ദലിത് രാഷ്ട്രീയവും പ്രത്യയശാസ്ത്രവും

ദലിത് രാഷ്ട്രീയവും പ്രത്യയശാസ്ത്രവും
X
slug-abhimukhamഇന്ത്യയിലാകെ ദലിത് രാഷ്ട്രീയവും ദലിത് അന്വേഷണവും വ്യാപകമാവുമ്പോഴും കേരളത്തില്‍ അത്തരമൊരു സാഹചര്യം രൂപപ്പെടുന്നതായി കാണുന്നില്ല. എന്തുകൊണ്ടാണ് ഈ പരിതസ്ഥിതി എന്നാണ് താങ്കള്‍ കരുതുന്നത്?
ഉത്തരം: കേരളത്തിലെ ദലിത് ജനസാമാന്യം കേന്ദ്രീകരിച്ചു വസിക്കുന്ന പ്രദേശങ്ങള്‍ കുറവാണ്. ദലിതര്‍ രാഷ്ട്രീയപ്പാര്‍ട്ടി രൂപപ്പെടുത്തിയാലും സാമുദായികസഖ്യങ്ങള്‍ ആവശ്യമായിവരും. കേരളത്തില്‍ 80കളില്‍ നായരുടെ പേരില്‍ നാഷനല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ഈഴവരുടെ പേരില്‍ സോഷ്യലിസ്റ്റ് റിപബ്ലിക്കന്‍ പാര്‍ട്ടി എന്നിവ നിലവില്‍ വന്നു. അതേ കാലത്താണ് ദലിതരുടെ രാഷ്ട്രീയപ്പാര്‍ട്ടിയായ ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടിക്കും കല്ലറ സുകുമാരന്‍ രൂപം നല്‍കുന്നത്. മിക്കവാറും ജില്ലകളില്‍ പാര്‍ട്ടിക്ക് കമ്മിറ്റികളുമുണ്ടായി. 3,000 മുതല്‍ 15,000 വരെ വോട്ട് ലഭിക്കുന്ന നിയമസഭാ മണ്ഡലങ്ങളും പാര്‍ട്ടിക്കുണ്ടായി. എന്നാല്‍, എസ്ആര്‍പിയുമായും എന്‍ഡിപിയുമായും ഐക്യമുണ്ടാക്കിയ യുഡിഎഫ്, ഐഎല്‍പിയെ സഖ്യത്തിനായി പരിഗണിച്ചില്ല. യുഡിഎഫിന്റെ സഖ്യകക്ഷിയായി പരിഗണിക്കണമെന്ന് ഐഎല്‍പി ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കേരളത്തില്‍ ഒറ്റ എംഎല്‍എമാര്‍ മാത്രമുള്ളതും ഒന്നോ രണ്ടോ നിയമസഭാമണ്ഡലങ്ങളില്‍ മാത്രം സ്വാധീനമുള്ളതുമായ പാര്‍ട്ടികളെപ്പോലും ഇരുമുന്നണികളും പരിഗണിക്കാറുണ്ട്. പക്ഷേ, ദലിതരുടെ രാഷ്ട്രീയകക്ഷികളെ ഈ നിലയില്‍ പരിഗണിക്കാന്‍ മുന്നണികള്‍ തയ്യാറാവുന്ന പതിവില്ല. ഇത് ഇവിടത്തെ ദലിത് രാഷ്ട്രീയം നേരിടുന്ന പ്രതിസന്ധികളില്‍ ഒന്നാണ്.
യുപിയിലെ ബിഎസ്പിയുടെയും മഹാരാഷ്ട്രയിലെ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഒക്കെ അനുഭവങ്ങള്‍ വ്യത്യസ്തമാണ്. യുപിയില്‍ 22 ശതമാനം വരുന്ന ചമാര്‍ വിഭാഗമാണ് ബിഎസ്പിയുടെ അടിത്തറ. 1940കളില്‍ തുടങ്ങിയ ശുദ്ധിപ്രസ്ഥാനത്തിന്റെ പിന്തുടര്‍ച്ചയിലുണ്ടായ ചില സംഭവഗതികളാണ് ബിഎസ്പിയെ ശക്തിപ്പെടുത്തിയത്. കോണ്‍ഗ്രസ്സില്‍ ഇന്ദിരാഗാന്ധിയുടെ പ്രതാപകാലത്ത് ജഗജീവന്‍ റാം അടക്കമുള്ള ദലിത് നേതാക്കള്‍ക്ക് രാഷ്ട്രീയസ്വാധീനം കുറയുകയുണ്ടായി. ഇത്തരമൊരു ശൂന്യതയിലേക്കാണ് കാന്‍ഷിറാം എത്തിച്ചേര്‍ന്നത്. ബഹുജന്‍ സമാജ് എന്ന ബുദ്ധസങ്കല്‍പ്പമാണ് അദ്ദേഹം മുമ്പോട്ടുവച്ചത്. കീഴാളരുടെയും ദരിദ്രരുടെയും മുന്നണിയായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍.
ബിഎസ്പിക്കും അടിസ്ഥാന സാമ്പത്തികനിലപാടുകളില്ല എന്ന പരിമിതിയുണ്ട്. ഭരണകൂടത്തിനു നിര്‍വഹിക്കാവുന്ന പരിഷ്‌കരണ നടപടികള്‍ക്കപ്പുറത്ത് രാഷ്ട്രീയ-സാമ്പത്തിക നയങ്ങളൊന്നുമില്ല. സാര്‍വദേശീയ പ്രശ്‌നങ്ങള്‍ സംബന്ധിച്ചും കാഴ്ചപ്പാടില്ല. മറ്റു മുഖ്യധാരാ പാര്‍ട്ടികളില്‍നിന്നു വ്യത്യസ്തമായ സാമൂഹിക-രാഷ്ട്രീയ നയങ്ങളൊന്നുമില്ല.

