Flash News

ദലിത് രോഷം; വെടിവയ്പ് ഒമ്പതു പേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: എസ്‌സി, എസ്ടി (അതിക്രമം തടയല്‍) നിയമത്തില്‍ ഭേദഗതി വരുത്തി സുപ്രിംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ വ്യാപക അക്രമം. സമാധാനപരമായി പ്രതിഷേധിച്ച സമരക്കാര്‍ക്കു നേരെ ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ പോലിസ് വെടിവയ്പ് നടത്തി.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലുണ്ടായ പോലിസ് നടപടിയില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശില്‍ ആറും ഉത്തര്‍പ്രദേശില്‍ രണ്ടും രാജസ്ഥാനില്‍ ഒരാളുമാണ് വെടിവയ്പില്‍ മരിച്ചത്. ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും ഇന്നലെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഗുജറാത്തിലും പഞ്ചാബിലും പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി. ബിഹാറിലും ജാര്‍ഖണ്ഡിലും  ട്രെയിന്‍ തടഞ്ഞു.
സ്ത്രീകളും കുട്ടികളും അടങ്ങുന്ന പ്രതിഷേധക്കാര്‍ ദേശീയപാതയും തടസ്സപ്പെടുത്തി. മധ്യപ്രദേശിലെ മെറോനയില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പോലിസ് നടത്തിയ വെടിവയ്പില്‍ സ്ത്രീകളും കുട്ടികളുമടക്കം 50ഓളം പേര്‍ക്കു പരിക്കേറ്റു. അതിനിടെ, സുപ്രിംകോടതി ഉത്തരവിനെതിരേ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പുനപ്പരിശോധനാ ഹരജി നല്‍കി. ന്യൂനപക്ഷങ്ങളുടെ സംവരണ വ്യവസ്ഥകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര നിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദ്  പറഞ്ഞു.
മധ്യപ്രദേശിലെ ഗ്വാളിയോറില്‍ പ്രതിഷേധക്കാര്‍ക്കു നേരെ തോക്കുമായെത്തിയ ഒരു സംഘം നടത്തിയ വെടിവയ്പിലാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്. യൂനിഫോമിലല്ലാത്ത സംഘം പോലിസാണോ സംഘപരിവാര പ്രവര്‍ത്തകരാണോ എന്ന് വ്യക്തമായിട്ടില്ല. ഇവിടെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സൈന്യത്തെ വിളിച്ചിട്ടുണ്ട്. രാജസ്ഥാനിലെ അല്‍വാറിലും ബാര്‍മറിലും ഉത്തര്‍പ്രദേശിലെ ശോഭാപൂരിലും ആഗ്രയിലും പോലിസ് സ്‌റ്റേഷനുകളും ബസ്സുകളും അടിച്ചുതകര്‍ത്തു. ഇവിടങ്ങളില്‍ പോലിസുമായുള്ള ഏറ്റുമുട്ടലില്‍ 200ലധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.
മധ്യപ്രദേശ്, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി റദ്ദാക്കി. ഉത്തര്‍പ്രദേശില്‍ 500ലധികം പേരെ കസ്റ്റഡിയിലെടുത്തു. 40ഓളം പോലിസുകാര്‍ക്കും 35ഓളം പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റതായി ക്രമസമാധാന ചുമതലയുള്ള ഡിഐജി പ്രവീണ്‍ കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ്, ബിഎസ്പി, ഇടതു പാര്‍ട്ടികള്‍ എന്നിവയും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സംഘര്‍ഷം മൂലം പട്‌ന, അമൃത്‌സര്‍ വിമാന സര്‍വീസ് ജെറ്റ് എയര്‍വെയ്‌സ് റദ്ദാക്കി. ആഗ്രയില്‍ മുഴുവന്‍ സ്‌കൂളുകളും അടച്ചു.
ദലിതരെ താഴെത്തട്ടില്‍ ഒതുക്കിനിര്‍ത്തുക എന്നത് ബിജെപിയുടെ അടിസ്ഥാന സ്വഭാവമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. പോലിസ് വെടിവയ്പിനെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അപലപിച്ചു.
Next Story

RELATED STORIES

Share it