുല്‍ അസീസ്, കെ ടി റാം മോഹന്‍, ഗോപാല്‍ മേനോന്‍, കെ കെ രമ, ഡോ. ആസാദ്, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, ഡോ. പി ജി ഹരി, ഡോ. രേഖരാജ്, ചന്ദ്രമോഹന്‍ സത്യനാഥന്‍, മൈത്രി പ്രസാദ്, നിഖില ഹെന്‍ട്രി, സീധീഷ് എന്നിവര്‍ സംയുക്ത വാര്‍ത്താ കുറിപ്പില്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it