അത് ബിഎസ്പിയുടെ മാത്രം കുറവായി കാണാനാവുമോ?
ഉ: അതല്ല. നമ്മുടെ ഭരണഘടനാശില്‍പിയായിരുന്ന ഡോ. ബി ആര്‍ അംബേദ്കറുമായി മുല്‍ക്ക് രാജ് നടത്തിയ വിഖ്യാതമായ അഭിമുഖമുണ്ട്. അതില്‍ എന്തുകൊണ്ടാണ് ഭരണഘടനയില്‍ സ്വത്തവകാശം മൗലികാവകാശമാക്കാതിരുന്നത് എന്ന് മുല്‍ക്ക് രാജ് ആനന്ദ് ചോദിക്കുന്നുണ്ട്. ഡോ. അംബേദ്കറുടെ മറുപടി, ''ഞാന്‍ സിംഹങ്ങള്‍ക്കിടയിലെ ആട്ടിന്‍കുട്ടി മാത്രമായിരുന്നു'' എന്നായിരുന്നു. ഭരണഘടന നിലവില്‍ വന്നാല്‍ ജനങ്ങള്‍ക്ക് സോഷ്യലിസത്തിനുവേണ്ടി പോരാടാന്‍ കഴിയും എന്ന ശുഭാപ്തിവിശ്വാസം ഡോ. അംബേദ്കര്‍ക്കുണ്ടായിരുന്നു. ദേശീയപ്രശ്‌നങ്ങളില്‍ പുരോഗമനപരമായ തീരുമാനമെടുക്കാന്‍ കഴിയും. ബിഎസ്പിയുടെ കാര്യത്തില്‍ കാന്‍ഷിറാം ചില ധീരമായ ചുവടുവയ്പുകള്‍ നടത്തിയിരുന്നു. പിന്നാക്കക്കാര്‍ക്ക് രാഷ്ട്രീയനേതൃത്വമില്ല എന്നദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുന്നതിനുവേണ്ടി അദ്ദേഹം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. ഇതിന്റെ ഫലമായാണ് വി പി സിങ് ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിച്ചത്. ലഖ്‌നോയില്‍ ചേര്‍ന്ന സന്ന്യാസി സന്‍സദ്, ഭരണഘടനാ ഭേദഗതിക്കായി സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ ഡല്‍ഹിയില്‍ കാന്‍ഷിറാം റാലി സംഘടിപ്പിച്ചു. ബിഎസ്പി അംഗങ്ങള്‍ പാര്‍ലമെന്റ് സ്തംഭിപ്പിച്ചു. ഇതെല്ലാം സംഘപരിവാരത്തിന്റെ നീക്കങ്ങളെ പിന്നോട്ടടിപ്പിച്ചു.

