ദലിത് വിദ്യാര്‍ഥിക്കു നേരെ നടന്നത് ക്രൂരമര്‍ദ്ദനമെന്ന് മെഡിക്കല്‍ റിപോര്‍ട്ട്

കൊച്ചി: നെടുമ്പാശ്ശേരി പോലിസ് സ്‌റ്റേഷനില്‍ അനാഥനായ ദലിത് വിദ്യാര്‍ഥി വിജേഷ് ബാബു(16)വിന് പോലിസിന്റെ ക്രൂരമര്‍ദ്ദനമേറ്റതായി മെഡിക്കല്‍ റിപോര്‍ട്ട്. ഒന്നിലധികംപേര്‍ ചേര്‍ന്ന് കാലില്‍ ചൂരല്‍കൊണ്ട് മര്‍ദ്ദിച്ചതായും കാലിന് ക്ഷതമേറ്റതായും അങ്കമാലി താലൂക്ക് ആശുപത്രിയില്‍നിന്ന് ലഭിച്ച മെഡിക്കല്‍ റിപോര്‍ട്ടിലുണ്ട്. കൂടാതെ ശരീരമാസകലം മര്‍ദ്ദനമേറ്റതിന്റെ ചതവുകളുമുള്ളതായി മെഡിക്കല്‍ റിപോര്‍ട്ട് വ്യക്തമാക്കുന്നു.
വ്യക്തമായ പരാതിയുടെ അടിസ്ഥാനത്തിലല്ലാതെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ കസ്റ്റഡിയില്‍ എടുക്കുകയോ ലോക്കപ്പില്‍ പാര്‍പ്പിക്കുകയോ ചെയ്യരുതെന്നിരിക്കെ ഒരു രാത്രിയും പകലും ലോക്കപ്പിലിട്ടാണ് എസ്‌ഐയും പോലിസുകാരുമടങ്ങുന്ന സംഘം വിജേഷിനെ മര്‍ദ്ദിച്ചത്. കുട്ടികളെ കസ്റ്റഡിയിലെടുത്താല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കണമെന്ന നിയമവും പോലിസ് പാലിച്ചില്ല. മാത്രമല്ല, ഡോക്ടര്‍ ചോദിച്ചാല്‍ പോലിസ് മര്‍ദ്ദിച്ചതായി പറയരുതെന്നും വീട്ടുകാരോടും മറ്റാരോടും സ്‌റ്റേഷനില്‍ നടന്ന കാര്യങ്ങള്‍ പറയരുതെന്നും പോലിസ് തന്നോടു പറഞ്ഞതായും വിജേഷിന്റെ പരാതിയിലുണ്ട്.
അതേസമയം, വിജേഷിനെതിരേ ബൈക്ക് മോഷണം ആരോപിക്കുന്ന പോലിസ് ആരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തതെന്നു വ്യക്തമാക്കുന്നില്ല. പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരേ നടന്ന പോലിസ് മര്‍ദ്ദനത്തെക്കുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ അധികൃതര്‍ പറഞ്ഞു. കൂടാതെ പോലിസ് കംപ്ലയിന്റ് അതോറിറ്റിക്കും വിജേഷ് പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് അറിയിച്ചു.
കഴിഞ്ഞ 10നാണ് കറുകുറ്റിയിലെ ഇമ്മാനുവല്‍ ഓര്‍ഫനേജിലെ അന്തേവാസിയായ വിജേഷിനെ മാതൃസഹോദരന്റെ വീട്ടില്‍നിന്ന് പോലിസ് കസ്റ്റഡിയിലെടുത്തത്. ഒരു കൂട്ടുകാരന്റെ വീട് കാട്ടിത്തരണമെന്നും ഉടനെ വിട്ടയക്കാമെന്നും പറഞ്ഞാണ് കാറിലെത്തിയ മൂന്ന് പോലിസുകാര്‍ വിജേഷിനെ കൂട്ടിക്കൊണ്ടുപോയത്. വഴിമധ്യേ ആരംഭിച്ച പീഡനം ലോക്കപ്പിലും തുടര്‍ന്നതായും ആലുവ എസ്പിക്ക് വിജേഷ് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ ചെയ്യാത്ത കേസില്‍ പ്രതിയാക്കുമെന്നു പോലിസ് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
Next Story

RELATED STORIES

Share it