thrissur local

ദലിത് വയോധികന്റെ ഭൂമി തട്ടിയെടുത്തെന്ന പരാതി നീതി ലഭ്യമാക്കാതെ റവന്യൂ വകുപ്പുദ്യോഗസ്ഥര്‍ കൈയൊഴിയുന്നു

മാള: ദലിതനും നിര്‍ദ്ധനനും വൃദ്ധനുമായ സുബ്രുവിന് നീതി നല്‍കാതെ റവന്യൂ വകുപ്പുദ്യോഗസ്ഥരും കൈയ്യൊഴിഞ്ഞതായി ആരോപണം. തനിക്ക് 1978 ല്‍ മിച്ചഭൂമിയായി ലഭിച്ച 30 സെന്റ് ഭൂമി സഫറലി എന്ന വ്യക്തി കൈയ്യേറിയെന്ന പരാതിയില്‍ തഹസില്‍ദാര്‍ ഉള്‍പ്പടെ നീതി ലഭ്യമാക്കിയില്ലെന്ന് സുബ്രു പറയുന്നു. കഴിഞ്ഞ ജനുവരി 24 ന് കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ സുബ്രുവിന് നല്‍കിയ മറുപടിയില്‍ ഭൂമി തിരിച്ചു പിടിക്കാന്‍ കോടതിയെ സമീപിക്കാനാണ് ആവശ്യപ്പെട്ടത്.
കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം താങ്കള്‍ക്ക് ലഭിച്ച വസ്തുവില്‍ നിലവിലുള്ള കയ്യേറ്റം ഒഴിപ്പിക്കുന്നത് തഹസില്‍ദാരുടെ നടപടിയില്‍ ഉള്‍പ്പെടുന്നതല്ലെന്നും  ഫയലുകള്‍ പഴയതായതിനാല്‍ താങ്കളുടെ പേരില്‍ അനുവദിച്ച പട്ടയത്തിന്റെ പകര്‍പ്പ് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പറഞ്ഞ തഹസില്‍ദാര്‍ സുബ്രുവിനോട് കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, സുബ്രുവിന് പട്ടയം അയച്ചിരുന്നതായി റവന്യൂ ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു. പട്ടയം ലഭിക്കാതായതോടെ തൃശൂര്‍ റവന്യൂ ഡിവിഷനില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പട്ടയം സുബ്രുവിന്റെ പേരില്‍ നടത്തിമടക്കിയ രേഖകള്‍ താലൂക്ക്, വില്ലേജ് രേഖകളില്‍ കാണുന്നില്ലെന്നായിരുന്നു മറുപടി. പരാതിക്കാരനുള്‍പ്പെടെ 11 കക്ഷികള്‍ക്ക് ഭൂമി പതിച്ചു കൊടുത്ത് ഫയല്‍ ആര്‍ ഡിസ് ആയി താലൂക്ക് ഓഫീസില്‍ തീര്‍പ്പ് കല്‍പ്പിച്ചതാണെന്നും ടി ഫയല്‍ പരിശോധനയില്‍ ലഭ്യമായിട്ടില്ലെന്നും തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പട്ടയ പകര്‍പ്പുകള്‍ കളക്ടറേറ്റ്, താലൂക്ക്, വില്ലേജ് കാര്യാലയങ്ങളില്‍ മാത്രമാണ് സൂക്ഷിച്ചുവരുന്നത്.സുബ്രുവിന് ഭൂമിക്ക് പട്ടയം ലഭിച്ചിട്ടുള്ളതായും എല്‍ എ ബി ടി സ്വീകരിച്ചിട്ടുള്ളതായും വില്ലേജ് അസൈന്‍മെന്റ് രേഖകളില്‍ കാണുന്നുവെന്നും 2015 ജൂലൈ 14 ന് നല്‍കിയ മറുപടിയിലുണ്ട്.
അതേസമയം, താന്‍ ആരുടേയും ഭൂമി കൈയ്യേറ്റം ചെയ്തിട്ടില്ലെന്ന് സഫറലി പറഞ്ഞു. താനും മറ്റ് മൂന്ന് പേരും ചേര്‍ന്ന് 28 പേരില്‍ നിന്നും വാങ്ങിയ 63 ഏക്കറില്‍ ഉള്‍പ്പെട്ടതാണ് ഈ ഭൂമിയെന്നും ഫാം നടത്താനാണ് ഭൂമി വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.  സാറ്റലൈറ്റ് സര്‍വ്വേ നടത്തിയാണ് ഭൂമി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂട് ചെമ്മീന്‍കൃഷിക്കായാണ് ഇവിടെ വന്ന് ഭൂമി വാങ്ങിയതെന്നും സഫറലി പറയുന്നു. തനിക്കാരുടെയും ഭൂമി വേണ്ടെന്നും രേഖകളുമായെത്തിയാല്‍ സ്ഥലം വിട്ട് നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it