പില്‍ക്കാലത്ത് ബിഎസ്പി നിലപാടുകളില്‍ വെള്ളം ചേര്‍ത്തെന്ന വിമര്‍ശനമുണ്ട്?
ഉ: തീര്‍ച്ചയായും ആ വിമര്‍ശനത്തില്‍ കഴമ്പുണ്ട്. അടിസ്ഥാനപരമായ സാമ്പത്തികനയം സംബന്ധിച്ച് കാഴ്ചപ്പാടില്ലാത്തതും ദേശീയപ്രശ്‌നം സംബന്ധിച്ച് വ്യക്തതയില്ലാത്തതുമൊക്കെ ബിഎസ്പിയെ പ്രയാസത്തിലാക്കിയിട്ടുണ്ട്. കേരളത്തിലെ ബിഎസ്പിക്ക് ഇവിടത്തെ നവോത്ഥാനവുമായി ബന്ധപ്പെട്ട രാഷ്ട്രീയനയം രൂപപ്പെടുത്താന്‍ സാധിച്ചിട്ടില്ല. കേരളത്തിലെ രാഷ്ട്രീയ നിലപാടുകളുമായി പൊരുത്തപ്പെടുന്ന സമീപനം അവരുടെ നേതൃത്വത്തിനില്ല. കേരളത്തില്‍ ബഹുജനസമരത്തിലൂടെ മാത്രമേ രാഷ്ട്രീയമായി മുന്നേറാന്‍ കഴിയുകയുള്ളൂ. എന്നാല്‍, ഇവിടത്തെ ബിഎസ്പി നേതൃത്വം ബഹുജനസമരങ്ങള്‍ ഏറ്റെടുക്കുന്നില്ല. ഒരുഘട്ടത്തില്‍ ഞങ്ങള്‍ക്ക് ദലിതരുടെ വോട്ട് വേണ്ട, ബഹുജനങ്ങളുടെ വോട്ട് മതി എന്നവര്‍ പ്രഖ്യാപിച്ചു. പക്വമായ രാഷ്ട്രീയനേതൃത്വം ബിഎസ്പിക്കില്ല. വായനയും പഠനവുമുള്ള നേതൃത്വമില്ല.

