kozhikode local

ദലിത് വിദ്യാര്‍ഥിക്ക് പോലിസ് മര്‍ദനം: കമ്മീഷണര്‍ വാക്കുപാലിച്ചില്ല; ബന്ധുക്കള്‍ വീണ്ടും സമരത്തിന്‌

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത ദലിത് വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് എസ്‌ഐ മര്‍ദിച്ച സംഭവത്തില്‍ നടപടിയില്ലാത്തതിനെ തുടര്‍ന്ന് ആക്ഷന്‍ കമ്മറ്റി വീണ്ടും സമരത്തിനൊരുങ്ങുന്നു. അക്രമം നടത്തിയ എസ്‌ഐക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ ഉറപ്പ് ഏവു മാസമായിട്ടും പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ബന്ധുക്കളും ആക്ഷന്‍കമ്മറ്റിയും ചേര്‍ന്ന് രണ്ടാം ഘട്ട സമരത്തിന് ഒരുങ്ങുന്നത്.
എസ്‌ഐ ഹബീബുല്ലയുടെ മര്‍ദ്ദനമേറ്റ അജയ്‌യിന്റെ മാതാവ് ടി വി സുലേചന രണ്ടാം ഘട്ടസമരത്തിന്റെ തുടക്കമെന്ന നിലയില്‍ 25ന്്് രാവിലെ 10 മുതല്‍ വൈകീട്ട് 5വരെ സൂചനാ നിരാഹാര സമരം നടത്തും. അജയ് യിന് മര്‍ദ്ദനമേറ്റ സമയത്ത് മെഡിക്കല്‍ കോളജ് എസ്‌ഐയെ വെള്ളപൂശാനാണ് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ആദ്യം ശ്രമിച്ചിരുന്നത്. ഇതിനെതിരെ വിദ്യാര്‍ഥിയുടെ മാതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ 20 ദിവസംകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി എസ്‌ഐക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലിസ് കമ്മിഷ്ണര്‍ ഉറപ്പു നല്‍കിയിരുന്നു.
എന്നാല്‍, എസ്‌ഐക്കെതിരെ ഇതുവരെ നടപടി സ്വീകരിക്കാതിരുന്ന പോലിസ്, ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ക്കെതിരെ രണ്ട് കേസുകള്‍ എടുക്കുകയായിരുന്നു. മുമ്പ്് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഏഴുമാസം പിന്നിട്ടിട്ടും നടപടി ഇല്ലാത്തതിനെ തുടര്‍ന്നാണ് നാട്ടുകാരും ബന്ധുക്കളും വീണ്ടും സമരത്തിന് ഒരുങ്ങുന്നത്. 25ന് കിഴക്കേ നടക്കാവിലാണ് സുലോചനയുടെ നിരാഹാര സമരം നടക്കുക.

സാമൂഹിക പ്രവര്‍ത്തകരും അനുഭാവ സത്യാഗ്രഹം നടത്തും. അധികൃതരില്‍ നിന്ന് അനുകൂല നടപടി ഉണ്ടാവുന്നില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it