ദലിത് ബുദ്ധിജീവികള്‍ ദലിതരുടെ പ്രശ്‌നങ്ങളുയര്‍ത്തിയുള്ള സമരങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്നവരാണ് എന്ന വിമര്‍ശനം ചെങ്ങറ സമരനായകന്‍ ളാഹ ഗോപാലന്‍ ഉന്നയിക്കുകയുണ്ടായി. ചുമ്മാ വാചകമടി മാത്രമായി നടക്കുന്നു എന്നാണു വിമര്‍ശനം?
ഉ: ഞാനടക്കമുള്ള ദലിത് ബുദ്ധിജീവികള്‍ സമരം ചെയ്‌തോ എന്ന പ്രശ്‌നം അത്ര പ്രധാനപ്പെട്ടതല്ല. കേരളത്തിലെ ഭൂപ്രശ്‌നം സാമൂഹിക പ്രശ്‌നമെന്ന നിലയില്‍ വളരെക്കാലമായി ബുദ്ധിജീവികള്‍ ഉന്നയിച്ചിട്ടുണ്ട്. കേരളത്തിലെ ഭൂപരിഷ്‌കാരത്തിന്റെ പരിമിതികളെക്കുറിച്ച് 1965ലാണ് കാതറിന്‍ ഗഫ് ആദ്യമായി വിമര്‍ശനമുയര്‍ത്തുന്നത്. ഇവിടത്തെ ഭൂപരിഷ്‌കാരത്തിന് ഒരു പ്രതിലോമസ്വഭാവമുണ്ടെന്ന് കാതറിന്‍ ഗഫ് എഴുതി. ദലിതനെ അന്യവല്‍ക്കരിക്കുകയാണ് ഭൂപരിഷ്‌കാരം ചെയ്തത് എന്നായിരുന്നു വിമര്‍ശനം. എം കുഞ്ഞാമനെ പോലുള്ളവര്‍ ഭൂപരിഷ്‌കാരത്തിന്റെ പരിമിതിയെക്കുറിച്ച് പഠനങ്ങള്‍ തയ്യാറാക്കി. 65 ശതമാനം ഭൂപരിഷ്‌കാരത്തിനു പുറത്തായി എന്നുള്ളത് ചെറിയ പ്രശ്‌നമല്ല. ദലിതര്‍ക്ക് കുടികിടപ്പിനുള്ള അവകാശമേയുള്ളൂ. കൃഷിഭൂമിക്കുള്ള അവകാശമില്ല. കൃഷിഭൂമി കര്‍ഷകന് എന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുദ്രാവാക്യമനുസരിച്ചാണ് ഭൂപരിഷ്‌കാരം നടപ്പായത്. ദലിതര്‍ കര്‍ഷകരല്ല, അവര്‍ കേവലം കര്‍ഷകത്തൊഴിലാളികള്‍ മാത്രമാണ്. ഒരു സമുദായമെന്ന നിലയില്‍ ദലിതര്‍ ഭൂപരിഷ്‌കാരത്തിനു പുറത്തായി. ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശാസ്ത്രീയമായ പഠനത്തിന്റെ പിന്‍ബലമില്ലാതെ വൈകാരികതയുടെ ബലത്തിലാണ് ചെങ്ങറയിലുള്‍പ്പെടെ സമരം നടത്തിയത്. ളാഹ ഗോപാലനെ പോലുള്ളവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ ശാസ്ത്രീയമായി വിശകലനം ചെയ്തു സമരം നയിക്കാനുള്ള ശേഷിയില്ല. ചെങ്ങറയില്‍ 7,000 പേരാണ് ഭൂസമരത്തില്‍ പങ്കെടുത്തത്.
ഒടുവില്‍ 500 പേര്‍ക്ക് അരയേക്കര്‍ വീതം കിട്ടി. രാഷ്ട്രീയസമരമായി വളരേണ്ട സമരം അലസിപ്പോയി. ഭൂരഹിതരായ ദലിതരുടെ ഇച്ഛയില്‍നിന്നുണ്ടായ സമരമായിരുന്നു അത്. ഞങ്ങള്‍ നടത്തുന്ന എഴുത്തും പ്രചാരണപ്രവര്‍ത്തനങ്ങളും ഒക്കെ ദലിതരില്‍ അവബോധമുണര്‍ത്തുകയാണു ചെയ്യുന്നത്. ദലിത് ബുദ്ധിജീവികള്‍ നിരവധി ജനാധിപത്യപ്രസ്ഥാനങ്ങളിലൂടെ കടന്നുവന്നവരാണ്. ചെങ്ങറയിലെ സമരസഹായസമിതിയോട് ഐക്യദാര്‍ഢ്യം പുലര്‍ത്തി അതിന്റെ വൈസ് ചെയര്‍മാനായി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സണ്ണി കപിക്കാട് അതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അവസരസമത്വത്തിനുവേണ്ടിയുള്ള നിരവധി പോരാട്ടങ്ങളില്‍ ഞങ്ങളുണ്ട്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുള്ള സമരങ്ങള്‍, ജാതിവിരുദ്ധ സമരങ്ങള്‍ തുടങ്ങി നിരവധി സമരങ്ങളില്‍ പങ്കെടുത്ത അനുഭവങ്ങള്‍ ദലിത് ബുദ്ധിജീവികള്‍ക്കുണ്ട്.

(അവസാനിക്കുന്നില്ല.)
Next Story

RELATED STORIES

Share it